പെണ്ണ് മത്സരിക്കില്ലെന്നന്ന് പറഞ്ഞു, ചേലക്കരയില്‍ ദലിത് ലീഗ് വനിതാ നേതാവെന്ന് സൂചന

തൃശൂര്‍: നിയമസഭ തെരഞ്ഞെടുപ്പ് സീറ്റ് വിഭജന ചര്‍ച്ച മുറുകുന്നതിനിടെ തൃശൂര്‍ ജില്ലയില്‍ ഒരുസീറ്റ് കൂടി ആവശ്യപ്പെട്ട് മുസ്ലിം ലീഗ്. സംവരണ മണ്ഡലമായ ചേലക്കരയാണ് ലീഗ് കോണ്‍ഗ്രസ് നേതൃത്വത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവില്‍ ഗുരുവായൂര്‍ മാത്രമാണ് ജില്ലയില്‍ ലീഗിനുള്ളത്. വനിതലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജനെ മത്സരിപ്പിക്കാനാണ് ചേലക്കര ആവശ്യപ്പെടുന്നതെന്നാണ് സൂചന. ദലിത് ലീഗ് വനിതവിഭാഗം സംസ്ഥാന പ്രസിഡന്റാണ് ഇവര്‍. പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു.
വയനാട് ഇരളം സ്വദേശിയായ ഇവര്‍ ഇത്തവണ പുല്പള്ളി ഗ്രാമപഞ്ചായത്തിലേക്ക് മത്സരിച്ചിരുന്നു. സ്ത്രീസ്ഥാനാര്ഥിത്വത്തില് സമസ്തയുടെ നിലപാടെന്താവുമെന്ന ആശങ്കയാണ് ലീഗ് നേതൃത്വത്തിനുള്ളത്. എന്നാല്‍, മുസ്ലിം ഇതര വനിതയാണെന്ന മറുവാദമാകും ഇതിനായി നേതൃത്വം ഉന്നയിക്കുക. സീറ്റ് നല്‍കാമെന്നാണ് കോണ്‍ഗ്രസ് ലീഗ് നേതൃത്വത്തെ പ്രാഥമിക ചര്‍ച്ചയില്‍ അറിയിച്ചതെന്ന് പറയുന്നു.
എന്നാല്‍, ഇക്കാര്യത്തില്‍ ജില്ലയിലെ കോണ്‍ഗ്രസില്‍നിന്ന് അഭിപ്രായം തേടിയിട്ടില്ലെന്നാണ് പറയുന്നത്. ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റും കെ.പി.സി.സി സെക്രട്ടറിയുമായ സി.സി. ശ്രീകുമാര്‍ ചേലക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
നേരത്തേ കെ.ബി. ശശികുമാര്‍ ഇവിടെ രണ്ടുതവണ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ശശികുമാറും കെ.പി.സി.സി മുന്‍ സെക്രട്ടറി എന്‍.കെ. സുധീറും ചേലക്കര സീറ്റിനായി രംഗത്തുണ്ട്.