കേന്ദ്രത്തിനെതിരെ സംയുക്ത പ്രസ്താവനയുമായി 14 പ്രതിപക്ഷ പാര്‍ട്ടികള്‍
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ സംയുക്ത പ്രസ്താവനയുമായി പ്രതിപക്ഷം രംഗത്ത്. വര്‍ഷകാല സമ്മേളനത്തില്‍ പെഗാസസ്-കാര്‍ഷിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചുകൊണ്ടെയിരിക്കുകയാണ്.
എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ വിവാദ വിഷയങ്ങളില്‍ അഭിപ്രായം പ്രകടിപ്പിക്കാതെ വരുമ്പോഴാണ് പ്രതിപക്ഷം പാര്‍ലമെന്റില്‍ പ്രതിഷേധ പ്രകടനം ഉയര്‍ത്തുന്നത്. അതിനാല്‍ പാര്‍ലമെന്റില്‍ ഉയരുന്ന പ്രശ്‌നങ്ങള്‍ക്കും ഇരു സഭകളും ചേര്‍ന്നുള്ള ചര്‍ച്ചകളും നടക്കാത്തതിന് കാരണം കേന്ദ്രസര്‍ക്കാരാണെന്ന് ആരോപിച്ചായിരുന്നു സംയുക്ത പ്രസ്താവനയുമായി പ്രതിപക്ഷം എത്തിയത്.
14 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്നാണ് സംയുക്ത പ്രസ്താവനയുമായി വന്നത്. കഴിഞ്ഞ ദിവസം പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന് മറുപടി ആയാണ് സംയുക്ത പ്രസ്താവന ഇറക്കിയിരിക്കുന്നത്.
പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം സുഗമമായി നടത്താന്‍ അനുവദിക്കാത്ത തരത്തിലുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഭരണഘടനയേയും ജനാധിപത്യത്തേയും പാര്‍ലമെന്റിനേയും ജനങ്ങളേയും അപമാനിക്കുന്നതാണെന്നാണ് മോദി പറഞ്ഞിരുന്നു. ഇതിന് മുന്‍പ് നടന്ന യോഗത്തിലും ഇത്തരത്തില്‍ പ്രധാനമന്ത്രിയും മറ്റു കേന്ദ്ര മന്ത്രിമാരും പ്രതിപക്ഷത്തെ വിമര്‍ശിച്ചിരുന്നു.