CinemaKerala NewsLatest News

ഷാജി എന്‍ കരുണിന് ഓര്‍മ്മപ്പിശകാണെങ്കില്‍ തനിക്ക് ഒന്നും പറയാനില്ല; വേദനിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്ന് കമല്‍

കൊച്ചി: അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ അവഗണിച്ചെന്ന ഷാജി എന്‍ കരുണിന്റെ വാദം തളളി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. സംസ്ഥാന സിനിമാ അവാര്‍ഡിന്റെ ചടങ്ങിനും ഐ എഫ് എഫ്‌ കെയുടെ ഉദ്ഘാടന ചടങ്ങിനും നേരിട്ടു പോയി അദ്ദേഹത്തെ ക്ഷണിച്ചതാണ്. ചലച്ചിത്ര അക്കാദമിയുടെ ആദ്യത്തെ ചെയര്‍മാന്‍ സാറാണ്. സാറിന്റെ സാന്നിദ്ധ്യം വേദിയില്‍ ഉണ്ടായിരിക്കണമെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നതായും കമല്‍ പറഞ്ഞു. അതിനു ശേഷം ഉദ്ഘാടന ദിവസം അടക്കം ആറു പ്രാവശ്യം ഷാജി എന്‍ കരുണിനെ ഫോണ്‍ ചെയ്‌തിരുന്നുവെന്നും കമല്‍ വ്യക്തമാക്കി.

സംസ്ഥാന അവാര്‍ഡ് വിതരണം ചെയ്യുന്ന ദിവസം അദ്ദേഹം തനിക്ക് വ്യക്തിപരമായി ഒരു മെയില്‍ അയച്ചിരുന്നു. ചലച്ചിത്ര അക്കാദമിയിലെ ചിലരുമായി അഭിപ്രായവ്യത്യാസമുണ്ട്. അതിനാല്‍ അക്കാദമിയിലെ പരിപാടിയില്‍ പങ്കെടുക്കില്ലയെന്നാണ് അതില്‍ പറഞ്ഞിരുന്നത്. ഇതിനു ശേഷം ഐ എഫ് എഫ്‌ കെ ഇരുപത്തിയഞ്ചാം വര്‍ഷമാണെന്നും ഇതിലെങ്കിലും പങ്കെടുക്കണമെന്നും ഷാജി എന്‍ കരുണിനോട് ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന് ഓര്‍മ്മപ്പിശകാണെങ്കില്‍ തനിക്ക് ഒന്നും പറയാനില്ല. അദ്ദേഹത്തെ ഒരുപാട് ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളാണ് താനെന്നും കമല്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

ആരെങ്കിലുമായും പ്രശ്‌നമുണ്ടെങ്കില്‍ മൊത്തത്തില്‍ ചലച്ചിത്ര അക്കാദമിയുടെ പ്രശ്‌നമാണെന്ന് പറയുന്നത് എത്രമാത്രം ശരിയാണെന്ന് അറിയില്ല. എന്തായാലും അദ്ദേഹത്തിന് വേദനിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു. ചലച്ചിത്ര അക്കാദമിയുടെ വാഹനത്തില്‍ നിന്നും പിറവി സിനിമ ഒഴിവാക്കിയതിനെ കുറിച്ച്‌ തനിക്കറിവില്ലെന്നും അദ്ദേഹം പറഞ്ഞു. ടൂറിംഗ് ടാക്കീസ് വണ്ടിയില്‍ നിന്നും താന്‍ വന്നതിന് ശേഷം സിനിമ ഒഴിവാക്കിയിട്ടില്ല. ഇതിനു മുമ്ബ് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ ഇപ്പോഴത്തെ ഭരണസമിതി ഉത്തരവാദികളാണെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തില്‍ നിന്നും ഷാജി എന്‍ കരുണ്‍ എന്ന ചലച്ചിത്രകാരനെ ഒഴിവാക്കാന്‍ പറ്റില്ല. ഏതെങ്കിലും കുബുദ്ധി വിചാരിച്ചാല്‍ അത് നടക്കുമോയെന്നും കമല്‍ ചോദിച്ചു.

സലിംകുമാറുമായി ഇന്നലെയും അരമണിക്കൂറോളം സംസാരിച്ചിരുന്നു. സലിംകുമാര്‍ വീണ്ടും വിവാദത്തില്‍ ഉറച്ചുനില്‍ക്കുന്നത് എന്തെങ്കിലും രാഷ്ട്രീയ ഉദ്ദേശമുളളതുകൊണ്ടാകും. ഒരിക്കലും അദ്ദേഹത്തെ ഒഴിവാക്കിയിട്ടില്ല. കൊച്ചിയിലെ ചലച്ചിത്ര പ്രവര്‍ത്തകരും സലിംകുമാറിന്റെ സുഹൃത്തുക്കളുമൊക്കെ തന്നെയാണ് പേരുകളൊക്കെ തയ്യാറാക്കിയത്. സലിംകുമാറിനെ വിളിച്ചിരുന്നുവെന്നും, വളരെ മോശമായാണ് പ്രതികരിച്ചതെന്നും ഇവിടത്തെ സംഘാടകസമിതിയിലുണ്ടായിരുന്നവര്‍ പറഞ്ഞതായി കമല്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button