Kerala NewsLatest NewsPoliticsUncategorized

കൊറോണ ബാധിച്ച് പ്രചാരണത്തിന് ഇറങ്ങാൻ കഴിയാതെ ഗണേഷ്കുമാർ; മകനുവേണ്ടി രംഗത്തിറങ്ങി ബാലകൃഷ്ണപിളള

കൊല്ലം: കൊറോണ ബാധ മൂലം പ്രചാരണത്തിന് ഇറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് കെ. ബി ഗണേഷ് കുമാർ. തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തുകയും ചെയ്തു. സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിലെല്ലാം ഇടതുമുന്നണി സ്ഥാനാർഥികൾ പ്രചാരണം തുടങ്ങി.

എന്നാൽ ആശുപത്രിക്കിടക്കയിൽ ഉളള സ്ഥാനാർഥിയുടെ അസാന്നിധ്യത്തിൽ സാക്ഷാൽ ബാലകൃഷ്ണപിളള തന്നെ മകൻറെ പ്രചാരണത്തിന് ഊർജം പകരാൻ രംഗത്തിറങ്ങി.

സീറ്റ് വിഭജനം പോലും തീരും മുമ്പേ സ്ഥാനാർഥിത്വം സ്വയം പ്രഖ്യാപിച്ച് പ്രചാരണത്തിന് തുടക്കമിട്ടയാളാണ് കെ.ബി.ഗണേഷ്കുമാർ. സ്ഥാനാർഥിയ്ക്കായുളള ചുവരെഴുത്തുകളും ബോർഡുകളുമൊക്കെ മണ്ഡലത്തിൽ നിറയുകയും ചെയ്തു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി കൊറോണ ബാധിതനായ ഗണേഷിന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി കിടക്കയിലേക്ക് ഒതുങ്ങേണ്ടി വന്നത്.

രണ്ടു തവണ നടത്തിയ കൊറോണ ടെസ്റ്റിലും പോസിറ്റീവ് ഫലം കിട്ടിയതോടെ ആശുപത്രി കിടക്കയിൽ കുറഞ്ഞപക്ഷം ഈ മാസം പതിനേഴാം തീയതി വരെയെങ്കിലും തുടരേണ്ട സ്ഥിതിയിലാണ് സ്ഥാനാർഥി. ഈ സാഹചര്യത്തിലാണ് പ്രായത്തിൻറെ അവശതകൾ മാറ്റിവച്ച് മകന് വോട്ടു തേടി അച്ഛൻ ബാലകൃഷ്ണപിളള തന്നെ ഇറങ്ങിയത്.

പത്തനാപുരത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിനായെത്തിയ ബാലകൃഷ്ണപിളളയുടെ സാന്നിധ്യം തന്നെ പ്രവർത്തകർക്ക് ഊർജം പകരുമെന്നാണ് ഇടത് നേതാക്കളുടെ വിലയിരുത്തൽ.

അതേസമയം നടി ആക്രമണ കേസിലെ സാക്ഷിയെ സ്വാധീനിച്ചെന്ന കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത ഗണേഷിൻറെ മുൻ പിഎ പ്രദീപ് ഒരിടവേളയ്ക്കു ശേഷം മണ്ഡലത്തിൽ സജീവമായിട്ടുണ്ട്. വിവാദങ്ങളെ തുടർന്ന് പ്രദീപിനെ പുറത്താക്കിയെന്ന് ഗണേഷ് തന്നെ പറഞ്ഞിരുന്നെങ്കിലും മണ്ഡലത്തിലെ പ്രചാരണത്തിന് ചുക്കാൻ പിടിച്ചുളള പ്രദീപിൻറെ വരവ് ഇടതുമുന്നണിയിലെ ഒരു വിഭാഗം നേതാക്കൾക്കിടയിൽ അമർഷത്തിനും വഴിവച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button