കൊച്ചി നാവികാസ്ഥാനവും ഷിപ്പ് യാർഡും ആക്രമിക്കാൻ ഭീകരർ പദ്ധതിയിട്ടു.

എൻ ഐ എ അറസ്റ്റ് ചെയ്ത അൽ ഖായിദ പരിശീലിപ്പിച്ച ഒമ്പതു തീവ്രവാദികൾ കൊച്ചി നാവിക ആസ്ഥാനവും ഷിപ്പ് യാർഡും ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായി എൻ ഐ എ. ഡൽഹി, കൊച്ചി, മുംബൈ എന്നിവിടങ്ങളിൽ ആക്രമണം നടത്താൻ പാക്കിസ്ഥാൻ ആസ്ഥാനമായ അൽ ഖായിദ പരിശീലിപ്പിച്ച ഒമ്പതു തീവ്രവാദികളാണ് കേരളത്തിലും, ബംഗാളിനുമായി അറസ്റ്റിലായത്. അറസ്റ്റിലായ എല്ലാവരും ബംഗാൾ സ്വദേശികളാണ്. കൊച്ചി നാവിക ആസ്ഥാനവും ഷിപ്പ് യാർഡും ആക്രമിക്കാൻ ഇവർക്ക് പരിപാടിയുണ്ടായിരുന്നു. റെയ്ഡുകൾ തുടരുകയാണെന്നും കൂടുതൽ അറസ്റ്റ് ഉണ്ടായേക്കാമെന്നും എന്‍ഐഎ പറഞ്ഞിട്ടുണ്ട്.
ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളിൽ ആക്രമണം നടത്തി സാധാരണക്കാരായ ജനങ്ങളെ കൊലപ്പെടുത്തുന്നതിനാണ് ഭീകരർ ലക്ഷ്യമിട്ടിരുന്നതെന്ന് എൻഐഎ അറിയിച്ചു. ഇവരുടെ കയ്യിൽനിന്ന് വിവിധ രേഖകള്‍, മൊബൈല്‍ ഫോണുകള്‍, ലഘുലേഖകള്‍, നാടന്‍ തോക്കുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പാക്കിസ്ഥാനിൽ പരിശീലനം സിദ്ധിച്ച ഈ ഭീകരർ ഡൽഹിയടക്കമുള്ളിടത്ത് ആക്രമണം നടത്താൻ ലക്ഷ്യമിട്ടിരുന്നതായും എൻഐഎ പറയുന്നു.
കേരളത്തിൽ ഭീകരർക്ക് ഒളിത്താവളം ഒരുക്കുകയും സഹായം നല്‍കുകയും ചെയ്തവരെക്കുറിച്ചും എൻ ഐ എ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. കേരളത്തില്‍ ഐഎസ് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് യുഎന്‍ റിപ്പോര്‍ട്ട് വരികയും കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വെളിപ്പെടുത്തുകയും ചെയ്തതിനു പിറകെയാണ് കൊച്ചിയില്‍ അല്‍ ഖായിദ ഭീകരര്‍ പിടിയിലാവുന്നത്.
കൊച്ചിയിലും, ഡല്‍ഹിയിലെ വിവിധ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താനായി സംഘം വന്‍തോതില്‍ ഫണ്ട് സമാഹരണം നടത്തി വരുകയായിരുന്നു. ആയുധങ്ങളും സ്ഫോടകവസ്തുക്കളും സംഘടിപ്പിക്കാനായി ഡല്‍ഹിയിലേക്കു പോകാന്‍ ചിലര്‍ തയാറെടുക്കുന്നതിനിടെയാണ് അറസ്റ്റ് നടക്കുന്നത്. പുലര്‍ച്ചെ നടത്തിയ തിരച്ചിലില്‍ ആറു പേരെ ബംഗാളിലെ മുര്‍ഷിദാബാദില്‍നിന്നും മൂന്നു പേരെ കൊച്ചിയില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. കേരളത്തിൽ അറസ്റ്റ് ചെയ്തവരെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കി എൻ ഐ എ കസ്റ്റഡിയില്‍ വാങ്ങും.
കേരളത്തിലും കര്‍ണാടകയിലും ഐഎസ് ഭീകരരുടെ സാന്നിധ്യം കാര്യമായ രീതിയില്‍ ഉണ്ടെന്നായിരുന്നു യുഎന്‍ റിപ്പോർട്ട് ചെയ്തിരുന്നത്. അല്‍ ഖായിദയുടെ 150 മുതല്‍ 200 വരെ ഭീകരര്‍ ഇന്ത്യ, പാക്കിസ്ഥാന്, ബംഗ്ലദേശ്, മ്യാന്മര് എന്നിവിടങ്ങളിലുണ്ടെന്നും അവര്‍ മേഖലയില്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയാണെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പരാമർശിച്ചിരുന്നതാണ്.
അനലിറ്റിക്കല്‍ സപ്പോര്‍ട്ട് ആന്‍ഡ് സാങ്ഷന്‍സ് മോണിറ്ററിങ് സംഘമാണ് ഐഎസ്, അല്‍ ഖായിദ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അല്‍ ഖായിദയുടെ പ്രവര്‍ത്തനങ്ങള്‍ അഫ്ഗാനിസ്ഥാനിലെ നിംറുസ്, ഹെല്‍മന്ദ്, കാണ്ഡഹാര്‍ എന്നിവിടങ്ങളിലെ താലിബാന്റെ നിയന്ത്രണത്തിലാണെന്നും വിവരങ്ങളുണ്ട്. വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നായി 150 മുതല്‍ 200 വരെ ഭീകരരാണു സംഘത്തിലുള്ളതെന്നും റിപ്പോര്‍ട്ടില്‍ യു എൻ പറഞ്ഞിരുന്നതാണ്. ഇന്ത്യയില്‍ തങ്ങളുടെ പ്രവിശ്യ സ്ഥാപിച്ചതായി ഈ കഴിഞ്ഞ മേയില്‍ ഐഎസ് ഭീകരസംഘം പ്രഖ്യാപിച്ചിരുന്നു. കശ്മീരില്‍ ഭീകരരും സുരക്ഷാസേനയും ഏറ്റുമുട്ടിയതിനു പിന്നാലെയാണ് ഇവരുടെ സജീവ നീക്കാം ഉണ്ടാകുന്നത്.