CrimeLatest NewsLaw,NationalNewsTech

പ്രതിരോധ അഴിമതി കേസിൽ 19 വർഷത്തിന് ശേഷം വിധി, ജയ ജയ്റ്റ്‌ലിക്ക് നാല് വർഷം തടവുശിക്ഷയും,ഒരു ലക്ഷം പിഴയും.

സമത പാർട്ടി മുൻ അദ്ധ്യക്ഷ ജയ ജയ്റ്റ്ലിക്ക് പ്രതിരോധ അഴിമതിക്കേസിൽ നാല് വർഷത്തെ തടവുശിക്ഷ. ഇന്ത്യൻ ആർമിക്ക് ഹാൻഡ് ഹെൽഡ് തെർമൽ ഇമേജറുകൾ വാങ്ങാനുള്ള ഇടപാടുമായി ബന്ധപ്പെട്ട 2001ലെ കേസിലാണ് ഡൽഹിയിലെ സി.ബി.ഐ പ്രത്യേക കോടതി, ജയ ജയ്റ്റ്ലിക്കും മറ്റ് രണ്ട് പേർക്കും ശിക്ഷവിധിച്ചത്. മൂന്ന് പ്രതികൾക്കും ഒരു ലക്ഷം രൂപ വീതം പിഴയും കോടതി വിധിച്ചു. മൂന്ന് പ്രതികൾക്കും അഴിമതിയിലും ഗൂഢാലോചനയിലും പങ്കുള്ളതായാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.

ജയ ജയ്റ്റ്ലിക്ക് ഏഴ് വർഷമെങ്കിലും തടവുശിക്ഷ വിധിക്കണമെന്നാണ് സി.ബി.ഐ ആവശ്യപ്പെട്ടത്. ജയ്റ്റ്ലിയും മറ്റ് രണ്ട് പേരും കുറ്റക്കാരാണെന്ന് ഈ മാസം 26ന് കോടതി കണ്ടെത്തിയിരുന്നു. ജയ ജയ്റ്റ്ലി രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി കോടതിക്ക് ബോദ്ധ്യപ്പെട്ടു. വീഡിയോകോൺഫറൻസിംഗ് വഴിയായിരുന്നു കോടതി നടപടി. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി കോടതിയിൽ കീഴടങ്ങാനാണ് ജയ ജയ്റ്റ്ലി അടക്കമുള്ള മൂന്ന് പ്രതികളോടും കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ജോർജ് ഫെർണാണ്ടസിന്റെ ക്ഷണപ്രകാരം സോഷ്യലിസ്റ്റ് ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലൂടെ ജനതാ പാർട്ടിയിലെത്തിയ ജയ ജയ്റ്റ്ലി പിന്നീട് ഫെർണാണ്ടസിനൊപ്പം ജനതാദളിലേയ്ക്ക് ചേക്കേറുകയായിരുന്നു. പിന്നീട് ഫെർണാണ്ടസിനൊപ്പം സമത പാർട്ടി സ്ഥാപിച്ചു.

ഓപ്പറേഷൻ വെസ്റ്റ് എൻഡ് എന്ന് പേരുള്ള തെഹൽക്കയുടെ 2001 ജനുവരിയിലെ ഒളിക്യാമറ ഓപ്പറേഷനാണ് കേസിലേയ്ക്ക് നയിക്കുന്നത്. പ്രതിരോധ ഇടപാടുകാരെന്ന വ്യാജേനയാണ് തെഹൽക സംഘം ജയ ജയ്റ്റ്ലി അടക്കമുള്ളവരെ കാണുകയായിരുന്നു. സാങ്കൽപ്പിക കമ്പനിയുടെ പേര് പറഞ്ഞായിരുന്നു കൂടിക്കാഴ്ച നടത്തിയത്. കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ തെഹൽക്ക സംഘം ഒളിക്യാമറയിൽ പകർത്തിയതോടെ സംഭവം വിവാദമായി. പ്രതിരോധ മന്ത്രിയായിരുന്ന ജോർജ് ഫെർണാണ്ടസിന്റെ ഔദ്യോഗികവസതിയിലായിരുന്നു കൂടിക്കാഴ്ച നടന്നത് എന്നത് സംഭവത്തിന് ഗൗരവം വർധിപ്പിച്ചു. പ്രതിരോധ ഇടപാടിലെ അഴിമതിയെക്കുറിച്ചുള്ള തെഹൽക റിപ്പോർട്ടിനെ തുടർന്ന് 2001 മാർച്ച് 16ന് ജോർജ്ജ് ഫെർണാണ്ടസ് പ്രതിരോധ മന്ത്രി സ്ഥാനം രാജി വെക്കേണ്ടി വന്നു. തുടർന്ന്,അതെ വർഷം തന്നെ ഒക്ടോബറിൽ ഫെർണാണ്ടസ് പ്രതിരോധ മന്ത്രിയായി മടങ്ങിയെത്തി. തെഹൽക്ക ഓപ്പറേഷനോടെ ജയ ജയ്റ്റ്ലി സമത പാർട്ടി പ്രസിഡന്റ് സ്ഥാനം രാജി വെക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button