ജോസ് കെ മാണിയുടെ രണ്ടില ചിഹ്നത്തിനു ജോസഫിന് ഇടക്കാല സ്റ്റേ ഇല്ല.

കൊച്ചി / രണ്ടില ചിഹ്നത്തിനു ഇടക്കാല സ്റ്റേ വാങ്ങാമെന്ന പി ജെ ജോസഫിന്റെ കണക്ക് കൂട്ടലുകൾ പിഴച്ചു. കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതി ഇടക്കാല സ്റ്റേ നൽകിയില്ല. പി ജെ ജോസഫിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി സ്റ്റേ അനുവദിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ഡിവിഷന് ബെഞ്ച് ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കുന്നുണ്ട്. തിങ്കളാഴ്ച രാവിലെയാണ് ജോസഫ് ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്.കേസ് അടിയന്തരമായി കേൾക്കണമെന്ന ആവശ്യം കേട്ട കോടതി ഇടക്കാല സ്റ്റേ ആവശ്യം നിരാകരിക്കുകയാണ് ഉണ്ടായത്. കേസിൽ വിശദമായ വാദം കേട്ട ശേഷം അന്തിമ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കും.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനം ശരി വെച്ചായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ചത്. രണ്ടില ചിഹ്നവും രജിസ്ട്രേർഡ് രാഷ്ട്രീയ പാർട്ടി പദവിയും നഷ്ടമാകുന്ന സാഹചര്യം ജോസഫ് വിഭാഗത്തിന് വരുന്ന തെരെഞ്ഞെടുപ്പിൽ പ്രതിസന്ധിയാകുണ്ണ സാഹചര്യത്തിലാണ് ചിഹ്നത്തിന് ഇടക്കാല സ്റ്റേക്കായി ജോസഫ് ശ്രമിക്കുന്നത്. നിയമ പോരാട്ടം നടത്താമെങ്കിലും, പാർട്ടി സ്ഥാനാർത്ഥികൾ സ്വതന്ത്രരുടെ പട്ടികയിൽ പെടുന്ന സ്ഥിതി വിശേഷമാണ് ഇപ്പോഴുള്ളത്. രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന് അനുവദിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിറക്കുകയായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ ജോസ് കെ. മാണി വിഭാഗത്തിന് ചിഹ്നം ഉപയോഗിക്കാം. ഹൈക്കോടതി വിധിയെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടി ഉണ്ടായത്. ഇതേതുടര്‍ന്നാണ് പി ജെ ജോസഫ് കോടതിയെ സമീപിക്കുന്നത്. ചിഹ്ന തര്‍ക്കത്തെ തുടർന്ന് ജോസ് കെ. മണിക്ക് വിഭാഗത്തിന് ടേബിള്‍ ഫാനും ജോസഫ് വിഭാഗത്തിന് ചെണ്ടയും ചിഹ്നമായി അനുവദിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചിരുന്നു. ജോസ് കെ. മണിക്ക് രണ്ടില ലഭിച്ചതോടെ ടേബിള്‍ ഫാന്‍ ഇനി സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് അനുവദിക്കും.