
പ്രസിദ്ധ സിനിമാനടനും എംഎൻഎം അധ്യക്ഷനുമായ കമൽ ഹാസൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. സഭയിൽ തമിഴ് ഭാഷയിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചൊല്ലിയത്. പാര്‍ലമെന്റിലേക്കുള്ള തന്റെ പ്രവേശം അഭിമാനകരമാണെന്ന് കമല്‍ ഹാസന്‍ പ്രതികരിച്ചു. “നിരവധി കാര്യങ്ങൾ ഇപ്പോഴും ചെയ്യാനുണ്ട്,” എന്നും അദ്ദേഹം ചേർത്തു.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എംഎന്‍എം മത്സരത്തിൽ നിന്ന് വിട്ടുനിന്നിരുന്നുവെങ്കിലും, ഭരണകക്ഷിയായ ഡി.എം.കെയ്ക്ക് കമല്‍ ഹാസന്റെ പിന്തുണ ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് കമലഹാസന് ഡിഎംകെ പാർട്ടി രാജ്യസഭാ സീറ്റ് നൽകിയത്.
ഇതിനിടെ, ബീഹാറിലെ വോട്ടർ പട്ടിക വിവാദം, ഉപരാഷ്ട്രപതിയുടെ രാജി തുടങ്ങിയ വിഷയങ്ങൾ കാരണം പാർലമെന്റ് ഇന്നും ചർച്ച ചെയ്തു. ബീഹാർ വോട്ടർ പട്ടികയിൽ നിന്ന് 52 ലക്ഷം പേരെ പുറത്താക്കിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയതിനെതിരെ പ്രതിപക്ഷം കനത്ത പ്രതിഷേധം അറിയിച്ചു. ഇതിന്റെ ഭാഗമായി പ്രതിപക്ഷ എംപിമാർ സഭയുടെ നടുത്തളത്തിലിറങ്ങി. സഭയിൽ ആവേശം കനത്തതോടെ ലോക്സഭ ഇന്ന് രണ്ടുമണിവരെ പിരിഞ്ഞു. അതോടൊപ്പം, പ്രതിപക്ഷ ഇന്ത്യ സഖ്യം പാർലമെന്റ് കവാടത്തിന് മുന്നിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.
മുൻ ദിവസങ്ങളിലെപോലെ ഇന്നും പാർലമെന്ററി നടപടികൾ പൂര്‍ത്തിയാക്കാതെ സഭ പിരിയുകയാണ്. നാലുദിവസമായി തുടർച്ചയായി പ്രശ്നങ്ങൾ നിലനിൽക്കുന്ന പാർലമെന്റിൽ പ്രതിപക്ഷ- ഭരണകക്ഷി പോരാട്ടം തീവ്രമാവുകയാണ്.
Tag; Kamal Haasan takes oath as Rajya Sabha member