സർക്കാർ ചിലവിൽ പോലീസ് ജീപ്പിൽ പെൺ സുഹൃത്തുമായി നാട് ചുറ്റിയ സി.ഐക്ക് പണി കിട്ടി.

പൊള്ളുന്ന ഇന്ധന വിലക്കിടെ സർക്കാർ ചിലവിൽ പോലീസ് ജീപ്പിൽ പെൺ സുഹൃത്തുമായി നാട് ചുറ്റിയ സി.ഐക്ക് കേരള പോലീസ് പണികൊടുത്തു. പൊലീസ് ജീപ്പിൽ യുവതിയുമായി നാട് ചുറ്റിയ സി.ഐ യെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. കണ്ണൂർ ഇരിട്ടി കരിക്കോട്ടക്കരി സി.ഐ സി.ആർ സിനുവിനെയാണ് സസ്‌പെന്‍റ് ചെയ്തത്. സി ഐ പെൺ സുഹൃത്തുമൊത്ത് നാട് ചുറ്റുമ്പോൾ സ്വന്തം ചുമതലയുള്ള പോലീസ് ജീപ്പിന്റെ കാര്യത്തിൽ സർവീസ് ചട്ടങ്ങൾ ലംഘിച്ച ഡ്രൈവർ ഷബീറിനെ കണ്ണൂർ എ.ആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ഇരിട്ടിക്കടുത്തുള്ള യുവതി അസമയത്ത് എറണാകുളം സ്വദേശിയായ സി.ഐക്കൊപ്പം പൊലീസ് ജീപ്പിൽ ആളൊഴിഞ്ഞ പ്രദേശത്തുകൂടി സഞ്ചരിച്ചതാണ് സി ഐ യുടെ ജോലി തെറിയ്ക്കാൻ കാരണമായത്.
ജില്ലാ പൊലീസ് മേധാവിക്ക് വാട്സ് ആപ്പിൽ കിട്ടിയ പരാതി ഡി.സി.ആർ.ബി. ഡി.വൈ.എസ്.പി പി .പ്രേമരാജൻ പ്രാഥമിക അന്വേഷണം നടത്തിയതിനെ തുടർന്നാണ് സി ഐയെ അന്വേഷണ വിധയമായി സസ്‌പെന്‍റ് ചെയ്യുന്നത്. എന്നാൽ എറണാകുളത്ത് ജോലി ചെയ്തിരുന്ന യുവതിയുമായി അക്കാലത്തുള്ള പരിചയം കാരണം സൗഹൃദ സംഭാഷണം മാത്രമായിരുന്നു എന്നാണ് സി.ഐ യുടെ വിശദീകരണം. കണ്ണൂർ അഡിഷണൽ എസ്.പി പ്രജീഷ് തോട്ടത്തിലാണ് ഇത് സംബന്ധിച്ച തുടർ അന്വേഷണം നടത്തി വരുന്നത്.