ജലീലിന്റെ അമ്പ് തറച്ചത് സിപിഎമ്മിന്റെ നെഞ്ചത്ത്
കൊണ്ടോട്ടി: മുന്‍ മന്ത്രി കെ.ടി. ജലീല്‍ കള്ളപ്പണത്തിന്റെ പേരില്‍ ഉയര്‍ത്തിവിട്ട ആരോപണങ്ങള്‍ സത്യത്തില്‍ തിരിച്ചടി നല്‍കുന്നത് സിപിഎമ്മിന്. സിമിയുടെ മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.ടി. ജലീല്‍ മുസ്ലീം വിഘടനവാദികളുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധത എത്രത്തോളമാണെന്ന് കാണിച്ചുതരികയാണ് ചെയ്യുന്നതെന്നാണ് ചില സിപിഎം നേതാക്കള്‍ പറയുന്നത്. എആര്‍ നഗര്‍ സഹകരണ ബാങ്കിലെ കള്ളപ്പണക്കാരുടെ ലിസ്റ്റ് പുറത്തുവന്നാല്‍ അതില്‍ ഭൂരിഭാഗവും സിപിഎമ്മുകാരുടേതാകുമെന്നാണ് പാര്‍ട്ടിയുടെ പേടി.
ഈ വിഷയത്തില്‍ അനാവശ്യമായി ഇടപെടരുതെന്നാണ് ജലീലിനോട് സിപിഎം ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം മുന്‍നിര്‍ത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ജലീലിനെ നേരിട്ടു വിളിച്ചുവരുത്തി സംസാരിച്ചത്. സഹകരണ സംഘങ്ങളിലെ വിഷയം ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചാല്‍ കേന്ദ്രമന്ത്രി അമിത് ഷാ ഇക്കാര്യങ്ങളില്‍ നേരിട്ടിടപെടും. കേന്ദ്രത്തില്‍ സഹകരണവകുപ്പിന്റെ ചുമതല അമിത് ഷായ്ക്കാണ്. ഇതാണ് സിപിഎമ്മിനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നത്.
കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിഖിന് മൂന്നു കോടി രൂപ അനധികൃത നിക്ഷേപമുണ്ട് എന്ന് കണ്ടെത്തിയത് കൊട്ടിഘോഷിച്ചാണ് ജലീല്‍ രംഗത്തെത്തിയത്. എന്നാല്‍ സിപിഎം മലപ്പുറം ജില്ല സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസിന്റെ ഒമ്പതു ബന്ധുക്കളുടെ പേരില്‍ ഇതേ ബാങ്കില്‍ ഉള്ള കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തിന്റെ കണക്കുകള്‍ ജലീല്‍ ആരോടും പറഞ്ഞില്ല.
മോഹന്‍ദാസിന്റെ സഹോദരീഭര്‍ത്താവും എആര്‍ നഗര്‍ സഹകരണ ബാങ്ക് മുന്‍ സെക്രട്ടറിയും ഇപ്പോഴത്തെ അഡ്മിനിസ്‌ട്രേറ്ററുമായ വി.കെ. ഹരികുമാറിനെതിരെ ജലീല്‍ ആഞ്ഞടിച്ചു. ഹരികുമാര്‍ കുഞ്ഞാലിക്കുട്ടിയുടെ ബിനാമിയാണെന്നും ഹരികുമാറാണ് കുഞ്ഞാലിക്കുട്ടിക്ക് കള്ളപ്പണം ഒളിപ്പിക്കാന്‍ കൂട്ടുനിന്നതെന്നുമെല്ലാം ജലീല്‍ മാധ്യമങ്ങളോട് വിളിച്ചു പറഞ്ഞു. ഹരികുമാറിന്റെ ഭാര്യകൂടിയായ ബാങ്കിന്റെ അസിസ്റ്റന്റ് സെക്രട്ടറി ഇ.എന്‍. ചന്ദ്രിക, ഇവരുടെ മക്കളായ ഹേമ, രേഷ്മ, ജില്ല സെക്രട്ടറിയുടെ മറ്റ് ബന്ധുക്കളായ ഇ.എന്‍. ഗോവിന്ദന്‍, ബിജുരാജ്, മനു ബാലകൃഷ്ണന്‍, ഇ.എന്‍. ശ്രീനാരായണ്‍, ഇ.എന്‍. ജയശ്രീ എന്നിവരുടെ ബാങ്കിലെ 47 അക്കൗണ്ടുകളിലായുള്ള കോടിക്കണക്കിന് രൂപ് ആദായനികുതിവകുപ്പ് കണ്ടുകെട്ടി. ഇക്കാര്യം ജലീല്‍ പറഞ്ഞില്ല.
പക്ഷേ തനിക്കില്ലാത്ത നീതി മറ്റാര്‍ക്കും വേണ്ടെന്ന നിലപാടാണ് ജലീലിന്റേതെന്ന് സിപിഎം വിചാരിച്ചാല്‍ അതില്‍ തെറ്റില്ല. എആര്‍ നഗര്‍ബാങ്കില്‍ ബിനാമി അക്കൗണ്ടുകള്‍ വഴി കോടികളുടെ അഴിമതിയും ക്രമക്കേടും നടത്തിയെന്ന് സഹകരണ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ ബാങ്ക് സെക്രട്ടറി വി.കെ. ഹരികുമാറിനെ വിരമിച്ച ശേഷം സഹകരണ നിയമത്തിനു വിരുദ്ധമായി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി വഴിവിട്ട് നിയമിച്ചത് മുന്‍ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്.
എസ്എസ്എല്‍സിയും ജെഡിസിയും മാത്രം വിദ്യാഭ്യാസയോഗ്യതയുള്ള ഹരികുമാറിനെയാണ് സംസ്ഥാനത്താദ്യമായി വിദഗ്ധനെന്ന നിലയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി നിയമിച്ചതെന്ന ആരോപണവും സിപിഎം നേതൃത്വത്തെ വെട്ടിലാക്കുന്നുണ്ട്. അഴിമതിക്കാരനാണെന്ന് സഹകരണ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ ഹരികുമാറിനെ ബാങ്കിങ് മേഖല ആധുനീകരിക്കാനുള്ള സംസ്ഥാനതല കമ്മിറ്റിയില്‍ സ്ഥാനവും നല്‍കിയിട്ടുണ്ട്.
ലീഗിന്റെ കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്നതിന് പ്രത്യുപകാരമായി മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അബ്ദള്‍ റഷീദിന്റെ മകന്‍ അസീമിന് മുസ്ലിം ലീഗ് ഭരിക്കുന്ന വേങ്ങര സഹകരണബാങ്കില്‍ ജോലിയും നല്‍കിയതായി ആരോപണമുയര്‍ന്നിട്ടുണ്ട്. മലപ്പുറത്ത് സഹകരണമേഖലയിലെ സിപിഎം- മുസ്ലിം ലീഗ് അന്തര്‍ധാരപുറത്തുവന്നാല്‍ സിപിഎം വെട്ടിലാകും.
അതുകൊണ്ടാണ് ജലീലിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ രംഗത്തെത്തിയത്. കേരളത്തിലെ സഹകരണ മേഖലയില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇടപെടുന്നതിലുള്ള അതൃപ്തിയാണെന്ന് പുറത്തുപറയുമ്പോഴും രഹസ്യഇടപാടുകളുടെ ഉള്ളറകള്‍ പുറത്തുവരാതിരിക്കാനാണ് ഇത്തരം നാടകങ്ങള്‍ എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.