എന്ത് ലൈഫ്?, വീടില്ലാത്തവന്റെ ഗതികേടിൽ വെന്തെരിഞ്ഞ കുടുംബം, ദാരിദ്രത്തിനിടെ മിച്ചം കണ്ടും വിശക്കുന്നവർക്ക് ആശ്വാസമായിരുന്ന നന്മ മനസുകൾ..,

നെയ്യാറ്റിന്‍കര/ കോടതി ഉത്തരവ് നടപ്പിലാക്കാനെത്തിയ പോലീസിന്റെ മുന്നില്‍ വച്ച് പെട്രോള്‍ ദേഹത്തൊഴിച്ച് പൊള്ളലേറ്റ് മരിച്ച രാജന്റേയും അമ്പിളിയുടേയും മൃതദേഹം താമസിക്കുന്ന വീട്ടുവളപ്പില്‍ തന്നെ സംസ്കരിക്കാന്‍ കുഴിയെടുക്കുമ്പോൾ പോലും അത് പോലീസ് ശ്രമിക്കുകയുണ്ടായി. ‘എല്ലാവരും കൂടി കൊന്നു, ഇനി അടക്കാനും സമ്മതിക്കില്ലേ എന്ന്’ പോലീസിനോട് പറഞ്ഞുകൊണ്ടായിരുന്നു മകന് കുഴിയെടുത്തത്. ഇതിനിടെ മൃതദേഹം സംസ്കരിക്കുന്ന സമയത്താണ് അമ്പിളി മരിച്ച വാർത്തയും എത്തുന്നത്. ദാരിദ്രത്തിനിടെ മിച്ചം കണ്ടും വിശക്കുന്നവർക്ക് ആശ്വാസമായിരുന്നു കുടുംബമായിരുന്നു രാജിന്റേത്. മിക്ക ദിവസങ്ങളിലും റോഡോരത്തെ വിശക്കുന്ന അനാഥർക്കായി ഒരു നേരത്തെ ഭക്ഷണമെത്തിക്കുന്നതിൽ ശ്രദ്ധിച്ചിരുന്ന ഒരു മനുഷ്യ സ്‌നേഹികൂടെയായിരുന്നു രാജൻ. രാജനും കുടുംബവും താമസിക്കുന്ന ഭൂമി സ്വന്തമാക്കാൻ അയൽക്കാരൻ നടത്തിയ ആസൂത്രിത നീക്കമാണ് രണ്ടു ജീവനുകൾ നഷ്പ്പെടാൻ കാരണമായത്. തർക്ക ഭൂമി ആകട്ടെ അയൽക്കാരന്റെ സ്വന്തമായിരുന്നില്ല. ഭൂമിയുടെ ഉടമ ആരെന്നു പോലും അറിയാത്ത അവസ്ഥയിൽ ചില രേഖകൾ ഉണ്ടാക്കി വർഷങ്ങളായി രാജനും കുടുംബവും താമസിക്കുന്ന ഭൂമി കുടിയൊഴിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. ഇവർ ഉണ്ടാക്കിയ രേഖകളുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ് ഉണ്ടാവുന്നത്. പോലീസിനെ സ്വാധീനിച്ചു അയൽക്കാരൻ ഭൂമി സ്വന്തമാക്കുവാൻ നോക്കുകയായിരുന്നു.

കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട തുടർ നടപടികൾ സ്‌റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതി ഉത്തരവിറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപായിരുന്നു പൊലീസിന്റെ ഇടപെടലും തുടർന്ന് ആത്മഹത്യയും ഉണ്ടാകുന്നത്. പൊലീസ് തിടുക്കം കാട്ടിയില്ലായിരുന്നുവെങ്കിൽ അച്ഛനും അമ്മയും ജീവനോടെ ഉണ്ടാകുമായിരുന്നുവെ ന്നാണ് മകൻ രഞ്ജിത്ത് പറഞ്ഞിരിക്കുന്നത്. സ്റ്റേ ഓർഡർ വരുമെന്നറിഞ്ഞിട്ടാണ് പൊലീസ് കുടിയൊഴുപ്പിക്കാൻ തിടുക്കപ്പെട്ട് നീക്കം നടത്തിയതെന്നാണ് രഞ്ജിത്ത് മുഖ്യമായും ആരോപിക്കുന്നത്. ജനുവരി 15 വരെയാണ് കുടിയൊഴിപ്പിക്കൽ സ്റ്റേ ചെയ്തുകൊണ്ട് കോടതി ഉത്തരവിറക്കിയത്. രാജന്റെയും ഭാര്യ അമ്പിളിയുടെയും മരണത്തിന് കാരണം പൊലീസെന്നാണ് മകൻ രഞ്ജിത്ത് പറയുന്നത്. ‘നേരത്തേയും സ്ഥലം ഒഴിപ്പിക്കാനായി ഉദ്യോഗസ്ഥർ എത്തിയിരുന്നു. പൊലീസിനെ പേടിപ്പിച്ച് പിൻതിരിപ്പിക്കാനാണ് അച്ഛൻ ശ്രമിച്ചത്. പൊലീസ് ഉദ്യോഗസ്ഥൻ ലൈറ്റർ തട്ടിത്തെറിപ്പിക്കുന്നതിനിടെയാണ് തീപടർന്നത്.’ രഞ്ജിത്ത് പറയുന്നു. ‘ഞങ്ങളിവിടെ താമസിക്കാൻ തുടങ്ങിയിട്ട്, എന്റെ അച്ഛൻ കറണ്ടിന് അപേക്ഷിച്ചു. പക്ഷെ കിട്ടിയില്ല.വെള്ളത്തിന് അപേക്ഷിച്ചു, കിട്ടിയില്ല. ഒടുവിൽ ഞാനും എന്റെ കുഞ്ഞമ്മേടെ മോനും കൂടിയാണ് കിണർ വെട്ടി, വെള്ളം കണ്ടത്.
എന്റെ അച്ഛൻ എന്നും രാവിലെ റോഡ് സൈഡിൽ വയ്യാതെ കിടക്കുന്നവർക്ക് ഭക്ഷണം കൊണ്ടുപോകുമായിരുന്നു. ഈ സംഭവം നടക്കുന്നതിന് തലേദവിസമാണ് ഭക്ഷണം കൊണ്ടുപോകാൻ പുതിയ ഫ്‌ളാസ്‌കും, ചായയിടാൻ പാത്രവുമായി അച്ഛൻ വരുന്നത്. മരിക്കാൻ സമയമായപ്പോൾ എന്നോട് പറഞ്ഞു മോനെ, അച്ഛൻ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല…അഥവാ എന്തെങ്കിലും സംഭവിച്ചാൽ ഞാൻ കൊടുക്കുന്നത് പോലെ നീയും എല്ലാവർക്കും കൊടുക്കണം.’ രഞ്ജിത്ത് പറയുന്നു. ഈ മാസം 22നാണ് രാജനും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത്. രാജന് 75 ശതമാനം പൊള്ളലേറ്റിരുന്നു. ഇദ്ദേഹത്തിന്റെ രണ്ട് വൃക്കകളും തകരാറിലായിരുന്നു. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റർ പൊലീസ് തട്ടിമാറ്റുന്നതിനിടെയാണ് തീ പടർന്നുപിടിക്കുന്നത്. ദമ്പതികൾ രണ്ടുപേരും മരണപെട്ടതോടെ കുറ്റക്കാരനായി പോലീസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങളും നടക്കുകയാണ്. ഗുരുതരമായി പൊള്ളലേറ്റ രാജനും ഭാര്യ അമ്പിളിയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. പൊലീസ് പിന്മാറാനായിരുന്നു താൻ ആത്മഹത്യാശ്രമം നടത്തിയതെന്ന് രാജൻ പ്രതികരിച്ചിരുന്നു. രാജന്റെ മരണത്തിന് പിന്നാലെ ഭാര്യയും മരണത്തിന് കീഴടങ്ങുകയായിരുന്നു.
