ഐസ്വാള്‍ : അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മക്കെതിരെ കേസെടുത്ത് മിസോറം പൊലീസ്. സംസ്ഥാനങ്ങള്‍ തമ്മിലുണ്ടായ അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്നാണ് അസം മുഖ്യമന്ത്രിക്കെതിരെ മിസോറാം പോലീസ് കേസെടുത്തത്.
അസം, മിസോറം അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷത്തില്‍ ആറ് അസം പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷം കണക്കിലെടുത്താണ് അസം മുഖ്യമന്ത്രിക്കെതിരെ മിസോറം പോലീസിന്റെ ഈ നടപടി.
മുഖ്യമന്ത്രിക്ക് പുറമെ അസം പൊലീസിലെ ഐജി അനുരാഗ് അഗര്‍വാള്‍, കച്ചര്‍ ഡിഐജി ദേവ്ജ്യോതി മുഖര്‍ജി, കച്ചര്‍ എസ്പി കാന്‍ദ്രകാന്ത് നിംബര്‍ക്കര്‍ ധോലയ് പൊലീസ് സ്റ്റേഷന് ഇന്‍ ചാര്‍ജ് സാഹബ് ഉദ്ദിന്‍, കച്ചര്‍ ഡപ്യൂട്ടി കമ്മിഷണര്‍ കീര്‍ത്തി ജല്ലി, കച്ചര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ സണ്ണിഡിയോ ചൗധരി എന്നിവരെയും പ്രതി ചേര്‍ത്ത് വധശ്രമം, കയ്യേറ്റംചെയ്യല്‍ തുടങ്ങിയ വകുപ്പുകള്‍ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേസില്‍ സംഘര്‍ഷ സമയത്തുണ്ടായിരുന്ന അസം പൊലീസിലെ തിരിച്ചറിയാത്ത 200 പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് മിസോറം ഐജിപി വ്യക്തമാക്കുന്നത്. എന്നാല്‍ അസം മുഖ്യമന്ത്രിയെ ഉള്‍പ്പെടെ പ്രതി ചേര്‍ത്ത മിസോറം സര്‍ക്കാരിന്റെ ഈ നടപടികള്‍ക്കെതിരെ അസം സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.