
തുടർച്ചയായി മൂന്നാം ദിവസവും ഇന്ത്യയിൽ പുതിയ കൊവിഡ് സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം 75,000നു മുകളിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 76,472 പേർക്ക് ആണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിലെ മൊത്തം രോഗബാധിതർ 34,63,972 ആയി. വീണ്ടും ആയിരത്തിലേറെ പേരുടെ മരണം ഒരു ദിവസം സ്ഥിരീകരിച്ചു. അവസാന 24 മണിക്കൂറിൽ 1,021 പേർ മരിച്ചെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. രാജ്യത്തെ കൊവിഡ് മരണസംഖ്യ ഇതോടെ 62,550ൽ എത്തി.
റിക്കവറി നിരക്ക് 76.47 ശതമാനമായി ഉയർന്നു. രോഗമുക്തരായവർ 26.49 ലക്ഷത്തിനടുത്താണ്. മരണനിരക്ക് 1.81 ശതമാനമായി താഴ്ന്നിട്ടുണ്ട്. 7,52,424 ആക്റ്റിവ് കേസുകളാണ് ഇപ്പോഴുള്ളത്. മൊത്തം കേസ് ലോഡിന്‍റെ 21.72 ശതമാനം. ഓഗസ്റ്റ് 23നാണ് രാജ്യത്തെ മൊത്തം കേസുകൾ 30 ലക്ഷം കടന്നത്. രോഗവ്യാപനത്തിൽ മറ്റു സംസ്ഥാനങ്ങളെക്കാൾ ഏറെ മുന്നിലുള്ള മഹാരാഷ്ട്രയിൽ തുടർച്ചയായി 14,000ൽ അധികം കേസുകൾ പ്രതിദിനം റിപ്പോർട്ടു ചെയ്യുകയാണിപ്പോൾ. 14,361 കേസുകളാണ് അവസാന 24 മണിക്കൂറിൽ കണ്ടെത്തിയത്. മൊത്തം കേസുകൾ 7.48 ലക്ഷത്തിന് തൊട്ടടുത്തെത്തി. 331 പേർ കൂടി സംസ്ഥാനത്തു മരിച്ചു. യുപിയിലെ മൊത്തം കൊവിഡ് മരണം 23,775 ആയിട്ടുണ്ട്. 1.80 ലക്ഷത്തിലേറെ പേരാണ് ഇപ്പോൾ സംസ്ഥാനത്തു ചികിത്സയിലുള്ളത്. മുംബൈ നഗരത്തിൽ മാത്രം 1.42 ലക്ഷം രോഗബാധിതരും 7,565 മരണവുമുണ്ട്. 19,407 പേരാണ് മുംബൈയിൽ ചികിത്സയിലുള്ളത്. പൂനെ നഗരത്തിൽ 96,000ലേറെ രോഗബാധിതർ. 2,475 മരണം.
തമിഴ്നാട്ടിൽ 4.09 ലക്ഷം കേസുകളാണുള്ളത്. ഇതിൽ 3.49 ലക്ഷം പേർ രോഗമുക്തരായി. 7,050 പേർ ഇതുവരെ മരിച്ചു. ആന്ധ്രയിലും നാലു ലക്ഷത്തിലേറെയാണു കേസുകൾ. 3714 പേർ ഇതുവരെ സംസ്ഥാനത്തു മരിച്ചു. കർണാടകയിൽ 3.18 ലക്ഷവും ഉത്തർപ്രദേശിൽ 2.13 ലക്ഷവും കേസുകളുണ്ട്. 5,368 പേർ കർണാടകയിലും 3,294 പേർ യുപിയിലും മരിച്ചു. ഡൽഹിയിൽ തുടർച്ചയായി രണ്ടാം ദിവസവും 1800ലേറെ പുതിയ കേസുകൾ കണ്ടെത്തി. മൊത്തം രോഗബാധിതർ 1.69 ലക്ഷത്തിലേറെ. ഇതിൽ ഇപ്പോൾ ചികിത്സയിലുള്ളത് 13,350 പേരാണ്. മരണസംഖ്യ 4,389 ആയി ഉയർന്നിട്ടുണ്ട്. മൊത്തം രോഗബാധിതർ പശ്ചിമ ബംഗാളിൽ 1.53 ലക്ഷവും ബിഹാറിൽ 1.30 ലക്ഷവും കവിഞ്ഞു. ഒഡിശയിലും ഗുജറാത്തിലും ഏറ്റവും വലിയ പ്രതിദിന വർധനയാണ് അവസാന 24 മണിക്കൂറിൽ. 3,682 പേർക്കാണ് ഒഡിശയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം കേസുകൾ 95,000ന് അടുത്തെത്തി. ഗുജറാത്തിൽ 1,272 പേർക്കു കൂടിയാണു രോഗം കണ്ടെത്തിയത്. മൊത്തം കേസുകൾ 92,000ലേറെയായി.