Editor's ChoiceKerala NewsLatest NewsLocal NewsNationalNews

നെയ്യാർ സഫാരി പാർക്ക് സംഭവം: കടുവക്കൊപ്പം പുറത്ത് ചാടിയത് വനം വകുപ്പിലെ വീഴ്ച.

ഈ കൂട്ടിലെ മെഷുകൾ അടിച്ചുടച്ചു ഏത് കടുവക്കാണ് ചാടാൻ കഴിയാത്തത്.

24 മണിക്കുറോളം നെയ്യാർ സഫാരി പാർക്കിനെയും പരിസരത്തെ ജനങ്ങളെയും ആശങ്കയുടെ മുൾമുനയിൽ നിർത്തിയ, കടുവ കൂടു തകർത്ത് പുറത്ത് ചാടിയ സംഭവം വിരൽ ചൂണ്ടുന്നത് വകുപ്പിൻ്റെ കെടുകാര്യസ്ഥതയിലേക്കും, പിടിപ്പുകേടിലേക്കുമാണ്.
സംഭവത്തിൽ സമഗ്രാന്വേഷണം ഉത്തരവിട്ട് വകുപ്പ് മന്ത്രി നടത്തിയ പ്രസ്താവന തന്നെ ഈ കെടുകാര്യസ്ഥത സ്ഥിരീകരിക്കുന്നുമുണ്ട്.
കടുവയെ ഇട്ടിരുന്ന കൂടിന്റെ കമ്പി പഴകിയതായിരുന്നുവെന്നും വലിയ അപകടമാണ് ഒഴിവായതെന്നുമാണ് സംസ്ഥാനത്തെ വനം മന്ത്രി പറഞ്ഞിരിക്കുന്നത്.

വയനാട്ടിൽ നിന്ന് തിരുവനന്തപുരത്തേക്ക് കടുവയെ എത്തിച്ചത് പഴക്കം ചെന്ന കൂട്ടിലാണെന്ന് ചിത്രത്തിൽ നിന്ന് തന്നെ വ്യക്തമാണ്. മാത്രമല്ല ഇത്രയും ഭീമനായ കടുവക്ക് കൈകൊണ്ട് എളുപ്പം തകർക്കാൻ പറ്റുന്ന തരത്തിൽ വളരെ നേർത്ത കമ്പികൾ കൊണ്ടാണ് കൂടു നിർമ്മിച്ചിരിക്കുന്നതെന്നതും വ്യക്തമാണ്. വയനാട്ടിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഈ യാത്രക്കിടെയാണ് സമാനരീതിയിൽ കടുവ പുറത്ത് കടക്കാൻ ശ്രമിച്ചിരുന്നെങ്കിൽ സംഭവക്കുന്ന ചിത്രം തന്നെ മറ്റൊന്നായേനെ.കൊണ്ടുപോകുന്ന വഴിക്ക് ഏതെങ്കിലും നഗരത്തിൽ വെച്ചാണ് കൂടു തകർത്ത് കടുവ ചാടിയതെങ്കിൽ എന്തൊക്കെ ദുരന്തങ്ങൾ ഒക്കെയാവും ഉണ്ടാവുക. മനുഷ്യൻ്റെ ജീവനുവരെ ഭീഷണിയായേക്കാവുന്ന സംഭവമാണ് ഇത്ര ലാഘവത്തോടെ വകുപ്പുദ്യോഗസ്ഥർ കൈകാര്യം ചെയ്തത്. വയനാട്ടിൽ നിന്ന് നെയ്യാർ ഡാമിലേക്ക് കൊണ്ടുപോകുമ്പോൾ
ജനത്തിന്റെ സുരക്ഷയുടെ കാര്യം വനം വകുപ്പ് മറന്നു. ജനത്തിന്റെ ഭാഗ്യം കൊണ്ടാണ് കൂടു തകർത്ത് ചാടണമെന്ന തോന്നൽ ആ വന്യ ജീവിക്ക് വന്നത്.
സർക്കസിനും മറ്റും മൃഗങ്ങളെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റുമ്പോഴും, ഒരോ കേന്ദ്രങ്ങളിൽ പാർപ്പിക്കുമ്പോഴും മനുഷ്യ ജീവന് പരിഗണ കൽപ്പിച്ച് നിർദ്ദേശിക്കുന്ന നിയമങ്ങൾ വകുപ്പിൻ്റെ കാര്യത്തിൽ ബാധകമല്ലെ എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യവും സംശയവും. സമഗ്ര അന്വേഷണത്തിൽ റിപ്പോർട്ട് വന്ന് ഒന്ന് രണ്ടു ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്താൽ തീരുന്ന വെറും ലാഘവത്തോടെ കാണേണ്ട പ്രശ്നമല്ലിത്. ഗുരുതരമായ വീഴ്ചയാണ് വനം വകുപ്പിന് ഇക്കാര്യത്തിൽ സംഭവിച്ചിരിക്കുന്നത് എന്നതാണ് സത്യം. ഇപ്പോഴും, എപ്പോൾ വേണമെങ്കിലും തകരാവുന്ന തുരുമ്പെടുത്ത കൂടുകൾ വനം വകുപ്പിൽ അടുത്ത കടുവയെയൊ, പുലിയെയോ ഒക്കെ തേടി പോയിക്കാണും. വേണ്ടത് വെറും നടപടിയല്ല. വകുപ്പിലെ അടിസ്ഥാന സൗകര്യങ്ങളിലെ നവീകരണം തന്നെയാണ്. പക്ഷെ നടപടി എടുക്കേണ്ട മന്ത്രി തന്നെ കൂടിൻ്റെ കമ്പികൾ തുരുമ്പെടുത്തിരുന്നു എന്ന കാരണം ലളിതമായി വ്യഖ്യാനിക്കുമ്പോൾ എത്ര കടുവകൾ ഇനി എവിടെ ചാടും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button