ജനശതാബ്ദി, വേണാട് എക്‌സ്പ്രസുകള്‍ റദ്ദാക്കില്ല,ഉത്തരവ് പിൻവലിച്ചു

യാത്രക്കാരുടേയും സംസ്ഥാന സര്‍ക്കാരിന്റേയും പ്രതിഷേധം കണക്കിലെടുത്ത് ജനശതാബ്ദി, വേണാട് എക്‌സ്പ്രസുകള്‍ റദ്ദാക്കാനുള്ള തീരുമാനം റെയില്‍വേ പിന്‍വലിച്ചു.
തിരുവനന്തപുരം കോഴിക്കോട്, തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി സ്‌പെഷ്യലുകളും തിരുവനന്തപുരം എറണാകുളം വേണാട് സ്‌പെഷ്യലുമാണ് ഈ മാസം 12 മുതല്‍ റദ്ദാക്കാന്‍ തീരുമാനിച്ചിരുന്നത്. കൊവിഡ് സാഹചര്യത്തില്‍ യാത്രക്കാരുടെ കുറവ് അനുഭവപ്പെട്ടതോടെയാണ് ജനശതാബ്ദി, വേണാട് എക്‌സ്പ്രസുകള്‍ നിര്‍ത്തലാക്കാന്‍ റെയില്‍വേ തീരുമാനിച്ചത്.
റെയില്‍വേയുടെ നടപടിക്കെതിരെ മന്ത്രി ജി സുധാകരന്‍ രംഗത്തെത്തിയിരുന്നു. റെയില്‍വേയുടേത് കടുത്ത അതിക്രമമെന്ന് മന്ത്രി ട്വന്റിഫോറിനോട് പ്രതികരിച്ചു. കേരളത്തില്‍ നിരവധി പേരാണ് ട്രെയിന്‍ ഗതാഗതത്തെ ആശ്രയിക്കുന്നത്. മൂന്ന് ട്രെയിനുകള്‍ നിര്‍ത്തലാക്കുന്നത് പ്രതികൂലമായി ബാധിക്കും. ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് നടപടി സ്വീകരിക്കുന്നതിന് പരിമിധിയുണ്ട്. കേരളത്തെ പരിഗണിക്കാന്‍ കേന്ദ്രം തയ്യാറാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.