കെ-സോട്ടോ വിമർശനം; നെഫ്രോളജി വിഭാഗം മേധാവി ഡോ. മോഹന്‍ദാസിന് മെമ്മോ
സര്‍ക്കാരിന്റെ മരണാനന്തര അവയവദാന ഏജന്‍സിയായ കെ-സോട്ടോയെ സാമൂഹ്യമാധ്യമങ്ങളിൽ വിമര്‍ശിച്ചതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് നെഫ്രോളജി വിഭാഗം മേധാവി ഡോ. മോഹന്‍ദാസിന് മെമ്മോ നല്കി. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് മെമ്മോ കൈമാറിയത്. സാമൂഹ്യമാധ്യമങ്ങളിൽ ഇത്തരം പോസ്റ്റുകൾ ഇടുന്നത് ഒഴിവാക്കണമെന്നതാണ് പ്രധാന നിര്‍ദേശം. പിന്നാലെ ഡോ. മോഹന്‍ദാസ് ക്ഷമാപണം നടത്തി, ഇനി സമൂഹമാധ്യമങ്ങളിലൂടെ പ്രതികരണം നടത്തില്ലെന്നും മറുപടിയായി അറിയിച്ചു.
കെ-സോട്ടോ പദ്ധതി പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്നായിരുന്നു ഡോ. മോഹന്‍ദാസിന്റെ വിമര്‍ശനം. 2017ന് ശേഷം വിരലിലെണ്ണാവുന്ന അവയവദാനങ്ങൾ മാത്രമാണ് നടന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ “മൃതസഞ്ജീവനി” പദ്ധതിക്ക് പ്രത്യേക എക്സിക്യൂട്ടീവ് ജോലി ചെയ്തിട്ടും ഇതുവരെ ഒരു മരണാനന്തര അവയവദാനവും നടന്നിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
മെഡിക്കല്‍ കോളേജ് മുന്‍ നെഫ്രോളജി വിഭാഗം മേധാവി ഡോ. വേണുഗോപാലിന്റെ മരണവാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു മോഹന്‍ദാസ് കെ-സോട്ടോയെ തുറന്നുപറഞ്ഞത്. ഡോ. വേണുഗോപാലും ഡോ. രാംദാസും ചേര്‍ന്നാണ് കേരളത്തില്‍ “മൃതസഞ്ജീവനി” പദ്ധതി വിജയകരമാക്കിയത്. എന്നാല്‍ ഡോ. രാംദാസ് അന്തരിച്ചതോടെ “മൃതസഞ്ജീവനി പൂര്‍ണ്ണ പരാജയമായി” എന്ന് മോഹന്‍ദാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ രേഖപ്പെടുത്തിയിരുന്നു.
Tag: K-Soto criticism; Memo to Dr. Mohandas, head of the nephrology department