വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിന് മുമ്പേ തുറന്ന് നൽകിയ സംഭവം, മുഖ്യമന്ത്രി കാലെടുത്തു വച്ചാലേ ഉദ്ഘാടനം ആവുകയുളളൂ എന്നുണ്ടോ? ഒരു ഭിക്ഷക്കാരൻ കയറിയാലും ഉദ്ഘാടനമാകും. അതും മനുഷ്യനല്ലേയെന്നാണ് ജസ്റ്റിസ് കമാൽപാഷ.

കൊച്ചി / വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിന് മുമ്പേ തുറന്ന് നൽകിയ സംഭവത്തിൽ അസ്വാഭാവികതയില്ലെന്നു ഹൈക്കോടതി മുൻ ജഡ്‌ജി ജസ്റ്റിസ് ബി കെമാൽപാഷ. വി ഫോർ കേരള സംഘടന പ്രവർത്തകർ വൈറ്റില മേൽപ്പാലം ഉദ്ഘാടനം വൈകുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. അതേസമയം മേൽപ്പാലം തുറന്നത് തങ്ങളല്ലെന്ന് വി ഫോർ കേരള ഭാരവാഹികൾ പറയുന്നുണ്ട്. ഞങ്ങൾ തന്നെ മേൽപ്പാലങ്ങൾ തുറക്കുകയായിരുന്നു. സംഭവത്തിന് പിറകെ വിഫോർ കേരള കൊച്ചി കോർഡിനേറ്റർ നിപുൺ ചെറിയാൻ, സൂരജ് ആഞ്ചലോസ്, റാഫേൽ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. പൊതുമുതൽ നശിപ്പിക്കൽ കുറ്റം ചുമത്തിയാണ് ഇവർക്കെതിരേ കേസെടുത്തിരിക്കുന്നത്.
മുഖ്യമന്ത്രി കാലെടുത്തു വച്ചാലേ ഉദ്ഘാടനം ആവുകയുളളൂ എന്നുണ്ടോ? ഒരു ഭിക്ഷക്കാരൻ കയറിയാലും ഉദ്ഘാടനമാകും. അതും മനുഷ്യനല്ലേയെന്നാണ് ജസ്റ്റിസ് കമാൽപാഷ ചോദിക്കുന്നത്. ഇന്നയാളേ കയറാവൂ എന്ന് എവിടെയും പറഞ്ഞിട്ടില്ല. ഇതിന് പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഒന്നും ആവശ്യമില്ല. ജനങ്ങളുടെ വകയാണ് പാലമെന്നും കെമാൽ പാഷ പറഞ്ഞു. ഉദ്ഘാടനം എന്ന ചടങ്ങിലൊന്നും ഒരു കാര്യവുമില്ലെന്നിരിക്കെ ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ പാലം തുറക്കാൻ മുഹൂർത്തം നോക്കി കാത്തിരിക്കുകയാണ്. പണി കഴിഞ്ഞാൽ അതു തുറന്നു കൊടുത്തേക്കെന്ന് സർക്കാർ പറഞ്ഞാൽ കാര്യം തീരുന്നിടത്താണ് ഇതൊക്കെയെന്നും കെമാൽ പാഷ കുറ്റപ്പെടുത്തി. വൈറ്റിലയിലും കുണ്ടന്നൂരും ജനങ്ങൾ ബുദ്ധിമുട്ടുമ്പോഴാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. നിർമ്മാണം പൂർത്തിയായിട്ടും രണ്ടും കിടക്കുകയാണ്. തിരഞ്ഞെടുപ്പ് വരുമ്പോഴേക്കുളള വിലപേശലിന് വേണ്ടി വച്ചോണ്ടിരിക്കുകയാണ് സർക്കാർ. എത്രത്തോളം വൈകിപ്പിച്ച് മുന്നോട്ടു കൊണ്ടു പോകാമോ അത്രത്തോളം നല്ലതാണ് എന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാടെന്നും കെമാൽ പാഷ കുറ്റപ്പെടുത്തി.
