ബന്ധുനിയമനത്തിൽ മന്ത്രി കെ.ടി. ജലീൽ നടത്തിയത് അധികാര ദുർവിനിയോഗം; സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് ലോകായുക്ത

തിരുവനന്തപുരം: ബന്ധുവായ കെ.ടി അദീപിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ നിയമിച്ച വിവാദമായ ബന്ധുനിയമനത്തിൽ മന്ത്രി കെ.ടി ജലീൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ലോകായുക്താ റിപ്പോർട്ട്. അദീപിനെ ജനറൽ മാനേജരായി നിയമിച്ച ജലീൽ ആരോപണത്തിൽ കുറ്റക്കാരനാണ്. അധികാര ദുർവിനിയോഗമാണ് ജലീൽ നടത്തിയത്. സ്വജനപക്ഷപാതം കാട്ടിയ അദ്ദേഹത്തിന് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ലോകായുക്താ റിപ്പോർട്ടിൽ പറയുന്നു.
ബന്ധുവിനെ നിയമിക്കുന്നതിനായി ജനറൽ മാനേജർ തസ്തികയിലെ യോഗ്യതയിൽ ഇളവ് വരുത്തി ശേഷം അദീപിനെ നിയമിച്ചു. മന്ത്രിക്കെതിരെ വി.കെ മുഹമ്മദ് ഷാഫി നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ പരാതിയിൽ പറയുന്നതെല്ലാം സത്യമാണെന്ന് ബോദ്ധ്യപ്പെട്ടു, മന്ത്രിസ്ഥാനത്ത് തുടരാൻ കെ.ടി ജലീൽ അതിനാൽ അർഹനല്ലെന്നും അദ്ദേഹത്തെ സ്ഥാനത്ത് നിന്നും നീക്കണമെന്നും ലോകായുക്ത മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. ഇതാവശ്യപ്പെടുന്ന റിപ്പോർട്ട് ഉടൻതന്നെ മുഖ്യമന്ത്രിക്ക് സമർപ്പിക്കും.