ജലീൽ രാജിവെക്കില്ല, അതിനായി ആരും സമരം ചെയ്യേണ്ട, കോടിയേരി.

മന്ത്രി കെ.ടി.ജലീൽ രാജി വയ്ക്കാൻ പോകുന്നില്ലെന്നും അതിന്റെ പേരിൽ ആരും സമരം നടത്തേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി. ജലീൽ രാജിവയ്ക്കേണ്ടതില്ലെന്നും ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും സെക്രട്ടേറിയറ്റിൽ പൊതുഅഭിപ്രായമുണ്ടായതായും, സർക്കാരിനെതിരെയുള്ള സമരങ്ങളിൽ ഗുണ്ടകളെ ഇറക്കി ബോധപൂർവം അക്രമം നടത്തുകയാണെന്ന് സെക്രട്ടേറിയറ്റ് ആരോപിച്ചതായും, കോടിയേരി പറഞ്ഞു. ജലീൽ വിഷയത്തിൽ നിജസ്ഥിതി വെളിപ്പെടുത്താൻ പ്രചാരണം നടത്താൻ പാർട്ടി തീരുമാനിച്ചു. 25, 26 തീയതികളിൽ സംസ്ഥാന സെക്രട്ടേറിയറ്റും കമ്മറ്റിയും ചേരുന്നുണ്ട്. ഇതിനുശേഷം പ്രചാരണ പരിപാടികൾ തീരുമാനിക്കുന്നതാണ്.
ജോസ് കെ.മാണി വിഭാഗത്തെ മുന്നണിയിലെടുക്കുന്ന കാര്യം സെക്രട്ടേറിയറ്റ് ചർച്ച ചെയ്തില്ല. ജോസ് കെ.മാണി രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചാൽ എൽഡിഎഫ് നിലപാട് എടുക്കുമെന്നും സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്തില്ലെന്നും കോടിയേരി പറഞ്ഞു. അവർ യുഡിഎഫ് വിട്ടത് സ്വാഗതാർഹമാണ്. ഇന്നു ചേരുന്ന എൽഡിഎഫ് യോഗവും ഇക്കാര്യം ചർച്ച ചെയ്യില്ലെന്നും കോടിയേരി പറയുകയുണ്ടായി.
മന്ത്രി കെ.ടി.ജലീലിന്റെ രാജി സിപിഎം അംഗീകരിക്കുന്നില്ല. കേസ് റജിസ്റ്റർ ചെയ്താൽ പലരേയും ചോദ്യം ചെയ്യും. അതുകൊണ്ട് അവരെല്ലാം കേസിൽ പ്രതിയാകില്ല. അന്വേഷണ ഏജൻസികൾ സ്വതന്ത്രമായി അന്വേഷിച്ച് നിഗമനത്തിലെത്തട്ടെ. എൻഫോഴ്സ്മെന്റ് ഡയറക്ടറ്ററേറ്റിനെ സിപിഎം കുറ്റപ്പെടുത്തിയിട്ടില്ലെന്നു കൂടി കോടിയേരി പറഞ്ഞു. ഇഡി ഡയറക്ടറുടെ നടപടി അസാധാരണം എന്നാണ് പാർട്ടി പ്രസ്താവനയിൽ പറഞ്ഞത്. അന്വേഷണത്തെ സർക്കാരോ പാർട്ടിയോ തടസപ്പെടുത്തിയിട്ടില്ല. നിയമപരമായി കാര്യങ്ങൾ നടക്കട്ടെ. ഇഡിയെ പലയിടത്തും രാഷ്ട്രീയ ആവശ്യത്തിനു ഉപയോഗിച്ചിട്ടുണ്ട്. കേന്ദ്ര അന്വേഷണ ഏജൻസികളെക്കുറിച്ച് ഓരോ സമയത്തും കിട്ടുന്ന വിവരം പാർട്ടി പറയുന്നത് സ്വാഭാവികമാണ്. അന്വേഷണം ബിജെപിയിലേക്കു പോകുന്നില്ല. അന്വേഷണ സംഘത്തെ അടിക്കടി മാറ്റുന്നു. ഇത്തരം പരാതിയുള്ളപ്പോൾ പാർട്ടി അക്കാര്യങ്ങൾ ചൂണ്ടിക്കാട്ടും. എന്നാൽ, അന്വേഷണ ഏജൻസികൾ പ്രവർത്തിക്കണ്ട എന്ന നിലപാട് സിപിഎമ്മിനില്ലെന്നും കോടിയേരി പറഞ്ഞു.
ആസൂത്രിതമായ അട്ടിമറി ശ്രമമാണ് ഇപ്പോൾ സർക്കാരിനെതിരെ നടക്കുന്നത്. ജനത്തെ അണിനിരത്തി ഇതിനെതിരെ പ്രചാരണം നടത്തും. സമരത്തെ എൽഡിഎഫ് ഭയപ്പെടുന്നില്ല. ജനപിന്തുണയില്ലാതെ സമരം ഒറ്റപ്പെടും. എൽഡിഎഫിനു തുടർഭരണം എന്ന പ്രചാരണമുണ്ടായപ്പോഴാണ് യുഡിഎഫ് സമരവുമായി ഇറങ്ങിയത്. വലതുപക്ഷ ശക്തികളുടെ യുദ്ധമാണ് എൽഡിഎഫിനെതിരെ നടക്കുന്നതെന്നും കോടിയേരി പറയുകയുണ്ടായി.