ആ പരിപ്പ് ഇവിടെയും വേവും; മുഖ്യമന്ത്രിക്കു മറുപടിയുമായി സുരേന്ദ്രന്

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കേന്ദ്ര സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി നടത്തുന്ന പദപ്രയോഗങ്ങള്‍ അദ്ദേഹത്തിന്റെ പദവിക്ക് ചേര്‍ന്നതല്ലെന്ന് സുരേന്ദ്രന് പറഞ്ഞു. മുഖ്യമന്ത്രി അന്തസ് മറക്കുകയാണ്. ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ ഉദ്യോഗസ്ഥര്‍ പാര്‍ട്ടിക്കാരല്ലെന്നും സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.
ഇത് കേരളമാണ്, ഞങ്ങള്‍ നേരിടും, ആ പരിപ്പ് ഇവിടെ വേവില്ല തുടങ്ങിയ പദപ്രയോഗങ്ങള്‍ മുഖ്യമന്ത്രിയുടെ പദവിക്ക് ചേര്‍ന്നതല്ല. സര്‍ക്കാര്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെങ്കില്‍ കേന്ദ്ര ഏജന്‍സികളെ എന്തിനാണ് ഭയപ്പെടുന്നതെന്നും എകെജി സെന്ററിലെ ഭാഷ മുഖ്യമന്ത്രി പൊതുസമൂഹത്തില്‍ ഉപയോഗിക്കരുതെന്നും സുരേന്ദ്രന് പറഞ്ഞു.
ബിജെപിയുടെ പരിപ്പ് ഇവിടെ ചെലവാകില്ലെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് എന്ത് അര്ഹതായാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. ബംഗാളിലും തൃപുരയിലും ചെലവായിട്ടുണ്ടെന്നും സിപിഎം ഭരിച്ചയിടങ്ങളിലെല്ലാം ബിജെപി വരികയാണെന്നും സുരേന്ദ്രന് പറഞ്ഞു. കേരളത്തിലും ആ പരിപ്പ് വേവും. ബിജെപി അധികാരത്തില്‍ വരുമെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.