ഒന്നല്ല, നാട്ടിൽ എത്തിയത് രണ്ടു നന്മയുടെ മൃതദേഹങ്ങൾ.

പ്രവാസികളെ നാട്ടിലെത്തിക്കാൻ നിയമപോരാട്ടം നടത്തിയ പേരാമ്പ്ര സ്വദേശി നിതിൻ ചന്ദ്രന്റെ മൃതദേഹത്തോടൊപ്പം മറ്റൊരു നന്മയുടെ മൃതദേഹം കൂടി നാട്ടിലെത്തി. സാമൂഹ്യപ്രവർത്തകനായ അഷറഫ് താമരശ്ശേരി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഈക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കാസർകോഡ് സ്വദേശിയായ ഷാജൻ പളളയിൽ എന്ന യുവാവിന്റെ മൃതദേഹമായിരുന്നു അത്.
കഴിഞ്ഞ ദിവസം ദുബായിൽ മരിച്ച നിതിന്റെ മൃതദേഹം ഷാർജയിൽ നിന്നുള്ള എയർ അറേബ്യ വിമാനത്തിൽ നെടുമ്പാശേരിയിൽ എത്തിക്കുകയായിരുന്നു. നിതിനെ പോലെ ഷാജനും ഒരു നന്മമരമായിരുന്നു എന്ന് അഷറഫ് വ്യക്തമാക്കുന്നു. ജോലി അന്വേഷിച്ച് സന്ദർശക വീസയിൽ എത്തിയ ഷാജൻ ദുബായിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണു മരിക്കുകയായിരുന്നു. യാദ്യശ്ചികമായി രണ്ടുപേരുടെയും ചേതനയറ്റ ശരീരം ഒരുമിച്ചാണു നെടുമ്പാശേരിയിൽ എത്തിച്ചത്.
നിതിൻ എന്ന സാമൂഹിക പ്രവർത്തകൻ ചെയ്ത നന്മകൾ കൊണ്ട് തന്നെയാണ് കേരളവും, ഈ മറുനാടും നിതിൻെറ വേർപാടിൻെറ നൊമ്പരം ഏറ്റു വാങ്ങിയത്. നിതിൻെറ മൃതദേഹത്തിനോടൊപ്പം ആരും അറിയാത്ത മറ്റൊരു ചെറുപ്പക്കാരൻെറ മൃതദേഹവും കൂടി പോയിരുന്നു. കാസർകോഡ് പുളളൂരിനടുത്തുളള മീൻഗോത്ത് സ്വദേശി 38 വയസ്സുളള ഷാജൻ പളളയിന്റേതായിരുന്നു അത്. ഹൃദയസ്തംഭനം ആയിരുന്നു മരണകാരണം. രണ്ട് പിഞ്ചു മക്കളും ഭാര്യയുടെ പേര് വിദ്യാശ്രീ. ഈ അടുത്ത കാലത്താണ് ഒരു ജോലി അന്വേഷിച്ച് സന്ദർശക വിസയിൽ ഷാജൻ ദുബായിൽ പോകുന്നത്. നിതിനെ പോലെ മറ്റൊരു നന്മമരം ആയിരുന്നു ഷാജനും. കഴിഞ്ഞ പ്രാവശ്യം നാട്ടിലുണ്ടായ പ്രളയത്തിൽ മൂന്ന് പേരുടെ ജീവൻ രക്ഷിച്ച വ്യക്തിയായിരുന്നു ഷാജൻ പളളയിൽ. നാട്ടിലുണ്ടായ കുറച്ച് കടബാധ്യതയും, മക്കൾക്ക് നല്ല വിദ്യാഭ്യാസ കൊടുക്കുന്നതിന് വേണ്ടിയായിരുന്നു കടൽ കടന്ന് ഷാജൻ ഗൾഫിലെത്തിയത്.
വിധി ആ സ്വപ്നങ്ങളെ തകിടം മറിച്ചു. വളരെ യാദ്യശ്ചികമായി രണ്ട് നന്മമരങ്ങളുടെ ചേതനയറ്റ ശരീരം ഒരുമിച്ചാണ് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് അയച്ചത്. എയർ അറേബ്യയുടെ പ്രത്യേക വിമാനത്തിലാണ് രണ്ട് മൃതദേഹങ്ങളും നാട്ടിലേക്ക് അയക്കാൻ കഴിഞ്ഞത്. അതിന് എന്നെ വളരെയധികം സഹായിച്ചത് എയർ അറേബ്യയുടെ മാനേജർ രജ്ഞിത്തായിരുന്നു എന്നും അഷറഫ് ഫേസ് ബുക്കിൽ കുറിച്ചിട്ടുണ്ട്.
ഷാജൻെറ കുടുംബത്തിനും വലിയ നഷ്ടം തന്നെയാരുന്നു. വാർത്താ പ്രാധാന്യം ഇല്ലാത്തത് കൊണ്ട് ഷാജൻെറ മരണം ആരും അറിഞ്ഞില്ലായെന്ന് മാത്രം. ഷാജൻെറ കുടുംബത്തിനുണ്ടായ നഷ്ടത്തിന് എന്ത് പറഞ്ഞാണ് സമാധാനിപ്പിക്കേണ്ടത് എന്നറിയില്ല. ഈശ്വരൻ എല്ലാം തരണം ചെയ്യുവാനുളള ശക്തി നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. സമൂഹത്തിൽ നന്മ ചെയ്യുന്നവരുടെ വേർപാട് നമ്മുടെ മുന്നിൽ തുറന്നിടുന്നത് കാരുണ്യത്തിൻെറയും, സ്നേഹത്തിൻെറയും വാതിലുകളാണ്. അഷറഫ് താമരശ്ശേരിയുടെ കുറിപ്പിൽ പറയുന്നു.



