‘ജയകൃഷ്ണൻ നേരിട്ടത് ക്രൂരമായ ദേഹോപദ്രവം’; മുൻ കോന്നി സിഐ മധുബാബുവിനെതിരെ മുൻ എസ്പിയുടെ റിപ്പോർട്ട്

എസ്എഫ്‌ഐയുടെ മുൻ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജയകൃഷ്ണൻ തണ്ണിത്തോട് നേരിട്ട പൊലീസ് മർദ്ദനവുമായി ബന്ധപ്പെട്ട്, മുൻ എസ്പി ഹരിശങ്കർ തയ്യാറാക്കി ഡിജിപിക്ക് അയച്ച റിപ്പോർട്ട് പുറത്ത്. കോന്നിയിലെ മുൻ സിഐ മധുബാബുവിനെതിരെ നടപടി ആവശ്യപ്പെട്ടാണ് റിപ്പോർട്ട്.
പരാതിക്കാരനായ ജയകൃഷ്ണനെ മധുബാബു ക്രൂരമായി മർദ്ദിച്ചതായി റിപ്പോർട്ടിൽ വ്യക്തമാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ മെഡിക്കൽ പരിശോധനയിൽ അദ്ദേഹത്തിന്റെ മുഖത്തും ശരീരത്തും പരിക്കുകൾ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ജയകൃഷ്ണൻ തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ കുറച്ച് ദിവസം ചികിത്സ തേടിയിരുന്നുവെന്നും രേഖകളിൽ പറയുന്നു.
സിഐ മധുബാബു ആവർത്തിച്ച് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും, അദ്ദേഹത്തിന്റെ പ്രവൃത്തികൾ ഗുരുതരമായ അധികാരദുരുപയോഗവും അച്ചടക്കലംഘനവുമാണെന്നും മുൻ എസ്പിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. പൊലീസ് സേനയുടെ വിശ്വാസ്യതയ്ക്കു തന്നെ കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് മധുബാബു നടത്തിയതെന്നും, അദ്ദേഹത്തിനെതിരെ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്നുമാണ് ശുപാർശ.
കുന്നംകുളം, പീച്ചി പൊലീസ് സ്റ്റേഷനുകളിലെ കസ്റ്റഡി മർദ്ദനങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് ജയകൃഷ്ണൻ തന്റെ അനുഭവങ്ങൾ തുറന്നു പറഞ്ഞത്. യുഡിഎഫ് ഭരണകാലത്ത് കോന്നി സിഐയായിരുന്ന മധുബാബു തന്നെയാണ് തനിക്ക് ലോക്കപ്പ് മർദ്ദനവും മൂന്നാംമുറക്കും ഏൽപ്പിച്ചതെന്ന് ജയകൃഷ്ണൻ ആരോപിച്ചു. കാലിന്റെ വെല്ല് പൊട്ടിക്കുക, ചെവിയുടെ ഡയഫ്രം തകർക്കുക, കണ്ണിലും ശരീരത്തും മുളക് സ്പ്രേ അടിക്കുക തുടങ്ങിയ ക്രൂരതകൾ സഹിക്കേണ്ടിവന്നതായി അദ്ദേഹം വെളിപ്പെടുത്തി.
ആറ് മാസം മെഡിക്കൽ കോളേജിൽ ചികിത്സ തേടേണ്ടി വന്നെന്നും, തന്റെ പാർട്ടി നൽകിയ സംരക്ഷണമാണ് താൻ ഇന്ന് ജീവനോടെ ഇരിക്കുന്നതിന് കാരണം എന്നും ജയകൃഷ്ണൻ പറഞ്ഞു. അന്നത്തെ എസ്പി ഹരിശങ്കർ തന്നെ മാതൃകാപരമായി അന്വേഷണം നടത്തി മധുബാബുവിനെതിരെ നടപടിക്ക് ശുപാർശ ചെയ്തിരുന്നുവെങ്കിലും, അതിനു പിന്നാലെ നടപടി ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോഴും മധുബാബുവിനെതിരെ നിയമ പോരാട്ടം തുടരുകയാണെന്നും ജയകൃഷ്ണൻ വ്യക്തമാക്കി.
Tag: ‘Jayakrishnan faced brutal physical abuse’; Former SP’s report against former Konni CI Madhubabu