രേഖകളുമായി ഷാജിയെത്തി; അനധികൃത സ്വത്ത് സമ്പാദനത്തിന്റെ എം എൽ എയെ വിജിലൻസ് ചോദ്യം ചെയ്യുന്നു
കോഴിക്കോട്: കെ എം ഷാജി എം എൽ എയെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് വിജിലൻസ് ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. റെയ്ഡിൽ പിടിച്ചെടുത്ത പണത്തിന്റെ രേഖകൾ ഷാജി വിജിലൻസിന് മുന്നിൽ ഹാജരാക്കി.
ഈമാസം പതിനാറിന് ചോദ്യം ചെയ്യലിന് വിജിലൻസിന് മുന്നിലെത്തിയപ്പോൾ രേഖകൾ ഹാജരാക്കാൻ ഒരാഴ്‌ചത്തെ സാവകാശം ഷാജി തേടിയിരുന്നു.
വീട്ടിൽ നിന്ന് കണ്ടെടുത്ത നാൽപ്പത്തി ഏഴ് ലക്ഷത്തിലധികം രൂപ തിരഞ്ഞെടുപ്പ് ചെലവിനായി സാധാരണക്കാരിൽ നിന്ന് പിരിച്ചതെന്നാണ് ഷാജി പറയുന്നത്. തന്റെ സ്വത്ത് വിവരം സംബന്ധിച്ചുളള സംശയങ്ങൾക്ക് കൂടുതൽ തെളിവുകളുമായാണ് വിജിലൻസിന് മുന്നിൽ ഷാജി എത്തിയിരിക്കുന്നതെന്നാണ് അദ്ദേഹവുമായി അടുപ്പമുളളവർ പറയുന്നത്.
എം എൽ എ പദവിയിലെത്തിയ ശേഷമാണ് ഷാജി കോഴിക്കോടും കണ്ണൂരും ഭാര്യയുടെ പേരിൽ വീടുകൾ നിർമ്മിച്ചത്. ഇക്കാര്യം ഷാജിയുടെ ഭാര്യയിൽ നിന്ന് അടുത്തദിവസങ്ങളിൽ വിജിലൻസ് സംഘം ചോദിച്ചറിയും.