Editor's ChoiceKerala NewsLatest NewsLocal NewsNews

പ്രബന്ധങ്ങളിൽ അക്ഷര – വാക്യ പിശകുകൾ കടന്നു കൂടുക സാധാരണമാണെന്ന് ജലീൽ

ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്റെ പി.എച്ച്.ഡി പ്രബന്ധവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ജലീലിന്റെ ഫേസ്ബുക് പോസ്റ്റ്‌. ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റിൽ ചിന്ത പുബ്ലിക്കേഷനും, ഡി സി ബുക്‌സും പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചതിനെ പറ്റിയാണ് മുഖ്യമായും പറഞ്ഞിട്ടുള്ളത്. യൂണിവേഴ്സിറ്റിയിൽ സമർപ്പിച്ച പ്രബന്ധത്തിലെ അക്ഷര തെറ്റുകളെപ്പറ്റിയോ, വ്യാകരണ പിശകുകളെപ്പറ്റിയോ പരാമർശിച്ചിട്ടില്ല. ഇതേപ്പറ്റിയാണ് മുഖ്യമായും ആരോപണവും, പരാതിയും ഉണ്ടായിരിക്കുന്നത്. അക്ഷരത്തെറ്റുകളും, വ്യാകരണ പിശകുകളും ഉള്ള പ്രബന്ധത്തിനു എങ്ങനെ ഡോക്ടറേറ്റ് നൽകിയെന്നാണ് ഇക്കാര്യത്തിൽ മുഖ്യമായും ചോദ്യം ഉയർന്നിരിക്കുന്നത്. അക്കാലത്ത് ഭരണത്തിലിരുന്ന സർക്കാർ ഏതെന്നോ, വൈസ് ചാൻസിലർ ആരെന്നോ അല്ല മുഖ്യമായ കാര്യം.
സുദീർഘമായ പ്രബന്ധങ്ങളിൽ അക്ഷര – വാക്യ പിശകുകൾ കടന്നു കൂടുക സാധാരണമാണെന്നും, ഉദ്ധരണികളിൽ നമ്മളായിട്ട് മാറ്റത്തിരുത്തലുകൾ വരുത്തുന്നതും അനുചിതമാകുമല്ലോ എന്നും, ഏതാനും സ്ഥലങ്ങളിൽ വരാവുന്ന അത്തരം ടൈപ്പിംഗ് തെറ്റുകൾ പ്രസിദ്ധീകരണ സമയത്ത് തിരുത്തുവാനാണ് സാധാരണയായി മൂല്യനിർണേതാക്കൾ പറയാറുള്ളത് എന്നും സമര്ഥിച്ചിരിക്കുന്ന മന്ത്രി ജലീൽ അത് കഴിവിൻ്റെ പരമാവധി പാലിക്കാൻ തിസീസ് പ്രസിദ്ധീകരിച്ചപ്പോൾ ശ്രമിച്ചിട്ടുണ്ടെന്നും ഇതേ ഫേസ് ബുക്ക് പോസ്റ്റിൽ തന്നെ സമ്മതിച്ചിച്ചിട്ടുണ്ട്.
പ്രബന്ധങ്ങളിൽ അക്ഷര – വാക്യ പിശകുകൾ കടന്നു കൂടുക സാധാരണമാണെന്നാണ് മന്ത്രി ജലീൽ ഇക്കാര്യത്തിൽ പറഞ്ഞിരിക്കുന്നത്.
അക്ഷര – വാക്യ പിശകുകൾ ഉള്ള പ്രബന്ധത്തിനായിരുന്നു ജലീലിന് ഡോക്ടറേറ്റ് കിട്ടിയതെന്ന് പരാതിക്കാരുടെ ആരോപണം ഇതോടെ ശരിയെന്നു
ജലീൽ തന്നെ സമ്മതിച്ചിരിക്കുകയാണ്. പി.എച്ച്.ഡി തിസീസ് മെച്ചപ്പെട്ടതാണോ അല്ലയോ എന്ന് പരിശോധിക്കാൻ താൽപര്യമുള്ള ആർക്കും വാങ്ങി വായിക്കാവുന്നതാണെന്നാണ് ഫേസ് ബുക്ക് പോസ്റ്റിൽ ജലീൽ പറഞ്ഞിരിക്കുന്നത്. പി.എച്ച്.ഡി തീസീസ് ആരും കാണാതെ അട്ടത്ത് വെക്കുകയല്ല ചെയ്തത് ജനസമക്ഷം സമർപ്പിക്കുകയാണ് ചെയ്‌തതെന്നും, അങ്ങാടിയിൽ തോറ്റതിന് എന്തിനാ അമ്മയുടെ മെക്കട്ട് കയറുന്നത്? പാവം ആ ഗവേഷണ പ്രബന്ധം എന്തു പിഴച്ചു? എന്നും ജലീൽ ഫേസ് ബുക്കിൽ കുറിച്ചിരിക്കുന്നു.

ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ.

എൻ്റെ ഗവേഷണ പ്രബന്ധത്തിൻ്റെ ഇംഗ്ലീഷിലുള്ള രണ്ടാം പതിപ്പ് ” Revisiting Malabar Rebellion 1921″ എന്ന പേരിൽ ഇന്ത്യയിലെതന്നെ ഏറ്റവും വലിയ പ്രസാധക കമ്പനികളിലൊന്നായ ഡിസി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൻ്റെ ഇ കോപ്പിയും ലഭ്യമാണ്. ചിന്താ പബ്ലിക്കേഷൻസ് പ്രബന്ധൻ്റെ മലയാള വിവർത്തനം “മലബാർകലാപം ഒരു പുനർവായന” എന്ന തലക്കെട്ടിലും പുറത്തിറക്കിയിട്ടുണ്ട്. ഏഴു പതിപ്പുകൾ ഇതിനകം പ്രസ്തുത പുസ്തകം അച്ചടിച്ചുകഴിഞ്ഞു. ഇതിൻ്റെയും ഇ കോപ്പി റൈറ്റ് ഡിസി ബുക്സിനാണ് നൽകിയിട്ടുള്ളത്.
ആർക്കുവേണമെങ്കിലും പുസ്തകത്തിൻ്റെ കോപ്പികൾ ഡിസി ബുക്സിൻ്റെ ഷോറൂമുകളിലും ദേശാഭിമാനി ബുക്ക് ഹൗസുകളിലും ലഭിക്കും. എൻ്റെ Ph.D തിസീസ് മെച്ചപ്പെട്ടതാണോ അല്ലയോ എന്ന് പരിശോധിക്കാൻ താൽപര്യമുള്ളവർക്ക് ഇവിടങ്ങളിൽനിന്ന് വാങ്ങി വായിക്കാവുന്നതാണ്. ഞാനെൻ്റെ പി.എച്ച്.ഡി തിസീസ് ആരും കാണാതെ അട്ടത്ത് കെട്ടിവെക്കുകയല്ല ചെയ്തത്. ജനസമക്ഷം സമർപ്പിക്കുകയാണ് ചെയ്തത്.

2016 – 2017 കാലയളവിൽ രചിക്കപ്പെട്ട കേരള ചരിത്രവുമായ ബന്ധപ്പെട്ട മികച്ച ഗ്രന്ഥത്തിനുള്ള ‘തനിമ’ അവാർഡ് “മലബാർകലാപം ഒരു പുനർവായന” എന്ന ഞാൻ എഴുതിയ ഗവേഷണ പ്രബന്ധത്തിനാണ് ലഭിച്ചത്. ഇടതുപക്ഷ സഹയാത്രികരുടെ കൂട്ടായ്മയല്ല ‘തനിമ’. എന്നെ മുഖ്യശത്രുവായി മുദ്രകുത്തി യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള മീഡിയവൺ, മാധ്യമം കുടുംബത്തിൻ്റെ സാംസ്കാരിക സംഘടനയാണത്. അവരുടെ കയ്യും കാലും പിടിച്ച് ഒപ്പിച്ചെടുത്തതല്ല അവാർഡെന്നർത്ഥം.

