മുല്ലപ്പെരിയാറിനായി പാര്‍ലമെന്റില്‍ കത്തിക്കയറി കണ്ണന്താനം

ന്യൂഡല്‍ഹി: ലോക്‌സഭയിലും രാജ്യസഭയിലുമായി 29 അംഗങ്ങളെ എത്തിച്ച കേരളത്തിന് വേണ്ടി വാദിക്കാന്‍ രാജസ്ഥാനില്‍ നിന്നെത്തിയ മലയാളി എംപി. മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കാര്യകാരണങ്ങള്‍ സഹിതം പുതിയ അണക്കെട്ടിനായി വാദിച്ചത്. രാജ്യസഭയില്‍ കണ്ണന്താനത്തിന്റെ വികാരാധീനമായ പ്രസംഗം ഒരോ മലയാളിയുടെയും വികാരം പ്രകടിപ്പിക്കുന്നതരത്തിലായിരുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പുതിയ ഡാം നിര്‍മിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് കണ്ണന്താനം ആവശ്യപ്പെട്ടു.
സുര്‍ക്കി മിശ്രിതം ഉപയോഗിച്ച് നിര്‍മിച്ച മുല്ലപ്പെരിയാര്‍ അണക്കെട്ട് 35 ലക്ഷം മലയാളികളുടെ ജീവന് ഭീഷണിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘കാലു തൊട്ട് വന്ദിച്ച് ഓരോരുത്തരോടും അഭ്യര്‍ഥിക്കാന്‍ ഞാന്‍ തയ്യാറാണ്. ഞങ്ങള്‍ പുതിയ ഡാം നിര്‍മ്മിക്കാം. നിങ്ങള്‍ വെള്ളം കൊണ്ടു പോകൂ. മീന്‍ പിടിക്കൂ. വൈദ്യുതി ഉണ്ടാക്കൂ. 35 ലക്ഷം ജീവന്‍ മാത്രം ഞങ്ങള്‍ക്ക് മതി ‘- ഇതായിരുന്നു കണ്ണന്താനത്തിന്റെ പ്രസംഗത്തിലെ ഏറ്റവും പ്രസക്തമായ ഭാഗം.
‘ഇതൊരു സുര്‍ക്കി ഡാമാണ്. കോണ്‍ക്രീറ്റില്ല. കോണ്‍ക്രീറ്റില്ലാത്ത സുര്‍ക്കി ഡാം എങ്ങനെ 126 കൊല്ലത്തെ അതിജീവിക്കും. പറയൂ’ -ഇതായിരുന്നു ചോദ്യം. സുര്‍ക്കി ഡാം കേരളത്തിന്റെ അഞ്ചു ജില്ലകളെ തകര്‍ക്കും. അതുകൊണ്ടു പുതിയ ഡാം. താന്‍ 1979ല്‍ ആ മേഖലയിലെ സബ് കളക്ടറായിരുന്നപ്പോള്‍ പുതിയ ഡാം എന്ന ആവശ്യം തമിഴ്നാട് അംഗീകരിച്ചുവെന്ന് കണ്ണന്താനം പറയുന്നു. ഈ രേഖയും സഭയില്‍ വച്ചു. 1980ല്‍ ജലകമ്മീഷനും ഈ ആവശ്യം അംഗീകരിച്ചുവെന്ന് കണ്ണന്താനം പറഞ്ഞു.
കേസുകളില്‍ കേരളം തോറ്റിട്ടുണ്ടാകാം. എന്നാല്‍ കാലത്തിന്റെ ആവശ്യമാണ് പുതിയ ഡാം. ഇന്ത്യയാണ് പ്രധാനം. നമ്മള്‍ എല്ലാം ഇന്ത്യാക്കാരാണ്. ഈ വികാരത്തില്‍ മലയാളികളെ രക്ഷിക്കണം. ഹിരോഷിമയില്‍ ഒന്നര ലക്ഷം പേരാണ് ന്യൂക്ലിയര്‍ ബോംബില്‍ മരിച്ചത്. നാഗസാക്കിയില്‍ 75,000വും. മുല്ലപ്പെരിയാറില്‍ 35 ലക്ഷം പേരാണ് ഭീതിയിലുള്ളത്. ലോകം കണ്ട ഏറ്റവും വലിയ ദുരന്തമായി ഇത് മാറും. അതുകൊണ്ട് കേന്ദ്രം ഇടപെടണം. സഭയിലെ അംഗങ്ങളെല്ലാം കേരളത്തിന് വേണ്ടി ഒരുമിക്കണമെന്നും കണ്ണന്താനം ആവശ്യപ്പെട്ടു. നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ മുഖമുദ്ര.
കേരളത്തില്‍ വളര്‍ന്ന് ഷില്ലോംഗില്‍ പഠിച്ച ഐഎഎസുകാരനാണ് ഞാന്‍. ഇപ്പോള്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭ അംഗം. ഞാന്‍ വാദിക്കുന്നത് കേരളത്തിന് വേണ്ടിയും- വികാരങ്ങള്‍ മറിച്ചു വയ്ക്കാതെ കണ്ണന്താനം പറഞ്ഞു. തമിഴ്നാട്ടില്‍ നിന്നുള്ള അംഗങ്ങള്‍ തടസപ്പെടുത്തിയിട്ടും കണ്ണന്താനം വഴങ്ങിയില്ല. മുല്ലപ്പെരിയാറിലെ തന്റെ വാദങ്ങള്‍ കൃത്യമായി തന്നെ ഉന്നയിച്ചു. ഇത്രയും ശക്തമായി, യുക്തിഭദ്രമായി, ആത്മാര്‍ഥമായി മറ്റാരെങ്കിലും ഈ വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.
ഇതിന്റെ ഒരു അംശം ആത്മാര്‍ഥതയൊ കെ റെയിലിനു വേണ്ടിയുള്ള താത്പര്യമോ കേരളാ മുഖ്യമന്ത്രി കാണിച്ചിരുന്നെങ്കില്‍ ഈ പ്രശ്നത്തിനു ഒരു പരിഹാരം കണ്ടെത്താമായിരുന്നു. കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വലിയ കോഴ കൊടുത്തിട്ടുണ്ട് എന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പ്രസ്താവനയെ സാധൂകരിക്കുന്ന വിധത്തിലാണ് കേരളത്തിലെ രാഷ്ട്രീയക്കാരുടെ പ്രതികരണം ചെന്നു നില്‍ക്കുന്നതെന്നാണ് പൊതുജനങ്ങളുടെ അഭിപ്രായം.