Kerala NewsLatest NewsNews

കടല്‍ക്ഷോഭം രൂക്ഷമായി, ഇരവിപുരത്തും കൊല്ലത്തും തീരം കടൽ വിഴുങ്ങുകയാണ്.

ഇരവിപുരത്തും കൊല്ലത്തും കടല്‍ക്ഷോഭം രൂക്ഷമായി. കടല്‍ഭിത്തി ഭേദിച്ച്‌ തിരമാലകള്‍ കരയിലേക്ക് അടിച്ചുകയറുന്നത് തുടരുന്നതിൽ തീരവാസികള്‍ തീർത്തും ഭയപ്പാടിലാണ്. അധികൃതരാവട്ടെ ഇക്കാര്യത്തിൽ അനങ്ങാപ്പാറ നയത്തിലാണ്. മഴക്കാലം എത്തിയതോടെ പതിവ് പോലെ ഇരവിപുരം, കാക്കത്തോപ്പ്, കുളത്തിന്‍പാട്, ചാനാക്കഴികം, കച്ചിക്കടവ് ഭാഗത്തെ തീരപ്രദേശം ഏതാണ്ട് തീർത്തും ഇല്ലാതായി കൊണ്ടിരിക്കുകയാണ്. കടല്‍ കലിതുള്ളിയെത്തി തീരത്തെ എടുത്തുകൊണ്ടിരിക്കുകയാണ്. കൂറ്റന്‍ തിരമാലകളെ തടയാന്‍ പുലിമുട്ടുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കാത്തത് മൂലം, തീരമേഖലകളില്‍ കടൽ കയറ്റം മൂലമുള്ള നാശനഷ്ടങ്ങള്‍ക്ക് വർധിച്ചിരിക്കുകയാണ്. വര്‍ഷാവര്‍ഷം തീരം തീരം കടലെടുക്കുന്നതോടെ മത്സ്യത്തൊഴിലാളികള്‍ക്ക് കട്ടമരങ്ങള്‍ ഇറക്കാന്‍ ഇടമില്ലാത്ത അവസ്ഥയാണുള്ളത്. ഇരവിപുരത്തും കൊല്ലത്തുമായി ഒട്ടേറെ വീടുകളും സ്ഥലവും ഇതിനകം കടലെടുത്തു. നിരവധി തെങ്ങുകള്‍ കടലിലേക്കു പതിച്ചു. ഈ ഭാഗങ്ങളിൽ ഇനി കടലിനെടുക്കാനുള്ളത് തീരദേശ റോഡ് മാത്രമാണ്. അതു കൂടി കടൽ എടുത്താല്‍, കൊല്ലം തോടിനും കടലിനും മധ്യേ താമസിക്കുന്നവരുടെ വീടുകളും കടലെടുക്കുന്ന അവസ്ഥയിലാകും.

കൊല്ലം തങ്കശ്ശേരി ബ്രേക്ക് വാട്ടര്‍ പദ്ധതി ആരംഭിച്ച നാള്‍ മുതലാണ് തീരം കടൽ വിഴുങ്ങാൻ തുടങ്ങിയതെന്നാണ് മത്സ്യത്തൊഴിലാളികള്‍ പരാതിപ്പെടുന്നത്. പത്ത് കിലോമീറ്ററോളം ഭാഗത്ത് ചെറു പുലിമുട്ടു വേണമെന്ന മദ്രാസ് ഐഐടിയുടെ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി ഇനിയും നടപ്പാക്കിയിട്ടുമില്ല. റിപ്പോര്‍ട്ട് അവഗണിച്ചു കൊണ്ട് ഇടതുവലതു മുന്നണികളുടെ രാഷ്ട്രീയ വടംവലിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങുകയാണ്. 36 പുലിമുട്ടുകളാണ് പരവൂര്‍ മുതല്‍ കാക്കത്തോപ്പുവരെ സ്ഥാപിക്കേണ്ടത്. ഇതിൽ പന്ത്രണ്ട് പുലിമുട്ടുകള്‍ സ്ഥാപിച്ചപ്പോഴേക്കും പദ്ധതി പാതി വഴിയില്‍ നിലച്ചിരിക്കുകയാണ്. ഇതിനെതിരെ ഉയർന്ന ജനകീയ സമരങ്ങള്‍ക്കു ശേഷമാണ് മദ്രാസ് ഐഐടി വിദഗ്ധരെ എത്തിച്ച്‌ വീണ്ടും പഠനം നടത്തിയത്. ഇതിന്റെ ഭാഗമായി വീണ്ടും ലക്ഷ്മീപുരം തോപ്പ് മുതല്‍ 36 ചെറുപുലിമുട്ടുകള്‍ സ്ഥാപിച്ച് തുടങ്ങി. എന്നാൽ, രണ്ടു വർഷങ്ങൾ കഴിഞ്ഞിട്ടും പുലിമുട്ടുകള്‍ സ്ഥാപിച്ചു തീര്‍ന്നിട്ടില്ല. പദ്ധതി ഒച്ചിനേക്കാൾ വേഗത്തിൽ ഇഴയുകയാണ്. ഇരവിപുരം, കാക്കത്തോപ്പ്, കുളത്തിന്‍പാട്, ചാനാക്കഴികം, കച്ചിക്കടവ് ഭാഗത്തെ തീരപ്രദേശം ഏതാണ്ട് തീർത്തും ഇല്ലാതായി കൊണ്ടിരിക്കുകയാണ്. ഇത് വഴിയാണ്തീരദേശ ഹൈവേ റോഡ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഹൈവേയുടെ സര്‍വേ നടപടി പുരോഗമിക്കുകയാണ്. അടിയന്തരമായി പുലിമുട്ട് നിര്‍മാണം വേഗത്തിലാക്കി തീരദേശത്തെ സംരഷിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളും ഒന്നടങ്കം ആവശ്യപ്പെടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button