Kerala NewsLatest NewsPolitics

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാത്തത് ഉദ്യോഗാര്‍ത്ഥികളോടുള്ള വെല്ലുവിളി: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന ഉദ്യോഗാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സിപിഎമ്മുകാരെ പിന്‍വാതിലിലൂടെ കുത്തിനിറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. സെക്രട്ടറിയേറ്റിന് മുമ്ബില്‍ സമരം ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയ ഉറപ്പാണ് മുഖ്യമന്ത്രി ലംഘിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്തെ കണ്ണില്‍പൊടിയിടല്‍ തന്ത്രം മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്ബ് സര്‍ക്കാര്‍ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയെങ്കിലും തിരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നതിനാല്‍ അതിന്റെ ഗുണം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിച്ചില്ല. രണ്ടാം പിണറായി സര്‍ക്കാര്‍ വന്ന ശേഷം ഒന്നരമാസത്തോളം ലോക്ക്ഡൗണ്‍ ആയതോടെ നിയമനങ്ങളൊന്നും നടന്നതുമില്ല. കാലാവധി നീട്ടാന്‍ സര്‍ക്കാരിനു മുന്നില്‍ ഒരു തടസവുമില്ലാതിരുന്നിട്ടും സമരം ചെയ്തുവെന്ന കാരണത്തിന് ഉദ്യോഗാര്‍ത്ഥികളെ ശിക്ഷിക്കുകയാണ്.

സര്‍ക്കാരിന്റെത് പ്രതികാര നടപടിയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമന നിരോധനത്തിനെതിരെ സമരം ചെയ്ത ഡിവൈഎഫ്‌ഐ ഇപ്പോള്‍ യുവാക്കളെ ഒറ്റുകൊടുക്കുകയാണ്. സര്‍ക്കാരിനെ കൂട്ട്പിടിച്ച്‌ അട്ടിമറിയിലൂടെ ജോലി നേടിയ ഡിവൈഎഫ്‌ഐ നേതാക്കളാണ് പി.എസ്.സി പരീക്ഷയുടെ വിശ്വാസത തകര്‍ത്തത്. കേരളം കണ്ടതില്‍ വെച്ച്‌ ഏറ്റവും വലിയ യുവജനദ്രോഹ സര്‍ക്കാരാണ് പിണറായി വിജയന്റെതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button