തന്റെ പരാതിയിലെ അന്വേഷണം നിലച്ചെന്ന് ആരോപണവുമായി കെ എം ഷാജി
കോഴിക്കോട്: മുന്‍ എംഎല്‍എ കെ എം ഷാജിയുടെ പരാതിയിലെ അന്വേഷണം നിലച്ചെന്ന് ആരോപണം. പ്രതിയായ തേജസിനെതിരെ കേസെടുക്കാതെ പൊലീസ് കേസ് ഒതുക്കി തീര്‍ക്കുകയാണെന്നാണ് ഷാജിയുടെ ആരോപണം. മുംബൈ അധോലോകത്തിലുള്ള ചിലര്‍ക്ക് തന്നെ വധിക്കാനായി 25 ലക്ഷത്തിന്റെ ക്വട്ടേഷന്‍ പോയെന്ന അന്വേഷണമാണ് നിലച്ചത്.
തന്നെ വധിക്കാന്‍ 25 ലക്ഷം രൂപയ്ക്ക് കൊലയാളി സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയെന്ന് പറഞ്ഞ് കഴിഞ്ഞ ഒക്ടോബറിലാണ് കെ എം ഷാജി പരാതി നല്‍കിയത്. എന്നാല്‍, തേജസിനെതിരെ തെളിവുകളില്ലെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.
ഇ-മെയിലേക്ക് വന്ന ഒരു ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ തെളിവായി കാണിച്ചായിരുന്നു പരാതി നല്‍കിയിരുന്നത്. നാട്ടില്‍ എപ്പോഴെത്തണമെന്നും എങ്ങനെ കൃത്യം നടപ്പാക്കി മടങ്ങണമെന്നുമൊക്കെ വിശദമായി സംസാരിക്കുന്നതാണ് ഈ ഫോണ്‍ റെക്കോര്‍ഡിലുള്ളത്. പൊലീസ് മുംബൈയിലെത്തി തേജസിനെ ചോദ്യം ചെയ്തു.
സുഹൃത്തുക്കള്‍ക്ക് മുന്നില്‍ ആളാവാന്‍ വേണ്ടി ചെയ്തതാണെന്നായിരുന്നു് തേജസിന്റെ മൊഴി. പക്ഷേ ഫോണ്‍ സംഭാഷണത്തിലുളള മറ്റുള്ളവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. കേസുമായി ബന്ധപ്പെട്ട് ഒരു കാര്യവും പൊലീസ് തന്നെ അറിയിച്ചില്ലെന്നും ഷാജി വിമര്‍ശിച്ചു.