ഐഫോണ്‍ വിവാദം;ഒന്നുകില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 1 കോടി നഷ്ടപരിഹാരം വേണം,ചെന്നിത്തല

തിരുവനന്തപുരം: രമേശ് ചെന്നിത്തലയ്ക്ക് നേരെ ഉയര്‍ന്ന ഐഫോണ്‍ വിവാദം കോടതി കയറുന്നു. തനിക്കെതിരെ ഉന്നയിച്ച ആരോപണത്തിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയായിണ് പ്രതിപക്ഷ നേതാവ്. ലൈഫ് മിഷന്റെ വടക്കാഞ്ചേരിയിലെ ഭവന നിര്‍മാണത്തിന്റെ നിര്‍മാണക്കരാര്‍ ലഭിച്ച യൂണിടാക് ബില്‍ഡേഴ്‌സിന്റെ എം.ഡി സന്തോഷ് ഈപ്പനെതിരെയാണ് ചെന്നിത്തല രംഗത്ത് എത്തിയിരിക്കുന്നത്.സന്തോഷ് ഈപ്പനെതിരെ ചെന്നിത്തല അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്.
സ്വപ്‌ന സുരേഷിന്റെ നിര്‍ദേശപ്രകാരം ചെന്നിത്തലയ്ക്ക് യുഎഇ കോണ്‍സുലേറ്റ് പരിപാടിക്കിടെ ഐഫോണ്‍ വാങ്ങി നല്‍കിയെന്നായിരുന്നു സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ പരാമര്‍ശിച്ചിരുന്നത്. ഇത് പിന്‍വലിച്ച് മാപ്പ് പറയണമെന്നും അല്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം എന്നുമാണ് ചെന്നിത്തലയുടെ വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്.സന്തോഷ് ഈപ്പൻ ഇത്തരത്തിൽ ഹർജിയിൽ എഴുതിയതിന് പിന്നിൽ സിപിഎം ആണെന്നും ചെന്നിത്തല ആരോപിക്കുന്നു.
ഐഫോൺ ആർക്കാണ് നൽകിയതെന്ന് കണ്ടെത്തുന്നത് വരെ പോരാടുമെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ ആരോപണങ്ങളും വസ്തുതാവിരുദ്ധമാണ്. രണ്ടാഴ്ചയ്ക്കകം ഈ പരാമർശം പിൻവലിച്ച് സന്തോഷ് ഈപ്പൻ മാപ്പ് പറയണം. മൂന്ന് പ്രമുഖ മാധ്യമങ്ങളിലൂടെയെങ്കിലും ഈ മാപ്പപേക്ഷ സംപ്രേഷണം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യണം. അതല്ലെങ്കിൽ നഷ്ടപരിഹാരമായി ഒരു കോടി രൂപ നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെടുന്നു. ഹൈക്കോടതിയിൽ സന്തോഷ് ഈപ്പൻ നൽകിയിരിക്കുന്ന ഹർജി തിരുത്തി പുതിയ സത്യവാങ്മൂലം നൽകണം. പ്രതിപക്ഷനേതാവിനെതിരെ ഉന്നയിച്ച ആരോപണം തെറ്റെന്ന് ബോധ്യപ്പെട്ടെന്ന് അതിൽ എഴുതണം. മുൻ അഡ്വക്കറ്റ് ജനറലായിരുന്ന അഡ്വ. ടി ആസഫലി വഴിയാണ് ഈ വക്കീൽ നോട്ടീസ് നൽകിയിരിക്കുന്നത്.