എൻ്റെ തിസീസിൻ്റെ ഏറ്റവും വലിയ പോരായ്മയായി പരാതിക്കാർ ചൂണ്ടിക്കാണിക്കുന്ന വാചകം ഇങ്ങിനെ;
“The researcher seems to have approached the topic with a biased mind: he has not bothered to point out the most unfortunate fallout of the Mappila Rebellion”.
(പക്ഷപാതപരമായ മനസ്സോടെയാണ് ഗവേഷകൻ വിഷയത്തെ സമീപിച്ചിട്ടുള്ളത്. മാപ്പിള കലാപത്തിന്റെ ഏറ്റവും നിർഭാഗ്യകരമായ വീഴ്ച (അണുപ്രസരണം) ചൂണ്ടിക്കാണിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടില്ല). പരാതിക്കടിസ്ഥാനം എന്തെന്ന് ഈ വാചകത്തിൽ നിന്നുതന്നെ സുവ്യക്തമാണ്. മലബാർകലാപം വർഗീയ കലാപമാണെന്നും അതിനു നേതൃത്വം നൽകിയ വാരിയംകുന്നത്തും ആലി മുസ്ല്യാരും വർഗീയവാദികളായിരുന്നു എന്നുമുള്ള കോൺഗ്രസ് – സംഘി വാദം നിരവധി ഉദ്ധരണികളുടെ പിൻബലത്തിൽ പൊളിച്ചടുക്കി യഥാർത്ത ചരിത്രം വെളിച്ചത്തു കൊണ്ടുവരാനാണ് ശ്രമിച്ചത്. അതിലുള്ള കലിപ്പും അസഹിഷ്ണുതയുമാണ് പുറമെ ഖദറും ഉള്ളിൽ കാക്കി നിക്കറും ധരിച്ച “സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി”ക്കാരുടെ പരാതിക്കാധാരമെന്ന് ചുരുക്കും. മലബാറിൽ നടന്ന ധീരമായ സ്വാതന്ത്ര്യസമര പോരാട്ടത്തെ തള്ളിപ്പറയാനും അതിനെ മതഭ്രാന്തൻമാർ നടത്തിയ മതലഹളയാക്കാനുമാണ് പരാതിക്കാരുടെ പുറപ്പാടെങ്കിൽ, തെളിവുകൾ നിരത്തി അവസാനശ്വാസംവരെയും അതിനെ പ്രതിരോധിക്കാൻ ഈയുള്ളവനുണ്ടാകും.

ഏതൊരു പുസ്തകവും അങ്ങേയറ്റത്തെ വിമർശന ബുദ്ധിയോടെയും വർഗ്ഗീയ മനസ്സോടെയും വായിച്ചാൽ ചെറിയ ചെറിയ കുറ്റങ്ങളും കുറവുകളും വിയോജിപ്പുകളും ആർക്കും കണ്ടെത്താം. എൻ്റെ പ്രബന്ധത്തിന് മൗലികതയുണ്ടോയെന്ന് പറയേണ്ടത് അക്കാഡമീഷ്യൻസും വായനക്കാരുമാണ്. അല്ലാതെ പകൽ കോൺഗ്രസ്സും, രാത്രി ആർ.എസ്.എസ്സുമായ സ്യൂഡോ സെക്കുലരിസ്റ്റുകളല്ല.

ഗവർണ്ണർക്കും പത്രങ്ങൾക്കും നൽകിയ പരാതിയുടെ അർത്ഥശൂന്യത ചൂണ്ടിക്കാണിക്കാൻ ചില കാര്യങ്ങളും കൂടി സൂചിപ്പിക്കട്ടെ.

