Kerala NewsLatest NewsUncategorized

‘കാലം കരുതി വെച്ച പ്രതിഫലം’; കെ സുരേന്ദ്രനെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ

കോട്ടയം: കൊടകര കുഴൽപണ കേസ് കത്തി നിൽക്കുന്നതിനിടെ ബി.ജെ.പി അധ്യക്ഷൻ കെ. സുരേന്ദ്രന് എതിരെ മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്. 2013 സോളാർ കേസ് ഉയർന്നു നിൽക്കുന്ന കാലത്ത് സുരേന്ദ്രൻ അർജുൻ രാധാകൃഷ്ണനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഗുജറാത്തിൽ ബിസിനസ് ഉണ്ടെന്ന ആരോപണമാണ് സുരേന്ദ്രൻ അന്ന് അർജുനെതിരെ ഉന്നയിച്ചത്. ഇത് വ്യാജമാണെന്നും അർജുൻ രാധാകൃഷ്ണൻ വ്യക്തമാക്കുന്നു. കാലം കരുതിവെച്ച പ്രതിഫലമാണ് ഇപ്പോൾ സുരേന്ദ്രന് ഉണ്ടായിരിക്കുന്നതെന്ന് അർജുൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

അർജുൻ രാധാകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

രാഷ്ട്രീയ നേതാക്കളെ രാഷ്ട്രീയമായി നേരിടാതെ അവരെക്കുറിച്ചും, അവരുടെ മക്കളെ കുറിച്ചു പോലും കള്ള കഥകൾ മെനഞ്ഞുണ്ടാക്കി സമൂഹ മധ്യത്തിൽ സംശയത്തിന്റെ നിഴലിൽ നിറുത്തി അപമാനിക്കുന്നതിൽ ഒന്നാം സ്ഥാനത്തുള്ള ആളാണ് ബിജെപി നേതാവ് ശ്രീ കെ സുരേന്ദ്രൻ. ഇപ്രകാരം ചെയ്യുമ്ബോൾ അവർക്കും അവരുടെ കുടുംബാങ്ങങ്ങൾക്കും ഉണ്ടായേക്കാവുന്ന മാനസീക സമ്മർദ്ദങ്ങളെ കുറിച്ച്‌ ആരും ആലോചിക്കാറുണ്ടാകില്ല.

“നിത്യവും ചെയ്യുന്ന കർമ്മ ഗുണഫലം
കർത്താവൊഴിഞ്ഞു താൻ അന്യൻ ഭുജിക്കുമോ
താന്താൻ നിരന്തരം ചെയുന്ന കർമ്മങ്ങൾ
താന്താൻ അനുഭവിച്ചീടുകെന്നേ വരൂ” – എന്ന രാമായണത്തിലെ വരികൾ ആണ് ശ്രീ സുരേന്ദ്രന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്ബോൾ എനിക്ക് ഓർമ്മ വരുന്നത്.

2013 – ൽ എന്റെ അച്ഛൻ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തര മന്ത്രി ആയിരുന്നപ്പോൾ ഇദ്ദേഹം എനിക്ക് എതിരെ നട്ടാൽ കുരുക്കാത്ത കെട്ടു കഥകൾ മാധ്യമങ്ങളിൽ അഴിച്ചു വിട്ടത് കുറച്ചു പേരെങ്കിലും ഓർക്കുന്നുണ്ടാകും. ഗുജറാത്തിൽ എനിക്ക് എന്തൊക്കെയോ ബിസിനസ് ഉണ്ടെന്നും അവിടുത്തെ മന്ത്രിമാരുമായി ഞാൻ ചർച്ച നടത്തിയെന്നും ഉള്ള ആരോപണങ്ങളിൽ യാഥാർഥ്യത്തിന്റെ ഒരു കണിക പോലുമില്ല എന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു എങ്കിലും എന്നെ സംശയത്തിന്റെ നിഴലിൽ നിറുത്തി ആഭ്യന്തര മന്ത്രി ആയിരുന്ന എന്റെ അച്ഛനെ ഒരു ദിവസമെങ്കിലും പ്രതിരോധത്തിൽ ആക്കാൻ അദ്ദേഹത്തിന്റെ വളഞ്ഞ ബുദ്ധി ഉപയോഗിച്ചു. അന്ന് അത് എത്ര പേരെ മാനസീകമായി തളർത്തി എന്ന് അദ്ദേഹത്തിന് അറിവുണ്ടാകാൻ വഴിയില്ല.

കാലം കരുതി വെച്ച പ്രതിഫലം ആണ് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു ഇന്ന് അദ്ദേഹം നേരിടുന്ന ഈ പ്രതിസന്ധികൾ. അദ്ദേഹത്തിന്റെ മകൻ ഒരു പക്ഷെ നിരപരാധി ആയേക്കാം, അറിയില്ല ! അങ്ങനെ ആണെങ്കിൽ അയാൾ ഇപ്പോൾ അനുഭവിക്കുന്ന മാനസീക സംഘർഷം എനിക്ക് മനസിലാകും, അത് ശ്രീ സുരേന്ദ്രനും മനസിലാകുന്നുണ്ടാകും!!!

ഇനി എങ്കിലും താത്ക്കാലിക നേട്ടങ്ങൾക്കായി വായിൽ വരുന്നത് വിളിച്ചു പറയുന്ന ശീലം അവസാനിപ്പിക്കാൻ ശ്രീ സുരേന്ദ്രന് സാധിക്കട്ടെ എന്നു ആശംസിക്കുന്നു.

രാഷ്ട്രീയത്തിൽ ഇറങ്ങാത്ത അർജുൻ വ്യക്തിപരമായി ഉണ്ടായ ആക്രമണം ചൂണ്ടിക്കാട്ടിയാണ് പ്രതികരിച്ചിരിക്കുന്നത്. എങ്കിലും തിരുവഞ്ചൂരിന്റെ പിൻഗാമിയാകൻ അർജുൻ തയ്യാറെടുക്കുകയാണോയെന്ന ചോദ്യം കോട്ടയത്ത് ഉയരുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button