ജറുസലേം വെടിവയ്പ്പ്; ആറുപേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
ജറുസലേമിൽ തിങ്കളാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളും സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചു.
റാമോട്ട് ജംഗ്ഷനിൽ വാഹനത്തിൽ എത്തിയ അക്രമികൾ ബസ് സ്റ്റോപ്പിനെയാണ് ലക്ഷ്യമിട്ടത്. സംഭവസമയത്ത് അവിടെ ഉണ്ടായിരുന്ന ഒരു സൈനികനും ചില സാധാരണക്കാരും തിരിച്ചടിച്ച് വെടിയുതിർക്കുകയായിരുന്നു. ഇതിലൂടെ അക്രമികളെന്ന് സംശയിക്കുന്ന രണ്ടുപേരെയും അവിടെവെച്ച് വധിക്കാനായി എന്ന് ഇസ്രായേൽ പൊലീസ് അറിയിച്ചു.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സംഭവസ്ഥലം സന്ദർശിച്ച് പ്രതികരിച്ചു. “ഇപ്പോൾ ഇസ്രായേൽ ഭീകരവാദത്തിനെതിരെ കടുത്ത യുദ്ധത്തിലാണ്. ഭീകരർ വന്ന ഗ്രാമങ്ങളെ വളഞ്ഞും പിന്തുടർന്നും നടപടി തുടരുന്നു,” അദ്ദേഹം പറഞ്ഞു. വെടിവെപ്പ് നടത്തിയവർ വെസ്റ്റ് ബാങ്കിൽ നിന്നുള്ള പലസ്തീനികളാണെന്നും, അവർ റാമല്ലയുടെ തെക്കുകിഴക്കുള്ള ഖത്തന്നയും അൽ-ഖുബൈബയും സ്വദേശികളാണെന്നും വിവരം പുറത്തുവന്നു.
“ഗാസ മുനമ്പിൽ പോരാട്ടം തുടരുകയാണ്. ഹമാസിനെ തകർക്കും, എല്ലാ ബന്ദികളെയും മോചിപ്പിക്കും എന്നത് പോലെ തന്നെ ഞങ്ങളുടെ പ്രതിജ്ഞ പാലിക്കും,” എന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
Tag: Jerusalem shooting: Six killed, several injured