ജ്ഞാനപീഠ പുരസ്‌കാരം അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് സമ്മാനിച്ചു;

പാലക്കാട്: അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം സമർപ്പിച്ചു. കവിയുടെ കുമാരനല്ലൂരിലെ വീട്ടിൽ നടന്ന ചടങ്ങിലാണ് പുരസ്‌കാരം സമർപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ ചടങ്ങിൻറെ ഉദ്ഘാടനം നിർവ്വഹിക്കുകയും സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ പുരസ്‌കാരം സമർപ്പിക്കുകയും ചെയ്തു.
മലയാളത്തിലെ മഹാകവികളുടെ പരമ്പരയിൽ ഇന്നും നമ്മോടൊപ്പമുള്ള ഏക കവിയാണ് അക്കിത്തം അച്യുതൻ നമ്ബൂതിരി. തന്റെ മനഃസാക്ഷിക്കനുസരിച്ച് കാലത്തോട് പ്രതികരിച്ച അക്കിത്തത്തിന്റെ കവിതകളിൽ മനുഷ്യസങ്കീർത്തനമാണ് ഉയർന്നുകേട്ടത്. മാനവികതാവാദവും അഹിംസാവാദവും അദ്ദേഹത്തിൻറെ കവിതകളുടെ അന്തർധാരയാണ്.
ജ്ഞാനപീഠ സെലക്ഷൻ കമ്മിറ്റി ചെയർപേഴ്‌സൺ പ്രതിഭാ റോയ്, ഭാരതീയ ജ്ഞാനപീഠം ഡയറക്ടർ മധുസൂദനൻ ആനന്ദ്, പിആർഒ ദേബബ്രത ഗോസ്വാമി, എംടി വാസുദേവൻ നായർ എന്നിവർ ഓൺലൈനിലൂടെ ചടങ്ങിന്റെ ഭാഗമായി. ആത്മരാമൻ തയ്യാറാക്കിയ അക്കിത്തത്തിന്റെ ജീവചരിത്ര ഗ്രന്ഥവും ചടങ്ങിൽ പ്രകാശനം ചെയ്തു.