ഐ ജി ശ്രീജിത്തിൽ വിശ്വാസമില്ലെന്നും, മാറ്റണമെന്നും ഇരയുടെ അമ്മ.

പോലീസ് പോക്സോ കുറ്റം ചുമത്തപ്പെട്ട കേസിൽ അനേഷണത്തിനു മേൽനോട്ടം വഹിക്കുന്ന ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥനിൽ വിശ്വാസമില്ലെന്നും, ഉദ്യോഗസ്ഥനെ മാറ്റണമെന്നും ആവശ്യപ്പെട്ട് ഇരയുടെ അമ്മ മുഖ്യമന്ത്രിക്ക് സങ്കട ഹർജി നൽകേണ്ട അവസ്ഥ. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നും അല്ല സ്ത്രീകളുടെയും, കുട്ടികളുടെയും സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ മുന്നിലാണെന്ന് കൊട്ടി ഘോഷിക്കുന്ന, ബഡായി തള്ള് നടത്തികൊണ്ടേയിരിക്കുന്ന പിണറായി ഭരിക്കുന്ന കേരളത്തിലാണീ ദുരവസ്ഥ.
പാലത്തായി പീഡനക്കേസിന്റെ മേൽനോട്ട ചുമതലയിൽനിന്ന് ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്തിനെ മാറ്റണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നു. ശ്രീജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണം തുടർന്നാൽ നീതികിട്ടുമെന്ന് കരുതുന്നില്ലെന്നും കേസിന്റെ മേൽനോട്ട ചുമതല വനിത ഐ.പി.എസ് ഉദ്യോഗസ്ഥയെ ഏൽപിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മജിസ്ട്രേറ്റ് മുമ്പാകെ 164 വകുപ്പ് പ്രകാരം പെൺകുട്ടി നൽകിയ രഹസ്യമൊഴി ഉൾപ്പെടെ പങ്കുവെക്കുന്ന ഫോൺ സംഭാഷണം ഐ.ജി ശ്രീജിത്തിന്റേതായി പുറത്തുവന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് മേധാവിക്കെതിരെ പെൺകുട്ടിയുടെ കുടുംബം രംഗത്തുവന്നിരിക്കുന്നത്.
കേസ് അന്വേഷണത്തിൽ നീതി വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പെൺകുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് നൽകുന്ന രണ്ടാമത്തെ നിവേദനമാണിത്. നേരത്തേ പാനൂർ പൊലീസിന്റെ അന്വേഷണത്തിൽ അതൃപ്തി രേഖപ്പെടുത്തി മാതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് കേസ് ലോക്കൽ പൊലീസിൽ നിന്ന് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. പാനൂർ പൊലീസ് ചെയ്തതിനേക്കാൾ ഗുരുതര ആരോപണമാണ് ക്രൈംബ്രാഞ്ചിനെതിരെ ഉണ്ടായിരിക്കുന്നത്. പ്രതിയെ രക്ഷപെടുത്താൻ പോലീസ് സഹായിക്കുന്നു എന്നതിന്റെ നഗ്നമായ തെളിവായിട്ടുവേണം കേസ് അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ ടെലിഫോൺ സംഭാക്ഷണത്തെ കാണാൻ. രണ്ടു മാസത്തോളമെടുത്ത് ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിനൊടുവിൽ ലോക്കൽ പൊലീസ് ചുമത്തിയ പോക്സോ വകുപ്പുകൾ തന്നെ ഇല്ലാതാക്കുകയായിരുന്നു. പോക്സോ വകുപ്പുകളിൽ കുറ്റം ചുമത്തപ്പെട്ട പ്രതികളെ രക്ഷപെടാൻ ഉപകരിക്കും വിധം നിലപാടെടുക്കുന്ന ഏതൊരു അന്വേഷണ ഉദ്യോഗസ്ഥന്റെ പേരിലും
ക്രിമിനൽ ചട്ടപ്പടി നടപടിയെടുക്കാൻ നിയമവും വ്യവസ്ഥയും നില നിൽക്കുന്ന രാജ്യത്താണ് കേസിന്റെ മേൽനോട്ട ചുമതല വഹിക്കുന്ന ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായിരിക്കുന്നത്.
ഇപ്പോൾ വെറും ദുർബലമായ ബാലനീതി നിയമപ്രകാരമുള്ള കുറ്റമാണ് ഏതാനും ദിവസം മുമ്പ് തലശ്ശേരി സെഷൻസ് കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ ബി.ജെ.പി നേതാവും അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങാട്ട് കുനിയിൽ പത്മരാജനെതിരെ ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. പോക്സോ ഒഴിവാക്കി കുറ്റപത്രം നൽകിയതിന്റെ തൊട്ടടുത്ത ദിവസം പ്രതിക്ക് ജാമ്യവും ലഭിക്കുകയായിരുന്നു. ഇതിനു പിറകെയാണ് പെൺകുട്ടിയുടെ മൊഴിയെ അവിശ്വസിക്കുന്ന തരത്തിൽ ഐ.ജി ശ്രീജിത്തിന്റെ ഫോൺ സംഭാഷണം പുറത്തുവരുന്നത്.