കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും രണ്ടുകോടി വീതം മുടക്കി സ്മാരകങ്ങൾ
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ അന്തരിച്ച പ്രമുഖ നേതാക്കളായ കെ ആർ ഗൗരിയമ്മയ്‌ക്കും ആർ ബാലകൃഷ്‌ണപിളളയ്‌ക്കും സ്‌മാരകം നിർമ്മിക്കാനുളള ബജറ്റ് പ്രഖ്യാപനം പുതിയ ചർച്ചകൾക്ക് വഴിയൊരുക്കി. രണ്ട് നേതാക്കൾക്കും സ്‌മാരകം പണിയാൻ രണ്ട് കോടി രൂപ വീതമാണ് സർക്കാർ നീക്കിവയ്‌ക്കുന്നത്. ബാലകൃഷ്‌ണപിളളയ്‌ക്ക് കൊട്ടാരക്കരയിലാണ് സ്‌മാരകം ഉയരുക. ഗൗരിയമ്മയുടെ സ്‌മാരകം എവിടെ ഉയരുമെന്ന് ബഡ്‌ജറ്റിൽ പരാമർശമുണ്ടായില്ല.
എന്നാൽ കൂറുമാറ്റ നിരോധനനിയമപ്രകാരം ശിക്ഷിക്കപ്പെട്ട ആദ്യ നിയമസഭാ സാമാജികർ ആണ് ആർ ബാലകൃഷ്ണപിള്ള. അതോടൊപ്പം സിബിഐ കുറ്റകാരൻ എന്ന് കണ്ടെത്തി സുപ്രീംകോടതി ഒരു വർഷത്തേയ്ക്ക് തടവ് ശിക്ഷയ്ക്ക് വിധിച്ച രാഷ്ട്രീയ നേതാവുകൂടിയാണ് ഇദ്ദേഹം. ഇത്തരത്തിൽ അഴിമതിയും കൂറുമാറ്റവും എല്ലാ നടത്തിയ ഒരു വ്യക്തിയാണ് ഈ സംബാധിത പ്രതിസന്ധിയ്ക്കിടയിലും കോടികൾ മുടക്കി സ്മാരകം പണിയാൻ ഒരുങ്ങുന്നത്.
കേരള കോൺഗ്രസ് (ബി)യുടെ ഭാഗത്ത് നിന്ന് ശക്തമായ സമ്മർദ്ദമാണ് ബാലകൃഷ്‌ണപിളളയുടെ പേരിൽ സ്‌മാരകം നിർമ്മിക്കാൻ സർക്കാരിന് മേൽ ഉണ്ടായിരുന്നത് എന്നാണ് വിവരം. മന്ത്രിസ്ഥാനം നൽകാതെ ആദ്യ ടേമിൽ നിന്ന് മാറ്റിനിർത്തിയ ഗണേഷിനെ അനുനയിപ്പിക്കുക എന്ന തന്ത്രവും ഇതിനു പിന്നിലുണ്ട്.
ജെ എസ് എസ് നേതാവായ ഗൗരിയമ്മയ്‌ക്ക് സ്‌മാരകം കൂടി അനുവദിക്കുക വഴി സിപിഎമ്മും ഗൗരിയമ്മയും തമ്മിലുളള ബന്ധം രാഷ്‌ട്രീയ കേരളത്തിന് ബോദ്ധ്യപ്പെടുത്തുക എന്നതാണ് സർക്കാർ ലക്ഷ്യം വയ്‌ക്കുന്നത്. മുൻ ധനമന്ത്രി കെ എം മാണിക്ക് സ്‌മാരക മന്ദിരം നിർമ്മിക്കുന്നതിന് അദ്ദേഹത്തിൻറെ പേരിലുളള ഫൗണ്ടേഷന് അഞ്ച് കോടി രൂപ നൽകാനുളള ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിൻറെ പ്രഖ്യാപനം അന്ന് ഏറെ ചർച്ചയായിരുന്നു.