വോട്ടിനു വേണ്ടി, എന്തോ വലിയ കാര്യം ചെയ്തെന്നു പറഞ്ഞ് വിലപേശാൻ വച്ചിരിക്കുകയാണ് പാലങ്ങൾ. പാലം തുറക്കുന്നതിനു മുൻപു ഭാരം കയറ്റി പരിശോധിക്കണം എന്നൊന്നും എങ്ങും പറഞ്ഞിട്ടില്ല. ശാസ്ത്രീയമായി പണിതു കഴിഞ്ഞാൽ ഭാരം കയറ്റി പരിശോധന നടത്തേണ്ട കാര്യമില്ല. അതും കഴിഞ്ഞിട്ടും ദിവസങ്ങളായി. എന്നിട്ടും തുറന്നു നൽകാത്തപ്പോൾ ജനങ്ങൾ കയ്യേറുന്നതിൽ തെറ്റില്ല. അത് ജനങ്ങളുടെ പ്രതിഷേധമാണ്. ജനുവരി ഒമ്പത് എന്ന ഒരു തീയതി പറഞ്ഞ സ്ഥിതിക്ക് ജനങ്ങൾ നാലു ദിവസത്തിനു വേണ്ടി ഒരു ബഹളം ഉണ്ടാക്കേണ്ട കാര്യമില്ലായിരുന്നു. അതുവരെ കാത്തിരിക്കാമായിരുന്നു. അത് മര്യാദയുടെ പേരിൽ മാത്രം. അല്ലാതെ നിർമാണം പൂർത്തിയായി കിടക്കുന്ന പാലം അടച്ചിടണമെന്നും അതിന് വേറെ എന്തെങ്കിലും കുഴപ്പമുണ്ടെന്നും പറഞ്ഞ് ആളുകളെ പീഡിപ്പിക്കാനും അറസ്റ്റ് ചെയ്യാനും നടക്കുന്നത് മര്യാദകേടാണ്. കെമാൽ പാഷ പറഞ്ഞു. പൊതുമുതൽ നശിപ്പിച്ചെന്നു പറഞ്ഞ് കേസെടുത്താൽ അത് നിലനിൽക്കില്ല. കാരണം എന്താണ് നശിപ്പിച്ചത് എന്നു പറയണം. പാലത്തിലൂടെ പോയാൽ പൊതുമുതൽ നശിക്കുമോ? മുഖ്യമന്ത്രി വന്ന് പാലത്തേൽ കയറിയാലേ നശിക്കാതിരിക്കൂ എന്നുണ്ടോ? ജനങ്ങൾ അവിടെ ഒരു നാശവുമുണ്ടാക്കിയതായി അറിയില്ല. നാശമുണ്ടാക്കിയിട്ടുണ്ടെങ്കിൽ കേസെടുക്കണം. അല്ലെങ്കിൽ അത് പൊതു സ്ഥലമാണ്. അതിലൂടെ വണ്ടി പോയതല്ലേ ഉള്ളൂ. ജനങ്ങളോട് വൈരാഗ്യം നിറഞ്ഞ ബുദ്ധിയോടെയുള്ള പെരുമാറ്റമാണ് ഈ കേസെടുക്കൽ.
ഉദ്ഘാടനം ചെയ്യണമെന്നു പറഞ്ഞു വച്ചുകൊണ്ടിരിക്കാൻ ഇത് ആരുടെയും സ്വന്തം കയ്യിൽ നിന്നെടുത്ത് നിർമിച്ചതല്ലല്ലോ, പൊതു ജനങ്ങളുടെ പണമല്ലേ? ഇതുപോലെ പല സ്ഥലങ്ങളിൽ എഴുതിവയ്ക്കും. ഇന്ന എംഎൽഎയുടെ ഫണ്ടിൽ നിന്ന് ഉണ്ടാക്കിയത് എന്നു പറഞ്ഞ്. ഒരു ഇലക്ട്രിക് പോസ്റ്റിൽ ലൈറ്റിട്ടിട്ട് ബോർഡ് തൂക്കിയിട്ടിരിക്കുന്നത് കഴിഞ്ഞ ദിവസം കണ്ടു. ഈ ലൈറ്റിനെക്കാൾ കൂടുതൽ ചെലവ് ബോർഡ് തൂക്കാൻ വന്നിട്ടുണ്ട്. അതാണ് ശരിക്ക് പൊതുമുതൽ നശിപ്പിക്കൽ. എംഎൽഎയുടെ ഫണ്ടിൽ നിന്ന് നിർമിച്ചെന്നു പറയുമ്പോൾ അദ്ദേഹം സ്വന്തം വീട്ടിൽ നിന്നെടുത്ത് ചെലവാക്കിയതാണെങ്കിൽ എഴുതി വയ്ക്കാം. അല്ലാതെ എഴുതിവയ്ക്കുന്നതിൽ എന്താണർഥം. ഉദ്ഘാടനത്തിന് ഒരു ഫലകമുണ്ടാക്കി അതിൽ പേരുവയ്ക്കാൻ വേണ്ടി മാത്രം ജനങ്ങൾ കഷ്ടപ്പെട്ട് കാത്തിരിക്കണോ? ഒരു നിമിഷം മുൻപെങ്കിലും ഉദ്ഘാടനം നടത്തുക എന്നതല്ലേ വേണ്ടത്. എന്നും കെമാൽ പാഷ ചോദിക്കുന്നു. പാലത്തിൽ ജനങ്ങളെയാണ് ആദ്യം കയറേണ്ടത്. ആരും കയറ്റാതിരുന്നപ്പോൾ അവർ തനിയെ കയറി. അത് അതിക്രമിച്ചു കടക്കൽ ആവില്ല. അതിനു വകുപ്പില്ല. ഈ കുറ്റങ്ങളൊന്നും വരില്ല. ജനങ്ങളോട് വൈരാഗ്യം കാണിക്കലാണ്. അതിനാണ് കേസെടുക്കുന്നത്. സ്വന്തം വീട്ടിൽ നിന്ന് തേങ്ങവെട്ടി പണിതതല്ല ഇത് എന്ന് ഓർമിക്കണം. പൊതുജനങ്ങളുടെ പണം, ജനങ്ങളുടെ സ്ഥലം. അതിൽ ജനങ്ങൾക്കു കയറാൻ അവകാശമുണ്ട്. കെമാൽ പാഷ പറഞ്ഞു.