സർവകക്ഷി യോഗത്തിൽ ജോസഫിന്റെ കസേര ജോസ് കെ മാണി കൊണ്ടുപോയി.

മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ ജോസഫ് പുറത്തും, ജോസ് കെ മാണി അകത്തുമായി. ചുരുക്കത്തിൽ ഇന്നലെ വരെ സർവകക്ഷി യോഗങ്ങളിൽ ജോസഫിന് കിട്ടിയിരുന്ന കസേര ജോസ് കെ മാണി കൊണ്ടുപോയി.
ജോസ് കെ.മാണി നേതൃത്വം കൊടുക്കുന്ന കേരള കോണ്‍ഗ്രസ് എമ്മിനാണു തിരഞ്ഞെടുപ്പ് കമ്മിഷൻ ചിഹ്നവും പാർട്ടിയും അനുവദിച്ചതെന്നും അതിനാലാണ് അവരെ സർവകക്ഷി യോഗത്തിലേക്കു വിളിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരഞ്ഞെടുപ്പുകളെക്കുറിച്ചു ചർച്ച ചെയ്ത യോഗത്തിലേക്കു പി.ജെ.ജോസഫ് വിഭാഗത്തെ വിളിക്കാത്തതെന്തെന്ന ചോദ്യത്തിനു മറുപടി ആയിട്ടായിരുന്നു മുഖ്യന്റെ മറുപടി.
കേരള കോൺഗ്രസിൽ തർക്കം ഉണ്ടെങ്കിലും തീരുമാനമെടുക്കേണ്ടത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നു മുഖ്യമന്ത്രി പറയുകയുണ്ടായി. കമ്മിഷൻ അന്തിമവിധി പറഞ്ഞു കഴിഞ്ഞു. ചിഹ്നവും പാർട്ടിയും സാധാരണനിലയ്ക്ക് ആർക്കാണോ കമ്മിഷൻ വിധിച്ചത് അവരെയേ യോഗത്തിനു വിളിക്കാൻ സാധിക്കൂ. മുൻപ് പി.ജെ.ജോസഫിനെയാണ് വിളിച്ചത്. കാരണം അന്നു വിധി വന്നിരുന്നില്ല. വിധി വന്നശേഷം സാധാരണ നിലയ്ക്കു വിധി അനുസരിച്ചേ വിളിക്കാൻ പറ്റൂ. ജോസ് കെ.മാണി നേതൃത്വം കൊടുക്കുന്ന പാർട്ടിയാണ് കേരള കോണ്‍ഗ്രസ് (എം). അതിന്റെ ഭാഗമായാണു യഥാർഥത്തിൽ ഇപ്പോഴും പി.ജെ.ജോസഫ് ഉള്ളത്. അല്ല എന്ന് അവർ പറയട്ടെ. നിയമപരമായ കാര്യമാണു സർക്കാർ ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.