തിരുവാഭരണത്തിലെ സ്വര്‍ണ മുത്തുകള്‍ കാണാതായ സംഭവം; ജീവനക്കാരുടെ വീഴ്ച
കോട്ടയം:ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന രുദ്രാക്ഷമാലയിലെ മുത്തുകള്‍ കാണാത്ത സംഭവത്തില്‍ അന്വേഷണെ ഊര്‍ജ്ജിതമാക്കി. നാലടിയോളം ഉയരമുള്ള വിഗ്രഹത്തില്‍ രണ്ട് മടക്കായി ചാര്‍ത്തുന്ന മാലയിലെ 81 മുത്തുകളില്‍ നിന്ന് ഏഴ് ഗ്രാമിന്റെ ഒമ്പത് മുത്തുകളാണ് കാണാതായിരിക്കുന്നത്.
അതേസമയം ആഭരണം മോഷണം പോയത് ഉദ്യോഗസ്ഥര്‍ ഒരു മാസം മുന്‍പ് അറിഞ്ഞതായാണ് സൂചന. എന്നിട്ടും എന്തുകൊണ്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ അറിയിക്കാതെ മറച്ചു വച്ചതെന്ന ചോദ്യമുയരുന്നു.
ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തി വന്നത് കഴിഞ്ഞ മാസമായിരുന്നു. തുടര്‍ന്ന് പുതിയ മേല്‍ശാന്തി പൂജാകാര്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ സാമഗ്രികളും ദേവസ്വം അധികൃതരുടെ സാന്നിധ്യത്തില്‍ സാക്ഷ്യപ്പെടുത്തിതരാന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രുദ്രാക്ഷ മാല മോഷണം പോയതായി ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് ദേവസ്വം വിജിലന്‍സില്‍ പരാതി നല്‍കുകയും വിജിലന്‍സ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ക്ഷേത്ര ശ്രീകോവിലിനുള്ളിലുള്ള മാലയായതിനാല്‍ പൂജാരിമാര്‍ക്കാണ് പൂര്‍ണ ഉത്തരവാദിത്തം. മുന്‍ മേല്‍ശാന്തിയേയും മറ്റ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാനാണ് നീക്കം. അതേസമയം സ്വര്‍ണ്ണ മുത്തുകള്‍ കാണാതായ സംഭവത്തില്‍ ഹൈന്ദവ സംഘടനകള്‍ തിങ്കളാഴ്ച നാമജപ പ്രതിഷേധം നടത്തുമെന്നും സൂചനകളുണ്ട്.