ജോസഫ് ഞെട്ടി, ചിഹ്നം പോയി, ഇനി ‘രണ്ടില’ചിഹ്നം ജോസ് കെ.മാണി വിഭാഗത്തിന്.

കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ.മാണി വിഭാഗത്തിന് അനുവദിച്ചുകൊണ്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റേ ഉത്തരവ്. പി.ജെ.ജോസഫ് വിഭാഗത്തിന്റെ ചിഹ്നം സംബന്ധിച്ച അവകാശവാദം പാടെ തള്ളി കൊണ്ടാണ് ചിഹ്നം ജോസ് കെ. മാണിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചത്. ന്യൂനപക്ഷ വിധിയെഴുതിയ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അശോക് ലവാസ, രണ്ടുകൂട്ടരെയും കേരള കോണ്‍ഗ്രസ് (എം) എന്ന് കണക്കാക്കാനാകില്ലെന്ന് ന്യൂനപക്ഷ വിധിയിൽ കുറിക്കുകയും ചെയ്തു.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റേ ഉത്തരവ് കെ.എം. മാണിയുടെ വിജയമാണെന്ന് ജോസ് കെ. മാണി പ്രതികരിച്ചു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജോസഫ് വിഭാഗം എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെടുമെന്ന് ജോസ് വിഭാഗം അറിയിച്ചു. ഏറെ നാളായി ചിഹ്നം സംബന്ധിച്ച് ഇരുവിഭാഗങ്ങളും തമ്മിൽ തർക്കം തുടരുന്നതിനിടെയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കുവാൻ വിഷയം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുന്നിൽ എത്തുന്നത്. രണ്ടു വിഭാഗങ്ങളുടെയും വാദം കേട്ടശേഷമാണ് കമ്മീഷൻ ഇക്കാര്യത്തിലുള്ള തീരുമാനം അറിയിച്ചിട്ടുള്ളത്.
പാലാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോൾ ജോസ് കെ.മാണി വിഭാഗത്തിന്റെ സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേൽ രണ്ടില ചിഹ്നത്തിൽ മത്സരിക്കാൻ ജോസഫ് വിഭാഗം അനുവദിച്ചിരുന്നില്ല. തുടർന്ന് കൈതച്ചക്ക ചിഹ്നത്തിലാണ് ജോസ് ടോം പുലിക്കുന്നേൽ മത്സരിക്കുന്നത്. പാലായിലെ തോല്‍വിക്ക് ചിഹ്നം കാരണമായി എന്ന് ജോസ് കെ.മാണി നേരത്തെ പറഞ്ഞിരുന്നു. ഇതിനിടെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനത്തിനെതിരെ അപ്പീല്‍ പോകുമെന്ന് പി.ജെ.ജോസഫ് പ്രതികരിച്ചിട്ടുണ്ട്.