എൽഡിഎഫിന്റെ ഗുണമെന്തെന്നാൽ അവർക്ക് എല്ലാത്തിനെപറ്റിയും ധാരണയുണ്ട്.. വികസനത്തെ പറ്റി, നടപ്പാക്കേണ്ട പദ്ധതികളെ പറ്റി, ഭരണത്തെപറ്റി; ഇടത് പിന്തുണയ്ക്കുള്ള കാരണങ്ങൾ നിരത്തി കെആർ മീര

തൃത്താല: എന്തുകൊണ്ട് എൽഡിഎഫ് തുടർ ഭരണത്തിൽ വരാൻ ആഗ്രഹിക്കുന്നു എന്നതിന് കാരണങ്ങൾ നിരത്തി എഴുത്തുകാരി കെആർ മീര. എൽഡിഎഫിന്റെ മികച്ച ഭരണപാടവും ഇനി ഒരു മഹാമാരി വന്നാലും കേരളത്തെ സംരക്ഷിക്കാൻ ഉതകുന്നതാണെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സ്വാതന്ത്രത്തിനും സംരക്ഷണമേകാൻ തൽക്കാലം ഇടതുപക്ഷമേ ജനങ്ങൾക്ക് മുമ്ബിലുള്ളൂവെന്നും കെ ആർ മീര പറഞ്ഞു. തൃത്താലയിൽ എൽഡിഎഫ് സ്ഥാനാർത്ഥി എംബി രാജേഷിന്റെ പ്രചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു കെആർ മീര.
എന്തുകൊണ്ട് എൽഡിഫ് തുടർഭരണം വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നതിന് പിന്നിൽ രണ്ട് മൂന്ന് കാരണങ്ങളാണുള്ളത്. നമ്മളൊരു മഹാമാരിയുടെ രണ്ടാം തരംഗം പടിവാതിൽക്കൽ എത്തി നിൽക്കുകയാണ്. ഈ തംരഗം അടങ്ങിയാലും വീണ്ടുമൊരു മഹമാരി മനുഷ്യരാശിക്ക് അപകടമുണ്ടാക്കി വരാൻ സാധ്യതയുണ്ടെന്ന് മാസങ്ങൾക്ക് മുൻബ് പ്രവചിച്ചതാണ്.
അത്തരമൊരു മഹമാരി കേരളത്തിലും വന്നാൽ അതിനെ അതിജീവിക്കാൻ കേരളത്തിൽ എൽഡിഎഫിന്റെ ഭരണമികവിനും നേതൃത്വത്തിനുമേ പറ്റൂ എന്നാണ് എനിക്ക് തോന്നുന്നത്. കാരണം ജനത്തിന് ആരോഗ്യമില്ലെങ്കിൽ നമ്മളെങ്ങനെ ജനാധിപത്യത്തെപറ്റി സംസാരിക്കും.
ജനങ്ങളുടെ ജീവനും സ്വത്തിനും സ്വാതന്ത്രത്തിനും സംരക്ഷണം നൽകാൻ കഴിയുന്ന നിലവിലെ പരിമതിമായ ഒരു ചോയ്സ് മാത്രമാണ് എൽഡിഎഫ്. ഇതിലും നല്ല ഓപ്ഷനുണ്ടായിരുന്നെങ്കിൽ ഞാൻ പറഞ്ഞേനെ. നിർഭാഗ്യവശാൽ ഇപ്പോൾ നമ്മുടെ മുന്നിൽ എൽഡിഎഫ് മാത്രമേ ഉള്ളൂ.
രണ്ടാമത്തെ കാരണം എന്നത് ഇനിയൊരു ഇലക്ഷന് കൂടി എനിക്ക് വോട്ട് ചെയ്യാൻ സാധിക്കുമോ എന്ന ഭീതിയാണ്. കേരളത്തിലിത് സാധിക്കുന്നത് എൽഡിഎഫ് ഭരണത്തിലിരുന്നത് കൊണ്ടാണെന്ന് ഞാൻ വിചാരിക്കുന്നു.
മതേതരത്വം, ജനാധിപത്യം, തുല്യത തുടങ്ങിയ വാക്കുകൾ ഉരുവിടാനുള്ള സ്വാതന്ത്രം ഇല്ലാതാവുന്ന അവസ്ഥയിലേക്ക് ഇന്ത്യ മഹാരാജ്യം എത്തി. അതിന് തടയിടാൻ തൽക്കാലം എൽഡിഎഫ് മാത്രമേ ഉള്ളൂ.
മൂന്നാമത്തെ കാരണം ക്രൂരമാണ്. എൽഡിഎഫ് അധികാരത്തിൽ വന്നാൽ മാധ്യമങ്ങൾ ഗവൺമെന്റിനെ വളഞ്ഞിട്ടാക്രമിക്കും. അത് കൊണ്ട് നമുക്കുള്ള ഗുണമെന്തെന്നാൽ അത് ജനാധിപത്യം നിലനിൽക്കാൻ അത്യാവശ്യമായ കാര്യമാണ്.
ഇടതുപക്ഷ ഗവൺമെന്റാണോ എപ്പോഴും വളഞ്ഞിട്ട് ആക്രമിക്കപ്പെടും. ഓരോ ചോദ്യത്തിനും ഉത്തരം നൽകാൻ നിർബന്ധിതരാവും. എതിർപക്ഷത്തുള്ള ഏത് സർക്കാരാണെങ്കിലും അത് സംഭവിക്കില്ല.
കർഷക സമരം എത്രാമത്തെ ദിവസമാണെന്ന് ഏതെങ്കിലും പത്രമാധ്യമത്തിൽ നിന്ന് വായിച്ചെടുക്കാൻ കഴിയുന്നുണ്ടോ. അതിന്റെയൊന്നും കണ്ണീർ കഥകളന്വേഷിച്ച് നമ്മുടെ മാധ്യമങ്ങളൊന്നും പോയതായിട്ട് നമ്മൾ അറിയുകയേ ഇല്ല.
എന്തുകൊണ്ട് എംബി രാജേഷ് വിജയിക്കണമെന്ന് കരുതുന്നെന്നും കെ ആർ മീര പറഞ്ഞു. എൽഡിഎഫിന്റെ ഗുണമെന്തെന്നാൽ അവർക്ക് എല്ലാത്തിനെപറ്റിയും ധാരണയുണ്ട്.. വികസനത്തെ പറ്റി, നടപ്പാക്കേണ്ട പദ്ധതികളെ പറ്റി, ഭരണത്തെപറ്റി.
അതിന് ഏകീകൃതമായ ഒരു രൂപമുണ്ട്. എംബി രാജേഷ് എത്ര നല്ല ജനപ്രതിനിധിയാണ് എന്നത് എംപി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനത്തിൽ നിന്ന് പാലക്കാട്ട്കാർക്ക് വ്യക്തമാണ്. ഏറ്റവും മികച്ച പാർലമെന്റേറിയൻമാരിലൊരാളായിരുന്നു എംബി രാജേഷ്.
കേരളത്തിൻരെ പ്രശ്നങ്ങൾ ലോക്സഭയിൽ അവതരിപ്പിക്കാൻ ഇതുപോലെ മികവ് കാട്ടിയ എംപിമാർ നമുക്ക് അധികം ഉണ്ടായിട്ടില്ലെന്നും കെ ആർ മീര പറഞ്ഞു.