‘ഇവൻ വായ് തുറക്ക കൂടാത്’; ബി.ജെ.പിക്കാരിൽനിന്ന് കൊലപാതക _ ബലാത്സംഗ ഭീഷണിയെന്ന് നടൻ സിദ്ധാർഥ്
ചെന്നൈ: 24 മണിക്കൂറിനിടെ തനിക്കും കുടുംബത്തിനും േനരെ 500ഓളം കൊലപാതക -ബലാത്സംഗ ഭീഷണികളാണ് ബി.ജെ.പി പ്രവർത്തകരിൽനിന്ന് നേരിടുന്നതെന്ന് വ്യക്തമാക്കി തമിഴ് നടൻ സിദ്ധാർഥ്. തമിഴ്നാട്ടിലെ ബി.ജെ.പി പ്രവർത്തകർ തൻറെ ഫോൺനമ്ബർ ചോർത്തിയെന്നും 500ഓളം ഭീഷണി സന്ദേശങ്ങളാണ് ലഭിക്കുന്നതെന്നും സിദ്ധാർഥ് ട്വീറ്റ് ചെയ്തു.
‘എൻറെ ഫോൺനമ്ബർ തമിഴ്നാട് ബി.ജെ.പിയും ബി.ജെ.പി ഐ.ടി സെല്ലും ചോർത്തി. 24 മണിക്കൂറിനിടെ 500ൽ അധികം കൊലപാതക- ബലാത്സംഗ ഭീഷണി സന്ദേശങ്ങളാണ് തനിക്കും തൻറെ കുടുംബത്തിനും ലഭിച്ചത്. എല്ലാ നമ്ബറുകളും (ബി.ജെ.പി ബന്ധമുള്ളവയാണ്) പൊലീസിന് കൈമാറി.
ഞാൻ നിശബ്ദനാകില്ല. ശ്രമിച്ചുകൊണ്ടിരിക്കൂ’ -പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ടാഗ് ചെയ്ത് സിദ്ധാർഥ് ട്വീറ്റ് ചെയ്തു. ബി.ജെ.പി പ്രവർത്തകരുടെ കമൻറുകൾ പങ്കുവെച്ച് മറ്റൊരു ട്വീറ്റും സിദ്ധാർഥ് കുറിച്ചു.
‘നിരവധി സമൂഹമാധ്യമ പോസ്റ്റുകളിൽ ഒരു പോസ്റ്റാണിത്. തമിഴ്നാട് ബി.ജെ.പി പ്രവർത്തകർ തെൻറ മൊബൈൽ നമ്ബർ കഴിഞ്ഞദിവസം ചോർത്തി ജനങ്ങളോട് തന്നെ ആക്രമിക്കാനും അപമാനിക്കാനും ആഹ്വാനം ചെയ്യുകയായിരുന്നു. ‘ഇവൻ ഇനിമേല വായ തുറക്ക കൂടാത്’ (ഇവൻ ഇനിയൊരിക്കലും വായ് തുറക്കാൻ പാടില്ല). നമ്മൾ കോവിഡിനെ അതിജീവിച്ചേക്കാം. ഇത്തരക്കാരെ അതിജീവിക്കുേമാ?’ -സിദ്ധാർഥ് കുറിച്ചു.
കേന്ദ്രസർക്കാറിൻറെ ജനേദ്രാഹ നടപടികൾക്കെതിരെ നിരന്തരം പ്രതികരിക്കുന്ന വ്യക്തിയാണ് സിദ്ധാർഥ്. കേന്ദ്രസർക്കാർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പരാജയപ്പെട്ടതിനെതിരെയും ഓക്സിജൻ ക്ഷാമത്തിനെതിരെയും രംഗത്തെത്തിയിരുന്നു.