കുട്ടികളുടെ എണ്ണത്തിൽ കള്ളക്കണക്ക്; 155 അധ്യാപക തസ്തികകൾ തെറിക്കും.

വിദ്യാർഥികളുടെ എണ്ണം പെരുപ്പിച്ചു കാട്ടി പൊതു വിദ്യാലയങ്ങളിൽ അധ്യാപക തസ്തികകൾ കൂടുതലായി സൃഷ്ടിക്കാൻ ശ്രമം നടക്കുന്നതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ട്. വിദ്യാഭ്യാസ വകുപ്പിൻറെ സൂപ്പർ ചെക്ക് സെൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. കഴിഞ്ഞ അധ്യായന വർഷം പരിശോധിച്ച 178 സ്കൂളുകളിൽ 90ലും കുട്ടികളുടെ എണ്ണത്തിൽ ക്രമക്കേട് നടന്നെന്ന് കണ്ടെത്തി. ഇതിൽ 86 സ്കൂളുകളിലെ 155 അധ്യാപക തസ്തികകൾ റദ്ദാക്കണമെന്നു സെൽ ശുപാർശ നൽകി. ഈ 88 സ്കൂളുകളിൽ ഏഴെണ്ണം സർക്കാർ സ്കൂളുകളും 79 എണ്ണം എയ്ഡഡുമാണ്.
തിരുവനന്തപുരം മുതൽ എറണാകുളം വരെ പരിശോധന നടത്തിയ 54 സ്കൂളുകളിൽ 34 ഇടത്താണ് ക്രമക്കേട് കണ്ടെത്തിയത്. ഈ സ്കൂളുകളിലെ 69 തസ്തികകൾ റദ്ദാക്കണമെന്നാണ് ശുപാർശ. ഈ 34 സ്കൂളുകളിൽ 22 എണ്ണം തിരുവനന്തപുരത്താണ്. തൃശൂർ മുതൽ കാസർകോട് വരെയുള്ള 124 സ്കൂളുകളിൽ 54 ഇടത്താണ് ക്രമക്കേട്. ഇവിടങ്ങളിലെ 86 തസ്തികകൾ റദ്ദാക്കണമെന്നും സൂപ്പർ ചെക്ക് സെൽ ശുപാർശ ചെയ്തു.
ഒന്നു മുതൽ അഞ്ചു വരെ കുട്ടികൾ അധികമുണ്ടെന്ന് കാട്ടിയാണ് മിക്ക സ്കൂളുകളിലും ഡിവിഷൻ വർദ്ധിപ്പിച്ചത്. കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാട്ടി അഞ്ചു ഡിവിഷൻ വരെ വർദ്ധിപ്പിച്ച എയ്ഡഡ് സ്കൂളുകളുണ്ട്. ചില സർക്കാർ സ്കൂളുകളിൽ അഞ്ചു ഡിവിഷൻ വർദ്ധിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ചില സ്കൂളുകളിൽ 200ലേറെ കുട്ടികളുടേതു വ്യാജക്കണക്കാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. മിക്ക സ്കൂളുകളിലും ഡിവിഷൻ വർധിപ്പിച്ചത് ഒന്നു മുതൽ 5 വരെ കുട്ടികൾ അധികമുണ്ടെന്ന് അവകാശപ്പെട്ടാണ്.
അൺ എയ്ഡഡ്, സിബിഎസ്ഇ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ വ്യാജ ടിസി ഉപയോഗിച്ചു പ്രവേശനം നടത്തുക. തസ്തിക ലഭിച്ച ശേഷം ടിസി നൽകി കുട്ടികളെ മറ്റു സ്കൂളുകളിലേക്കു മാറ്റിയതായി രേഖയുണ്ടാക്കുക.അൺ എയ്ഡഡ്, സിബിഎസ്ഇ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ യുഐഡി ഉപയോഗിച്ചുള്ള കൃത്രിമങ്ങൾ,വിദ്യാലയങ്ങളിൽ ഹാജരാകാൻ കഴിയാത്ത ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ പേർ ഉൾപ്പെടുത്തൽ,പ്രൈവറ്റ് സ്റ്റഡി വിദ്യാർഥികളെ പട്ടികയിൽ ഉൾപ്പെടുത്തൽ,യുഐഡി പിന്നീടു ഹാജരാക്കുമെന്ന പ്രധാനാധ്യാപകന്റെ സത്യപ്രസ്താവനയോടെ കുട്ടികളുടെ പേരുകൾ ചേർക്കൽ തുടങ്ങിയവയാണ് പ്രധാന ക്രമക്കേടുകൾ
അധ്യാപന നിയമത്തിൽ ക്രമക്കേടുണ്ടെന്നുള്ള വാർത്തകൾ എല്ലാ വർഷവും തന്നെ പുറത്തുവരാറുണ്ട്.