Kerala NewsLatest News

ഐപിഎസ് ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടി, ജാമ്യത്തിലിറങ്ങിയ മകനും അമ്മയും വീണ്ടും പോലീസ് വലയില്‍

കോഴിക്കോട്: ഐപിഎസ് ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ മകനും അമ്മയും വീണ്ടും പോലീസ് വലയില്‍. വ്യാജ ഐപിഎസ് ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മകനും അമ്മയുമാണ് വീണ്ടും അറസ്റ്റിലായത്. കോഴിക്കോട് രാമനാട്ടുകരയില്‍ താമസിക്കുന്ന വിപിന്‍ കാര്‍ത്തിക്, അമ്മ ശ്യാമള എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വ്യാജരേഖ ചമച്ച് 24 ലക്ഷം തട്ടിയ കേസിലാണ് അറസ്റ്റ്.

വിബിന്‍ നേരത്തെ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം കാര്‍ത്തിക് വേണു ഗോപാല്‍ എന്ന പേരില്‍ കോഴിക്കോട് വാടക വീടെടുത്ത് താമസിക്കുകയായിരുന്നു.
14 ലക്ഷത്തിന്റെ കാര്‍ വാങ്ങാനായി ബാങ്കില്‍ നിന്ന് ലോണെടുത്ത വിപിന്‍ കാര്‍ത്തിക്, വിലകുറഞ്ഞ കാര്‍ എടുക്കുകയും ആര്‍.സി ബുക്ക് തിരുത്തി അതേ വാഹനമാണെന്ന് കാണിച്ച് ബാങ്കുകാരെ കബളിപ്പിക്കുകയുമായിരുന്നു. പിന്നീട് മറ്റൊരു വാഹനത്തിന് 10 ലക്ഷവും വായ്പ എടുത്തു. ഇതിനായി വ്യാജ രേഖകള്‍ സമര്‍പ്പിച്ചു. രണ്ട് വാഹനങ്ങളുടേയും തിരച്ചടവ് ഇല്ലാതായതോടെ് ബാങ്ക് ഉദ്യോഗസ്ഥര്‍ പൊലീസില്‍ പരാതി നല്‍കി.

വാഹന പരിശോധനക്കിടെയാണ് ഇയാളെ ഗുരുവായൂരില്‍ നിന്ന് പൊലീസ് പിടികൂടിയത്. ഐപി.എസ് ഉദ്യോഗസ്ഥനാണെന്ന വ്യാജ സാലറി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി വിവിധ ബാങ്കുകളില്‍ നിന്ന് ആഡംബര കാറുകള്‍ വായ്പയെടുക്കുകയും പിന്നീട് വായ്പ അടച്ച് തീര്‍ന്നതായുള്ള വ്യാജരേഖയുണ്ടാക്കി കാര്‍ മറിച്ച് വില്‍പ്പന നടത്തുകയുമാണ് ഇയാളുടെ പതിവ്. വിബിന്റെ അമ്മയും വ്യാജ രേഖയുണ്ടാക്കിയാണ് ബാങ്കുകളില്‍ ജാമ്യം നിന്നിരുന്നത്. തൃശൂര്‍ സിവില്‍ സ്റ്റേഷന്‍ ലോക്കല്‍ഫണ്ട് ഓഡിറ്റ് ഓഫീസര്‍ എന്ന വ്യാജ രേഖയുണ്ടാക്കി ശ്യാമളയാണ് വിബിന് ബാങ്കുകളില്‍ ജാമ്യം നിന്നിരുന്നത്.

നേരത്തെയും ഇവരെ ലക്ഷങ്ങള്‍ തട്ടിയ കേസിലാണ് അറസ്റ്റ് ചെയ്തിരുന്നത്. 2019 ല്‍ ഗുരുവായൂരിലെ ബാങ്ക് മാനേജരായ കുന്നംകുളം സ്വദേശി സുധയെ കബളിപ്പിച്ച് 97 പവനും 25 ലക്ഷം രൂപയും തട്ടിയെടുത്ത കേസിലായിരുന്നു നേരത്തെ ഇവരെ അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിലായ ശേഷം ഐ.പി.എസ് പരീക്ഷ താന്‍ പാസായെന്നും ഇന്റര്‍വ്യു മാത്രമാണ് ഇനി ബാക്കിയുള്ളതെന്നുമാണ് ഇയാള്‍ നാട്ടുകാരെ പറഞ്ഞ് വ്ശ്വസിപ്പിച്ചിരുന്നത്. താന്‍ വിവാഹിതനാകാന്‍ പോകുകയാണെന്നും ഗുജറാത്ത് ഐ.പി.എസ് ഉദ്യോഗസ്ഥയെയാണ്് വിവാഹം ചെയ്യാന്‍ പോവുന്നതെന്നുമാണ് ഇയാള്‍ നാട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. കൂടുതല്‍ വിശ്വാസ്യത വരുത്തുന്നതിന് ഗുജറാത്ത് ഐ പി എസ് ഉദ്യോഗസ്ഥയുടെ ഫോട്ടോ ഇയാളുടെ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button