വവ്വാലുകളിൽ പുതിയ ഇനം കൊറോണ വൈറസുകളെ കണ്ടെത്തി
വാഷിങ്ടൻ: കൊറോണ വൈറസിന്റെ സാന്നിധ്യം വവ്വാലുകളിൽ കണ്ടെത്തിയെന്ന അവകാശ വാദവുമായി ചൈനീസ് ഗവേഷകർ. കോവിഡ്-19 വൈറസിനോടു ജനിതകമായി ഏറ്റവും അടുത്തു നിൽക്കുന്ന രണ്ടാമത്തെ വകഭേദമാണു വവ്വാലുകളിൽ കണ്ടെത്തിയതെന്നാണു റിപ്പോർട്ട്.
‘പലതരം വവ്വാലുകളിൽനിന്നു ഗവേഷകർ നോവൽ കൊറോണ വൈറസിന്റെ 24 ജീനോമുകളെ കൂട്ടി യോജിപ്പിച്ചു. ഇതിൽ സാർസ് കോവ്-2വിനു സമാനമായ നാല് കൊറോണ വൈറസ് അടങ്ങിയിരുന്നു. വനങ്ങളിൽ കാണപ്പെട്ട ചെറിയ വവ്വാലുകളിൽനിന്നു മേയ് 2019 മുതൽ നവംബർ 2020 വരെയുള്ള കാലയളവിനിടെയാണു സാംപിളുകൾ ശേഖരിച്ചത്.’- ഷാഡോങ് സർവകലാശാലയിലെ ഗവേഷക വിദ്യാർഥികൾ പറഞ്ഞു.
ജൂൺ 2020ൽ തായ്‌ലൻഡിൽനിന്നു ശേഖരിച്ച സാർസ് കോവ്-2 വൈറസ് സാംപിളുമായി താരതമ്യം ചെയ്യുമ്ബോൾ വവ്വാലുകൾക്കിടയിലെ വൈറസ് വ്യാപന സാധ്യത വ്യക്തമാകുമെന്നും ചില ഇടങ്ങളിൽ ഇതു വളരെ ഉയർന്ന തോതിൽ ആയിരിക്കുമെന്നും ഗവേഷകർ പറയുന്നു. നിലവിലെ കോവിഡ് വ്യാപനത്തിനു കാരണമായ വൈറസുകളോടു വളരെ സാദൃശ്യമുള്ള വൈറസിനെ ഇതിൽനിന്നു കണ്ടെത്താനായെന്നും ഗവേഷകർ പറയുന്നു.