1) വിദഗ്ധരായ മൂല്യനിർണേതാക്കൾ 15 വർഷങ്ങൾക്കുമുമ്പ് മൂല്യനിർണയം നടത്തി ശുപാർശ ചെയ്താണ്‌, എനിക്ക് Ph.D ലഭിച്ചത്. അന്ന് കേരളത്തിൽ UDF സർക്കാരും കേരള സർവകലാശാലയിൽ UDF നിശ്ചയിച്ച വിസിയുമായിരന്നു. മൂല്യനിർണയ സമയത്തോ, തുറന്ന വാചാ പരീക്ഷാസമയത്തോ, ആരും പറയാത്ത കാര്യങ്ങളാണ് ഇപ്പോൾ ഉന്നയിക്കുന്നത്.

2) ചരിത്ര ഗവേഷണത്തിൽ പൂർവപഠനങ്ങളിലെ നിഗമനങ്ങൾ ക്രോഡീകരിക്കുകയും, അവയിലൂന്നി പുതിയ വസ്തുത കണ്ടെത്തുന്നതും പുതിയ കാര്യമല്ല. ഇക്കാര്യം കൊണ്ടു തന്നെ ചരിത്രത്തിൽ ഇതര വിഷയങ്ങളെ അപേക്ഷിച്ച് ഉദ്ധരണികൾ കൂടുതലുണ്ടാകുക സ്വാഭാവികമാണ്. എല്ലാ വിവരപ്രഭവവും (Source) ഫൂട്ട് നോട്ടായും എൻ്റെ നോട്ടായും രേഖപ്പെടുത്തിയിട്ടുണ്ട്.

3) കൃത്യമായ പരികൽപനയിൽ (Hypothesis) തുടങ്ങിയ ഗവേഷണം, പ്രാഥമികവും ദ്വിതീയവുമായ ദത്തങ്ങളുടെ (Data) പിൻബലത്തിൻ, ഗവേഷണാരംഭത്തിലെ പരികൽപനയെ സാധൂകരിക്കുകയാണ് ഉണ്ടായത്. അങ്ങനെ ലഭിച്ച ഫലം എങ്ങനെയാണ് പക്ഷപാതപരമാകുക?

4) സുദീർഘമായ പ്രബന്ധങ്ങളിൽ അക്ഷര – വാക്യ പിശകുകൾ കടന്നു കൂടുക സാധാരണമാണ്. ഉദ്ധരണികളിൽ നമ്മളായിട്ട് മാറ്റത്തിരുത്തലുകൾ വരുത്തുന്നതും അനുചിതമാകുമല്ലോ. ഏതാനും സ്ഥലങ്ങളിൽ വരാവുന്ന അത്തരം ടൈപ്പിംഗ് തെറ്റുകൾ പ്രസിദ്ധീകരണ സമയത്ത് തിരുത്തുവാനാണ് സാധാരണയായി മൂല്യനിർണേതാക്കൾ പറയാറുള്ളത്. അത് കഴിവിൻ്റെ പരമാവധി പാലിക്കാൻ തിസീസ് പ്രസിദ്ധീകരിച്ചപ്പോൾ ശ്രമിച്ചിട്ടുമുണ്ട്.

എനിക്കെതിരെ കൊണ്ടുവരുന്ന ആരോപണങ്ങൾ ഒന്നൊന്നായി ചീട്ടുകൊട്ടാരം പോലെ തകർന്നടിയുമ്പോൾ പുതിയ ആരോപണങ്ങളുമായി ശത്രുക്കൾ രംഗത്തുവരുന്നത് ഏതൊക്കെ വിധത്തിലാണ്? അങ്ങാടിയിൽ തോറ്റതിന് എന്തിനാ അമ്മയുടെ മെക്കട്ട് കയറുന്നത്? പാവം ആ ഗവേഷണ പ്രബന്ധം എന്തു പിഴച്ചു?

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button