വിദ്യാഭ്യാസ മന്ത്രി രാജി വയ്ക്കണം; കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍
ഡല്‍ഹി: കയ്യാങ്കളി കേസില്‍ വിചാരണ നേരിടാന്‍ സുപ്രീംകോടതി വിധിച്ചതോടെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍ക്കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത്.
മന്ത്രി വി ശിവന്‍കുട്ടി, മുന്‍മന്ത്രി ഇപി ജയരാജന്‍, മുന്‍മന്ത്രിയും നിലവില്‍ എംഎല്‍എയുമായ കെടി ജലീല്‍, മുന്‍ എംഎല്‍എമാരായ സികെ സദാശിവന്‍, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരാണ് കേസിലെ പ്രതി പട്ടികയിലുള്ളത്. കേസില്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രിംകോടതി തള്ളിയതോടെയാണ് പ്രതിപക്ഷം മന്ത്രിയുടെ രാജിയ്ക്കായി മുറവിളി കൂട്ടുന്നത്.
തെരുവിലെ ഗുണ്ടായിസം നിയമസഭയില്‍ കാണിച്ച മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ അവകാശം ഇല്ലെന്ന് കോടതിക്കും ജനങ്ങള്‍ക്കും അറിയാമെന്നും ജനപക്ഷത്ത് നിന്നുള്ള സമരമല്ല നിയമസഭയില്‍ നടന്നതെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചു. ഖജനാവിലെ പണം ചെലവഴിച്ച മുഖ്യമന്ത്രി ധാര്‍മികതയെ കുറിച്ച് ചിന്തിക്കണം. നിയമസഭയില്‍ നടന്നതെന്താണെന്ന് ജനം കണ്ടതാണ്. അതില്‍പരം എന്ത് തെളിവാണ് വേണ്ടത്. ക്രിമിനലുകളെ സംരക്ഷിക്കാന്‍ എത്ര പണം ഖജനാവില്‍ നിന്ന് ചെലവഴിച്ചു എന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്ന ആവശ്യവും സുധാകരന്‍ ഉന്നയിച്ചു.
അതേസമയം കേസില്‍ വിധി വന്നതോടെ വിചാരണ നേരിടാന്‍ തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ അതിനായി രാജിവയ്‌ക്കേണ്ട ആവശ്യമിപ്പോള്‍ ഇല്ലെന്നും മന്ത്രി പറഞ്ഞിരുന്നു.