ചെന്നിത്തലയെ കറിവേപ്പില പോലെ കോണ്‍ഗ്രസ് പുറത്തിട്ടു; കെ സുരേന്ദ്രന്‍

കോഴിക്കോട് : ഉമ്മന്‍ ചാണ്ടി തിരഞ്ഞെടുപ്പ് സമിതിയുടെ നേതൃസ്ഥാനത്തെത്തിയത് കാര്യങ്ങള്‍ എളുപ്പമാക്കിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഉമ്മന്‍ ചാണ്ടിയേയും പിണറായി വിജയനേയും ഒരു പോലെ തുറന്ന് കാട്ടാനുള്ള വഴിയാണ് ഒരുങ്ങിയിരിക്കുന്നത്. ഇതിന് ഹൈക്കമാന്‍ഡിനോട് നന്ദി പറയേണ്ടി വരുമെന്നും അദ്ദേഹം കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയെ കറിവേപ്പില പോലെ എടുത്ത് കളഞ്ഞിട്ടാണ് ഉമ്മന്‍ചാണ്ടിയെ കൊണ്ടുവന്നത്. ഇത് ആരുപറഞ്ഞിട്ടാണ്? പാണക്കാട്ട് നിന്നുളള നിര്‍ദ്ദേശപ്രകാരമാണോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.
കോവിഡ് പടരുന്നതിന് കാരണം സംസ്ഥാനത്ത് ജനസാന്ദ്രത കൂടുതലാണെന്ന് പറഞ്ഞ ആരോഗ്യമന്ത്രിയുടെ വാദം വിവരക്കേടാണ്. കേരളത്തെക്കാള്‍ ജനസാന്ദ്രതയുളള മഹാനഗരങ്ങളില്‍ കോവിഡ് നിയന്ത്രണ വിധേയമായെന്നും ആരോഗ്യമന്ത്രി വിവരക്കേട് പറയുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.