എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടന്നതെന്ന് ഇപ്പോൾ വ്യക്തമായെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടന്നതെന്ന് ഇപ്പോൾ വ്യക്തമായെന്നും ഇഡിക്ക് സ്വപ്ന സുരേഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വർണ്ണക്കടത്തിൻറെ സൂത്രധാരൻ മുഖ്യമന്ത്രിയാണെന്ന് തെളിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. ബിജെപി നേരത്തെ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരി ആയി വരികയാണ്. രാജ്യദ്രോഹകേസിൽ മുഖ്യമന്ത്രിക്കും അദ്ദേഹത്തിൻറെ ഓഫീസിനും പങ്കുണ്ടെന്ന് സ്വപ്നയുടെ മൊഴിയിലൂടെ വ്യക്തമായി.
ധാർമ്മികത ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് മുഖ്യമന്ത്രി രാജിവെക്കണം. രാജ്യത്തെ നാണംകെടുത്തിയ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ഉയർന്ന ആരോപണങ്ങൾക്ക് സിപിഎം കേന്ദ്രകമ്മിറ്റി മറുപടി പറയണം.സർക്കാരിനെതിരായ സമരം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കും. മുഖ്യമന്ത്രിയും സർക്കാരും രാജിവെച്ചൊഴിയും വരെ പ്രതിഷേധങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.