റെക്കോഡ് വിജയം കൈവരിച്ച് എസ്.എസ്.എല്‍.സി പരീക്ഷ ഫലം;99.47% വിജയം
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.47% വിജയം. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ് പ്രഖ്യാപനം നടത്തിയത്.
സംസ്ഥാനത്ത് 4,21,887 പേര്‍ പരീക്ഷ എഴുതി. ഇതില്‍ പേര്‍ 4,19,651 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിവിധ സര്‍ക്കാര്‍ വെബ് സൈറ്റുകള്‍ വഴി മൂന്നുമണി മുതല്‍ ഫലം ലഭ്യമാകും. 98.28 ആയിരുന്നു കഴിഞ്ഞ അധ്യയന വര്‍ഷത്തെ വിജയശതമാനം. 0.65 ശതമാനത്തിന്റെ വര്‍ധനയാണ് ഇത്തവണത്തെ വിജയശതമാനത്തില്‍ ഉണ്ടായിട്ടുള്ളത്.
991 പേരാണ് പ്രൈവറ്റ് വിഭാഗത്തില്‍ പരീക്ഷയെഴുതിയത്. 72 ക്യാംപുകളിലായി 12701 അധ്യാപകര്‍ ചേര്‍ന്നാണ് മൂല്യനിര്‍ണയം നടത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഏപ്രില്‍ എട്ടു മുതല്‍ 28 വരെയാണ് എസ്എസ്എല്‍സി പരീക്ഷ നടത്തിയത്.
വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂജില്ല കണ്ണൂരാണ് (99.85%). കുറവുള്ള ജില്ല വയനാട് (98.13%). വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാല (99.97%), കുറവുള്ള വിദ്യാഭ്യാസ ജില്ല വയനാട് (98.13%). ഗള്‍ഫില്‍ ആകെ 9 സെന്ററുകളുണ്ട്. ഇവിടെ 97.03% വിജയമാണ് ഉണ്ടായത്. മൂന്നു വിദ്യാലയങ്ങള്‍ സമ്പൂര്‍ണ വിജയം കരസ്ഥമാക്കി. 9 സെന്ററുകളുള്ള ലക്ഷദ്വീപില്‍ 96.81% വിജയം കൈവരിച്ചു.
ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത് മലപ്പുറം എടരിക്കോട് പികെഎംഎച്ച്എസ്എസ് സ്‌കൂളിലാണ് 2,076 വിദ്യാര്‍ഥികള്‍. ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷയെഴുതിയത് പത്തനംതിട്ടയിലെ നിരണം വെസ്റ്റിലുള്ള സെന്റ് തോമസ് എച്ച്എസ്എസിലാണ്. ഒരാള്‍ മാത്രമാണ് ഇവിടെ പരീക്ഷയെഴുതിയത്. സ്‌കൂളുകളില്‍ നേരിട്ട് ക്ലാസുകള്‍ ഇല്ലാതെയായിട്ട് രണ്ടാമത്തെ തുടര്‍ച്ചയായ അധ്യയന വര്‍ഷമാണിത്. പ്ലസ് വണ്‍ പ്രവേശനം നടന്നാലും ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രമേ നടത്താനാവൂ.