സംസ്ഥാനത്തിന് വാക്സിന്‍ വാങ്ങേണ്ടിവന്നേക്കാമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍
തിരുവനന്തപുരം: സംസ്ഥാനത്തിന് വാക്സിന്‍ വാങ്ങേണ്ടിവന്നേക്കാമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കോവിഡ് വ്യാപനം ഇങ്ങനെ തുടരുകയും മൂന്നാംതരംഗം വരുകയുമാണെങ്കില്‍ കേരളത്തിന് വാക്‌സിന്‍ വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.
അതിനാല്‍ വാക്‌സിന്‍ വാങ്ങാന്‍ ബജറ്റില്‍ നീക്കിവെച്ച ആയിരംകോടി അതിനായിത്തന്നെ നിലനിര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. നിമസഭയിലാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.
കേന്ദ്രം സൗജന്യമായി വാക്‌സിന്‍ നല്‍കുന്നതിനാല്‍ ആ ആയിരം കോടി എങ്ങനെ വിനിയോഗിക്കണമെന്നതിനെപ്പറ്റി് സഭയെ അറിയിക്കണമെന്ന് പി.സി. വിഷ്ണുനാഥ് ആവശ്യപ്പെട്ടിരുന്നു. മന്ത്രി ഇതിനുളള മറുപടിയാണ് നല്‍കിയത്. മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ ക്രമപ്രശ്‌നം തള്ളി.
1991 മുതലുള്ള പരാതികള്‍ നിയമസഭാ സമിതികളുടെ മുന്നില്‍ കെട്ടിക്കിടക്കുന്നതിനെക്കുറിച്ചും വിഷ്ണുനാഥ് ക്രമപ്രശ്‌നം ഉന്നയിച്ചു. നിയമസഭാ സമിതികള്‍ക്കു മുന്നിലുള്ള ഫയലുകള്‍ ഒന്നല്ലെന്നും അനേകം പേരുടെ ജീവിതമാണെന്നും വകുപ്പുകളുടെ നിസ്സഹകരണം മൂലമാണിതെന്നും സ്പീക്കര്‍ എം.ബി. രാജേഷ് പറഞ്ഞു.