കോവിഡിനെതിരെയുളള സാമൂഹിക മാധ്യമങ്ങളിലെ തെറ്റായ വിവരം ‘ജനങ്ങളെ കൊല്ലുന്നു’വെന്ന് ജോ ബൈഡന്‍
വാഷിങ്ടണ്‍: കോവിഡ് വാക്സിനുകളെ കുറിച്ചും കോവിഡിനെ കുറിച്ചും സാമൂഹിക മാധ്യമങ്ങള്‍ നല്‍കുന്ന തെറ്റായ സൂചനകള്‍ ജനങ്ങളെ കൊന്നൊടുക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ‘അവര്‍ ജനങ്ങളെ കൊല്ലുകയാണെന്നും വാക്സിന്‍ എടുക്കാത്തവരില്‍ മാത്രമാണ് ഇപ്പോള്‍ മഹാമാരിയുടെ ഭീഷണി നിലനില്‍ക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
സാമൂഹിക മാധ്യമ കമ്പനികളോട് വ്യാജ പ്രചരണങ്ങളടങ്ങുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ വൈറ്റ് ഹൗസ് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് വാക്സിനുകളെ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ വന്‍തോതില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതിനാല്‍ ജനങ്ങള്‍ വാക്സിന്‍ സ്വീകരിക്കുന്നതില്‍ വിമുഖരാക്കുന്നതായി വൈറ്റ് ഹൗസ് പറയുന്നു.
രാജ്യത്ത് കോവിഡ് മരണസംഖ്യയില്‍ പെട്ടെന്നുണ്ടായ വര്‍ധനവ് വാക്സിന്‍ സ്വീകരിക്കുന്നതിലെ അനാസ്ഥ മൂലമാണെന്നും കൂടാതെ കോവിഡ് ബാധിക്കുന്നതില്‍ ഭൂരിഭാഗവും വാക്സിന്‍ സ്വീകരിക്കാത്തവരാണെന്നും ആരോഗ്യമേഖലാ അധികൃതര്‍ പറയുന്നു. ‘വാക്സിനെടുക്കാത്തവരുടെ മഹാമാരി’യായി കോവിഡ് മാറുകയാണെന്ന് ആരോഗ്യമേഖലയിലെ ഉന്നത ഉദ്യോഗസ്ഥനായ റോഷല്‍ വാലന്‍സ്‌കി വ്യക്തമാക്കി. രാജ്യത്ത് വാക്സിന്‍ ലഭ്യത സുഗമമാണെങ്കിലും വാക്സിന്റെ വിശ്വാസ്യതയെ കുറിച്ചുള്ള വ്യാജപ്രചരണങ്ങളെ തുടര്‍ന്ന് ജനങ്ങള്‍ വാക്സിനെടുക്കാന്‍ വിമുഖത കാണിക്കുന്നതായി വൈറ്റ് ഹൗസ് പറയുന്നു.സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാക്സിന്‍ വിരുദ്ധ പോസ്റ്റുകള്‍ ജനങ്ങളെ അവിശ്വാസ്യതയിലേക്ക് തള്ളിവിടുകയാണെന്നും വൈറ്റ് ഹൗസ് കുറ്റപ്പെടുത്തി.
ശരിയായ വിവരമാണ് പ്രചരിക്കുന്നതെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം സാമൂഹിക മാധ്യമ കമ്പനികള്‍ക്കുണ്ടെന്നും എന്നാല്‍ തങ്ങളുടെ ഉത്തരവാദിത്വം ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ളവ മറക്കുന്നതായും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി ആരോപിച്ചു. മറ്റ് പ്ലാറ്റ്ഫോമുകളേക്കാള്‍ കൂടുതല്‍ ഉപയോക്താക്കള്‍ ഫെയ്‌സ്ബുക്കിലാണുളലതെന്നും അതിനാല്‍ ഇത്തരത്തിലുള്ള പോസ്റ്റുകള്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് പ്രത്യേകിച്ച് ഫെയ്‌സ്ബുക്കിനോട് അവര്‍ ആവശ്യപ്പെട്ടു. കോവിഡിനെ കുറിച്ചും കോവിഡ് വാക്സിനുകളെ കുറിച്ചും തെറ്റായ വിവരം നല്‍കുന്ന പോസ്റ്റുകള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിച്ചതായി ഫെയ്‌സ്ബുക്ക് നേരത്തെ അറിയിച്ചിരുന്നു. ഇത്തരത്തിലുള്ള ഒരു 18 മില്യണ്‍(ഒരു കോടി പതിനെട്ട് ലക്ഷം) പോസ്റ്റുകള്‍ നീക്കം ചെയ്തു കഴിഞ്ഞതായി ഫെയ്‌സ്ബുക്ക് പറഞ്ഞു.