വടക്കേ മലബാറില്‍ ഇനി കളിയാട്ടക്കാലം
കണ്ണൂര്‍: തുലാം പത്ത് കഴിഞ്ഞു. ഇനി വടക്കേ മലബാറില്‍ കളിയാട്ടക്കാലം. ഇടവപ്പാതിക്ക് കൂടാരം കയറിയ തെയ്യക്കോലങ്ങള്‍ ഇനി രംഗത്തെത്തും. ഉത്തരമലബാറിലെ കളിയാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന കാവാണ് കണ്ണൂര്‍ കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠന്‍ ക്ഷേത്രം. പുത്തരി അടിയന്തരം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ചടങ്ങുകള്‍ മാത്രമായാണ് നടന്നത്. വിവിധ മുച്ചിലോട്ട് കാവുകളിലും ഇത്തവണ ചടങ്ങുകള്‍ മാത്രമായിരിക്കും ഉണ്ടാകുക.
എന്നാല്‍ ചില ക്ഷേത്രങ്ങളില്‍ തെയ്യങ്ങള്‍ കെട്ടിയാടും പ്രതീക്ഷയാണ് ഓരോ തെയ്യാട്ട കാലവും. മാറി മാറി മാലോകര്‍ ഒത്തു ചേരുന്ന നാളിനായി നാടും നഗരവും പ്രതീക്ഷയോടെ കാതോര്‍ക്കുകയാണ് നാടും നാട്ടാരും. തുലാപ്പത്ത് പിറന്നാല്‍ ഗ്രാമങ്ങളില്‍ തോറ്റംപാട്ടുയരുന്ന കാലമായാണ് അറിയപ്പെടുന്നത്. ഇടവപ്പാതി വരെ പിന്നെ തെയ്യക്കാലമാണ്.
കാര്‍ഷിക സംസ്‌കാരത്തിന്റെ ഓര്‍മകളുണര്‍ത്തി വീണ്ടുമൊരു പത്താമുദയം വരുന്നതോടെ കാര്‍ഷിക സമൃദ്ധിക്കായി പ്രാര്‍ഥനയിലാണ് വിശ്വാസികള്‍. വടക്കന്‍ കേരളത്തില്‍ പ്രാദേശികമായി പത്താതയെന്നു വിളിക്കുന്ന ഈ ദിനത്തില്‍ കാവുകളിലും കഴകങ്ങളിലും കോട്ടങ്ങളിലുമെല്ലാം പ്രത്യേക പൂജകളുമുണ്ടാകും. ജില്ലയില്‍ തുലാം ഒന്നിനുതന്നെ കാര്‍ഷിക തെയ്യങ്ങള്‍ അരങ്ങിലെത്തിയെങ്കിലും തെയ്യാട്ടക്കാവുകള്‍ ഇനിയാണു സജീവമാകുന്നത്. നീലേശ്വരം അഞ്ഞൂറ്റമ്പലം കാവിലാണ് ആദ്യ കളിയാട്ടം.
കലയ്ക്കപ്പുറം ഭക്തിയും വിശ്വാസവും നിറയുന്ന അനുഷ്ഠാന രൂപമാണ് തെയ്യം. മിക്ക സമുദായങ്ങള്‍ക്കും തന്നെ അവരവരുടെ ആരാധനാമൂര്‍ത്തികളായ തെയ്യങ്ങളുണ്ട്. കളിയാട്ടം നടക്കുമ്പോള്‍ ഇവര്‍ക്കെല്ലാം വ്യത്യസ്തമായ ചുമതലകളും ഉണ്ട്. ചെണ്ട മേളങ്ങളോടെ തെയ്യം കെട്ടിയാടുന്നതു മലയന്‍, വണ്ണാന്‍, അഞ്ഞൂറ്റാന്‍, മുന്നൂറ്റാന്‍, മാവിലന്‍, പുലയന്‍, കോപ്പാളന്‍, വേലന്‍, പരവന്‍ തുടങ്ങിയ ജാതി സമൂഹങ്ങളാണ്. വിശ്വാസ സമൂഹത്തിന് രോഗ പീഡകള്‍ അകറ്റുന്ന, കൃഷിയെ അഭിവൃദ്ധിപ്പെടുത്തുന്ന മൂര്‍ത്തികളാണു തെയ്യങ്ങള്‍.
മലാപ്പില്‍ ഭഗവതിയും മടന്തമ്മയും കാടുകാക്കുന്ന തെയ്യങ്ങളാണ്. വയനാട്ടു കുലവന്‍, തൊണ്ടച്ഛന്‍ തെയ്യം, കണ്ടനാര്‍ കേളന്‍ തുടങ്ങിയവയും പ്രധാനപ്പെട്ടത് തന്നെ. കാസര്‍ഗോഡ് കോലങ്ങള്‍ക്ക് അനുഷ്ഠാനം ഏറും. പ്രകൃതിയോടിണങ്ങിയ ആചാര അനുഷ്ടാന കലാരൂപമാണ് തെയ്യങ്ങള്‍. മുഖത്തെഴുത്ത് മുതല്‍ അണിയലം വരെ എല്ലാം പ്രകൃതിദത്തമാണ്. ഭക്തരുടെ കണ്ണീരൊപ്പുന്ന അമ്മ ദേവതകളായും, വീര പുരുഷന്മാരായും അവര്‍ കാവുകളിലും കോട്ടങ്ങളിലും കഴകങ്ങളിലും ഉറഞ്ഞാടും. കോവിഡ് ഇല്ലാതാക്കിയ രണ്ട് തെയ്യാട്ടകാലങ്ങള്‍ വിശ്വാസികളുടെയും തെയ്യ പ്രേമികളുടെ മനസ്സില്‍ എന്നും നൊമ്പരമാണ്.