Sports

താളംതെറ്റി കിങ്സ് ഇലവൻ പഞ്ചാബ്; മുംബൈ ഇന്ത്യൻസിന് 48 റൺസ് ജയം

ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യൻസിന് 48 റൺസിൻ്റെ തകർപ്പൻ ജയം. മുംബൈ ഉയർത്തിയ 192 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന്‍റെ പോരാട്ടം നിശ്ചിത 20 ഓവറിൽ എട്ടിന് 143 എന്ന സ്കോറിൽ അവസാനിക്കുകയായിരുന്നു. 44 റൺസെടുത്ത നിക്കോളാസ് പൂരാനാണ് പഞ്ചാബിന്‍റെ ടോപ് സ്കോറർ. നായകൻ കെ.എൽ രാഹുൽ 17 റൺസും മായങ്ക് അഗർവാൾ 25 റൺസുമെടുത്ത് പുറത്തായി. മുംബൈ ഇന്ത്യൻസിനുവേണ്ടി ജസ്പ്രിത് ബുംറ, രാഹുൽ ചഹാർ, ജെയിംസ് പാറ്റിൻസൺ എന്നിവർ രണ്ടു വിക്കറ്റ് വീതെടുത്തു.

നായകൻ രോഹിത് ശർമ്മയുടെ(45 പന്തിൽ 70 റൺസ്) അർദ്ധസെഞ്ച്വറിയുടെ മികവിൽ മുംബൈ നിശ്ചിത 20 ഓവറിൽ നാലിന് 191 റൺസെടുത്തു. അവസാന ഓവറുകളിൽ പൊള്ളാർഡും(20 പന്തിൽ പുറത്താകാതെ 47) ഹാർദിക് പാണ്ഡ്യയും(30 പന്തിൽ പുറത്താകാതെ 47) ചേർന്ന് നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് മുംബൈയെ മികച്ച സ്കോറിലെത്തിച്ചത്.

നേരത്തെ ടോസ് നേടിയ കിങ്സ് ഇലവൻ പഞ്ചാബ്, മുംബൈ ഇന്ത്യൻസിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. തുടക്കത്തിലെ ക്വിന്‍റൺ ഡി കോക്കിനെ നഷ്ടമായെങ്കിലും ഒരറ്റത്ത് നങ്കൂരമിട്ട രോഹിത് ശർമ്മ മുംബൈയ മുന്നോട്ടു നയിച്ചു. 10 റൺസെടുത്ത സൂര്യകുമാർ യാദവും, 28 റൺസെടുത്ത ഇഷൻ കിഷനും പുറത്തായെങ്കിലും രോഹിത് അർദ്ധസെഞ്ച്വറിയുമായി മുന്നേറി. 45 പന്ത് നേരിട്ട രോഹിത് എട്ട് ബൌണ്ടറികളും മൂന്നു സിക്സറും പറത്തി.

പതിനേഴാമത്തെ ഓവറിലെ ആദ്യ പന്തിൽ രോഹിത് പുറത്തായെങ്കിലും തുടർന്ന് ഒത്തുചേർന്ന പൊള്ളാർഡും പാണ്ഡ്യയും ചേർന്ന് വമ്പനടികളുമായി കാണികൾക്ക് വിരുന്നൊരുക്കി. ഇവരുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് മുംബൈയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. 20 പന്തിൽ 47 റൺസെടുത്ത പൊള്ളാർഡ് നാലു സിക്സറും മൂന്നു ബൌണ്ടറികളും പറത്തി. 11 പന്ത് മാത്രം നേരിട്ട പാണ്ഡ്യ രണ്ടു സിക്സറും മൂന്നു ബൌണ്ടറികളും പറത്തി. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ പുറത്താകാതെ 23 പന്തിൽ 67 റൺസാണ് അടിച്ചെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button